ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; ജയിൽ മേധാവിയാകും

Kerala Police Shake-Up: ADGP S Sreejith Promoted to DGP Rank; Yogesh Gupta Named BEVCO MD

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; ജയിൽ മേധാവിയാകും
എസ്. ശ്രീജിത്

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്തിനെ ഡി.ജി.പിയായി ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്ഥാനക്കയറ്റത്തോടെ അദ്ദേഹത്തെ പുതിയ ജയിൽ ഡി.ജി.പിയായി നിയമിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഡി.ജി.പി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്കാണ് പുതിയ പ്രൊമോഷൻ. നിതിൻ അഗർവാളിന് തൊട്ടടുത്ത സീനിയറായ സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തസ്തികയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന തൊട്ടടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

മറ്റ് പ്രധാന മാറ്റങ്ങൾ:

  • ബെവ്‌കോ എം.ഡി: എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ ബെവ്‌കോ (BEVCO) എം.ഡിയായി നിയമിക്കാൻ തീരുമാനിച്ചു. മുൻപും ദീർഘകാലം ബെവ്‌കോ എം.ഡിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.ആർ. അജിത് കുമാറിന്റെ സസ്‌പെൻഷനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് ഈ നിയമനം.

  • ഫയർഫോഴ്‌സ് മേധാവി: എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യയ പുതിയ ഫയർഫോഴ്‌സ് മേധാവിയാകും.