വിദ്വേഷ പ്രസംഗക്കേസ്: ടി.ജി. മോഹൻദാസ്​ കസ്റ്റഡിയിൽ

Police conduct a search at BJP leader TG Mohandas’ residence in Ernakulam as part of an investigation into alleged hate speech and controversial remarks against protesters and women participants.

വിദ്വേഷ പ്രസംഗക്കേസ്: ടി.ജി. മോഹൻദാസ്​ കസ്റ്റഡിയിൽ
ടി.ജി. മോഹൻദാസ്​

കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ ആർ.എസ്.എസ്. സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

എറണാകുളം മട്ടാഞ്ചേരിയിൽ കൂവപ്പടത്തുള്ള വസതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസും കൊച്ചി പോലീസും സംയുക്തമായി പരിശോധന നടത്തിയത്.കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് സംഘം വീട്ടിലെത്തിയത്. വിവാദ വീഡിയോകൾ ചിത്രീകരിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതായാണ് വിവരം. കേസിലെ അന്വേഷണത്തിന് ആവശ്യമായ മറ്റ് രേഖകളും ഡിജിറ്റൽ വിവരങ്ങളും പോലീസ് പരിശോധിച്ചു.

ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ലക്ഷ്യമിട്ട് ടി.ജി. മോഹൻദാസ് നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളാണ് കേസിന് ആധാരം. പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലണമെന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ട ഏകദേശം 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പുറത്തുവിട്ടെന്നാണ് പരാതി. സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നതും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തത്. വീഡിയോയുടെ ഉള്ളടക്കം, അത് പ്രസിദ്ധീകരിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, ഡിജിറ്റൽ വിവരങ്ങൾ എന്നിവ പരിശോധിച്ച് കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ഭാരതീയ ന്യായ സംഹിതയിലെ ലഹളയുണ്ടാക്കാൻ ആഹ്വാനം ചെയ്യൽ ഉൾപ്പെടെയുള്ള വകുപ്പുകൾ, പൊതുജനമധ്യത്തിൽ ഭീതി പരത്തുന്ന തരത്തിലുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട വകുപ്പുകൾ, ഐ.ടി. ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കേസിൽ പോലീസ് ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകൾ തുടർ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

വീട്ടിലെ പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെ പിടിച്ചെടുത്തതോ പരിശോധിച്ചതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള വിവരങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. വിവാദ വീഡിയോയുടെ ഉറവിടം, പ്രസിദ്ധീകരിച്ച സാഹചര്യം, അതിന്റെ പ്രചാരണം എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

പ്രതിഷേധിക്കുന്നവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയെന്ന ആരോപണം ഉയർന്നതോടെ സംഭവം രാഷ്ട്രീയ-സാമൂഹിക തലങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. കേസിലെ തുടർനടപടികൾക്കായി പോലീസ് ഡിജിറ്റൽ പരിശോധനാ ഫലങ്ങളും മറ്റ് തെളിവുകളും വിലയിരുത്തും. കേസ് റജിസ്റ്റർ ചെയ്ത് പത്തു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടികൾ ഉണ്ടാവാതിരുന്നതിൽ ഏറെ വിമർശനം ഉയർന്നിരുന്നു. പ്രസ്താവനങ്ങൾ വിവാദമായതിനു പിന്നാലെ മോഹൻദാസിനെ തള്ളി ആർഎസ്എസ് രംഗത്തെത്തിയിരുന്നു.