പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ നീക്കം

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വാടക ബസുകൾ ഉൾപ്പെടെ നിരവധി നിർണായക നിർദേശങ്ങളുമായി വിദഗ്ധസമിതി.

Sep 03, 2026 - 11:03
0
പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ നീക്കം

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി പുതിയ നീക്കവുമായി സർക്കാർ.പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി മുന്നോട്ടുവെച്ച ശുപാർശ സ്വാഗതാർഹമാണെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട നിരക്കിന്റെ കാര്യത്തിൽ ബസുടമകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രതിസന്ധി പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും പദ്ധതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളാണ് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദീർഘദൂര സർവീസുകൾക്കായി സ്വകാര്യ ആഡംബര ബസുകൾ വാടകയ്ക്ക് എടുത്തതിന്റെ മാതൃകയിൽ ഹ്രസ്വദൂര പാതകളിലും വാടക ബസുകൾ ഉപയോഗിക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക നിശ്ചയിക്കുക. രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒരു സ്വകാര്യ വാടക ബസ് എന്ന അനുപാതത്തിലാണ് സർവീസ് നടത്താൻ സമിതി നിർദേശിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിനായി സമഗ്ര ഗതാഗതനയം രൂപീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തു. 

ഒപ്പം, മറ്റ് പല നിർണായക ശുപാർശകളും വിദഗ്ധസമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. സ്വകാര്യ ബസുകളുമായി നേരിട്ട് മത്സരിക്കുന്ന മേഖലകളിലെ പ്രിയദർശിനി സർവീസുകളുടെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണമെന്നും ഇതിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരെ ചുമതലപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. സ്വകാര്യ ബസ് സർവീസുകൾക്ക് എം.എസ്.എം.ഇ. പദവി നൽകിക്കൊണ്ട് വ്യവസായമായി പ്രഖ്യാപിക്കണമെന്നും ഇതുവഴി ബാങ്ക് വായ്പയും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്നും ശുപാർശയിലുണ്ട്. നിലവിലെ ത്രൈമാസ റോഡ് നികുതിക്ക് പകരം മാസാടിസ്ഥാനത്തിൽ നികുതി അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

ബസുകളുടെ പ്രവർത്തനകാലാവധി നിലവിലെ 22 വർഷത്തിൽ നിന്ന് 25 വർഷമായി ഉയർത്തണമെന്നും ഇതിലൂടെ സംസ്ഥാനത്തെ ഏകദേശം 1,500 സ്വകാര്യ ബസുകൾക്ക് പ്രയോജനം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ആർ.ടി.സി. പമ്പുകളിൽ നിന്ന് കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകൾക്ക് ഡീസൽ ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തുന്നതിനുള്ള പെർമിറ്റ് നടപടികൾ ലഘൂകരിച്ച് ഓൺലൈനാക്കണം. ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്നും ഓരോ തവണയും പരസ്യം മാറ്റുന്നതിന് പ്രത്യേക അനുമതി നിർബന്ധമാക്കരുതെന്നും സമിതി ശുപാർശ ചെയ്തു. സ്വകാര്യ ബസുകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സ്റ്റേറ്റ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും ക്ഷേമനിധി വിഹിതം നിലവിലെ മൂന്ന് ജീവനക്കാർക്ക് പകരം രണ്ട് തൊഴിലാളികൾക്കായി നിജപ്പെടുത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User