മഴക്കെടുതി രൂക്ഷം; കോട്ടയം, ഇടുക്കി, പത്തനംതിട്ട കളക്ടര്‍മാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം
district collectors of Kottayam, Idukki, and Pathanamthitta to remain on high alert and respond swiftly to any emergency as heavy rains continue across the state
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കാറ്റ് എന്നിവ മൂലം അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൂര്‍ണ സജ്ജരാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മഴക്കെടുതി സാഹചര്യം വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും പ്രത്യേക അവലോകന യോഗം ചേര്‍ന്നു. ദുരിതബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്. അതിതീവ്ര മഴ, ശക്തമായ കാറ്റ്, നദികളിലെ ജലനിരപ്പ് ഉയരല്‍ എന്നിവ കണക്കിലെടുത്ത് അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ വിവിധ നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ നദികളിലിറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് ദുരന്തനിവാരണ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. നദീതീരങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമായാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ചില ജില്ലകളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴയുടെ ശക്തി കുറയുന്നതുവരെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം പിന്തുടരുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.