ഷെയർ പിരിവിന് പിന്നാലെ കോളേജില്ല; ഇരിട്ടിയിൽ സിപിഎം നേതാക്കൾക്കെതിരെ നിക്ഷേപകരുടെ പരാതി
കോളേജ് നിർമ്മാണത്തിനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയും ഭൂമിയും സമാഹരിച്ചെന്ന പരാതിയിൽ ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ള നിക്ഷേപകർ രംഗത്ത്.
കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിനെതിരെ വീണ്ടും ഗുരുതരമായ ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുകയാണ്. കോളേജ് നിർമ്മാണത്തിനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയും ഭൂമിയും സമാഹരിച്ച് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ഇരിട്ടിയിൽ ‘നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി’ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സൊസൈറ്റിയുടെ ഭാരവാഹികളിൽ ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളും ഉൾപ്പെടുന്നതായാണ് ആരോപണം. പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു ഐക്യവേദി ഭാരവാഹിയായ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘പ്രഗതി’ ട്യൂട്ടോറിയൽ പാരലൽ കോളേജിന് ബദലായി, സിപിഎം നിയന്ത്രണത്തിൽ മലയോര മേഖലയിൽ ഒരു കോളേജ് ആരംഭിക്കണമെന്ന ആശയത്തിന്റെ ഭാഗമായാണ് 2015ൽ സൊസൈറ്റി രൂപീകരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. എല്ലാ അംഗീകാരങ്ങളോടും കൂടി സ്വാശ്രയ സെൽഫ് ഫിനാൻസിങ് കോളേജ് ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് എ, ബി, സി, ഡി, ഇ വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപ മുതൽ 1000 രൂപ വരെയുള്ള ഓഹരികൾ സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നടക്കം പിരിച്ചെന്നും ആറായിരത്തിലധികം രസീതുകളിലായി വൻതുക സ്വീകരിച്ചെന്നും നിക്ഷേപകർ ആരോപിക്കുന്നു. 2017ൽ സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് കോളേജ് ആരംഭിക്കുന്നതിനുള്ള തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം.
ഇതോടെയാണ് നിക്ഷേപകരായ പാർട്ടി പ്രവർത്തകർ പണം തിരികെ നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സൊസൈറ്റിയുടെ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ഭാരവാഹികളുടെ വിശദീകരണമെങ്കിലും ഭൂമി എവിടെയാണെന്നതടക്കമുള്ള കൃത്യമായ വിവരങ്ങളും രേഖകളും നിക്ഷേപകർക്ക് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ആരോപണം. മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ തോമസ് ജോസഫ് ഉൾപ്പെടെയുള്ള നിക്ഷേപകരാണ് പരാതിയുമായി രംഗത്തെത്തിയത്. 2016ൽ 25,000 രൂപ നിക്ഷേപിച്ച തനിക്ക് ഷെയർ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പിന്നീട് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് തോമസ് ജോസഫിന്റെ ആരോപണം. ആയിരത്തിലധികം നിക്ഷേപകർ ഒപ്പിട്ട പരാതി, ഷെയർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതം സിപിഎം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം, നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണത്തിന് തുല്യമോ അതിലധികമോ മൂല്യമുള്ള ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഭൂമിയുടെ കൃത്യമായ രേഖകൾ നിക്ഷേപകർക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് ആവശ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)