ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ വിചാരണ; ഇന്ത്യാ മുന്നണിയുടെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക വിചാരണ നടത്തിയ ഇന്ത്യാ മുന്നണി, SIR വഴി 13 കോടി വോട്ടർമാരെ പുറത്താക്കിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നു.

Nov 01, 2026 - 10:08
Updated: 2 hours ago
0
ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ വിചാരണ; ഇന്ത്യാ മുന്നണിയുടെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്

രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പിടിച്ച് പുറത്താക്കി കളഞ്ഞിട്ടുണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തിന് അതിനുള്ള അധികാരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് മറുപടി. പ്രതിപക്ഷത്തിന് അത് സാധ്യവുമല്ല. ഇന്ത്യൻ പാർലമെന്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വോട്ട് ചെയ്ത് വേണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ. പക്ഷേ, ഗ്യാനേഷിനെ ചേർത്തുപിടിക്കുന്ന മോദിയുടെയും അമിത് ഷായുടെയും ഭരണത്തിൽ നിലവിൽ അത് നടക്കില്ല. ഏഴ് മാസം മുൻപ് പ്രതിപക്ഷം നൽകിയ ഇംപീച്ച്‌മെന്റ് നോട്ടീസ് അവഗണിച്ചുകളയുകയാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ചെയ്തത് എന്നോർക്കണം. അപ്പോൾ പിന്നെ എന്താണ് രാജ്യത്തെ പ്രതിപക്ഷത്തിന് ചെയ്യാനാവുക? അവിടെയാണ് പ്രതീകാത്മക വിചാരണ നടത്തി ഗ്യാനേഷിനെ പ്രതിപക്ഷം ഇംപീച്ച് ചെയ്തിരിക്കുന്നത്. അതിന് നിയമസാധുത ഒന്നും ഇല്ല. പക്ഷേ, രാജ്യത്തെ നല്ലൊരു വിഭാഗം ജനതയുടെ ആഗ്രഹമാണ് കോൺഗ്രസും സഖ്യകക്ഷികളും കൂടി ഇന്നലെ ചെയ്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ഇനിയും കടിച്ചുതൂങ്ങാം, പക്ഷേ നിങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു മിസ്റ്റർ ഗ്യാനേഷ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ നടന്ന പ്രതിഷേധ സമരം ഇന്ത്യൻ രാഷ്ട്രീയത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തുമെന്നതിൽ തർക്കമില്ല. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഇന്ത്യാ മുന്നണി തുടങ്ങിവെച്ച സമരം അങ്ങനെ പുതിയ ദിശയിൽ എത്തിയിരിക്കുകയാണ്. പാർലമെന്റിലെ 250 ഓളം അംഗങ്ങളും മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ള പൗരപ്രമുഖരും എല്ലാം നിറഞ്ഞ വേദിയിലാണ് ഗ്യാനേഷിനെ പ്രതീകാത്മക വിചാരണ നടത്തിയിരിക്കുന്നത്. അത് അത്ര നിസാരകാര്യമല്ല. ഇന്ത്യൻ പൊതുസമൂഹത്തിന്റെ പരിച്ഛേദം തെരഞ്ഞെടുപ്പ് കമ്മീഷനിൽ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്.

ഖാർഗെയുടെ വസതിയിലെ പുൽത്തകിടിയിൽ ലോക്‌സഭയുടെ മാതൃകയിൽ തയ്യാറാക്കിയ വേദിയിൽ അംഗങ്ങളെല്ലാം നിരന്നിരുന്നപ്പോൾ സഭാ സമ്മേളനത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഖാർഗെ ആറ് കുറ്റങ്ങൾ ചുമത്തി ഗ്യാനേഷിനെതിരായ പ്രമേയം അവതരിപ്പിച്ചു. പിന്നീട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഊഴമായിരുന്നു. അദ്ദേഹം ഗ്യാനേഷിനെ വിചാരണ ചെയ്ത് രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടി.

അതിൽ രാഹുൽ ഉന്നയിച്ച ഒരു വിഷയം വളരെ പ്രസക്തമാണ്. രാജ്യം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുമാണ്. SIR പ്രക്രിയയിലൂടെ നിലവിൽ 13 കോടി വോട്ടർമാർ രാജ്യത്ത് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നു. അത് സംഭവിച്ചത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ്. നിയമവിരുദ്ധ വോട്ടർമാർ എന്ന് വിലയിരുത്തിയാണ് അവരെ ഒഴിവാക്കിയത്. പക്ഷേ, പുറത്തായ ഈ 13 കോടി പേരും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണ്. അവിടെയാണ് രാഹുൽ ഉയർത്തുന്ന ചോദ്യം ഒരുപോലെ മോദിയുടെയും ഷായുടെയും ഗ്യാനേഷിന്റെയും നെഞ്ചിൽ തറയ്ക്കുന്നത്. നിയമവിരുദ്ധരായ 13 കോടി പേർ വോട്ട് ചെയ്ത ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമവിരുദ്ധമല്ലേ എന്നാണ് ആ ചോദ്യം.

അത് സിംപിൾ ലോജിക് ആണ്. ഒന്നുകിൽ ഈ 13 കോടി വോട്ടർമാരും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസാധുത ഉള്ളതാണെന്ന് പറയുക, അല്ലെങ്കിൽ രണ്ടും നിയമവിരുദ്ധമാണെന്ന് പറയുക. അതേ സാധ്യമാകൂ. 13 കോടി വോട്ടർമാർ നിയമവിരുദ്ധരാണെന്ന് ഇപ്പോൾ പറയുന്ന നിങ്ങൾക്ക് അതേസമയം 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമസാധുത ഉള്ളതെന്ന് അവകാശപ്പെടാനാകില്ല. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനും അവരെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാരും മറുപടി പറയേണ്ട വിഷയം തന്നെയാണ്.

ഇവിടെ രാഹുൽ ഗാന്ധി കാണിച്ചിരിക്കുന്ന ആർജവമാണ് എടുത്തുപറയേണ്ടത്. 13 കോടി വോട്ടർമാർ നിയമവിരുദ്ധരാണെങ്കിൽ ഞാൻ ഉൾപ്പെടെയുള്ള ലോക്‌സഭാംഗങ്ങൾ നിയമസാധുത ഇല്ലാത്തവരാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് രാഹുൽ ചെയ്തിരിക്കുന്നത്. രാജ്യത്തെ 15 ശതമാനത്തോളം വരുന്ന വോട്ടർമാരെ നിയമവിരുദ്ധരെന്ന് മുദ്രകുത്താൻ സമ്മതിക്കില്ലെന്ന ഉറച്ച പ്രഖ്യാപനം. അവിടെയാണ് SIR ഒന്നാംതരം അട്ടിമറിയാണെന്ന തങ്ങളുടെ ആരോപണത്തിന് പ്രതിപക്ഷം മൂർച്ച കൂട്ടുന്നത്.

മിസ്റ്റർ ഗ്യാനേഷ്, നിങ്ങളെ രക്ഷപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന് പിന്നിൽ ഒളിക്കാൻ നിങ്ങളെ സമ്മതിക്കില്ല. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികകാലം നിങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല. ഗ്യാനേഷ് പദവിയിൽ തുടരില്ലെന്ന് ഉറപ്പിക്കാൻ ശക്തമായ തെളിവുകൾ പുറത്തുവിടും. അതിനുശേഷവും ഗ്യാനേഷിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ബിജെപിയുടെ കളികൾ എല്ലാവർക്കും മനസിലാകും. ഇതാണ് രാഹുൽ നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ.

ഈ ഇംപീച്ച്‌മെന്റ് ഒരു തുടക്കം മാത്രമാണ്. ഇന്ന് രാംലീല മൈതാനിയിൽ ലക്ഷങ്ങളെ അണിനിരത്തിയുള്ള മെഗാറാലി നടക്കുകയാണ്. കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉൾപ്പെടെ അണിനിരക്കുന്ന റാലി. ജനാധിപത്യം ആക്രമിക്കപ്പെടുമ്പോൾ നിശബ്ദനായിരിക്കാൻ ആകില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രാത്രിയിൽ തന്നെ ദില്ലിക്ക് പുറപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുകയാണ്. ഈ ധർമസമരത്തിൽ തന്നോടൊപ്പം അണിനിരക്കാനുള്ള രാഹുലിന്റെ ആഹ്വാനം ജനം സ്വീകരിച്ചുകഴിഞ്ഞു. ഇന്ന് രാജ്യതലസ്ഥാനം അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരമായി മാറും. ആ ജനവികാരത്തിന്റെ കുത്തൊഴുക്കിൽ മോദിയും ഷായും ഗ്യാനേഷും കടപുഴകുമെന്നതിൽ തർക്കമില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User