മറയൂരിൽ എട്ടു വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു; തെറിച്ചുവീണത് 20 മീറ്റർ ദൂരത്തേക്ക്: ഗുരുതര പരുക്ക്

Wild gaur attacks 8-year-old boy in Marayoor; flung 20 meters away, suffers severe injurie

Jul 24, 2026 - 14:19
0
മറയൂരിൽ എട്ടു വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു; തെറിച്ചുവീണത് 20 മീറ്റർ ദൂരത്തേക്ക്: ഗുരുതര പരുക്ക്
ഫയൽ ചിത്രം

മറയൂർ (ഇടുക്കി): സ്കൂളിൽ പോകാൻ വീടിനു സമീപം ഓട്ടോറിക്ഷ കാത്തുനിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കൊമ്പിൽ തൂക്കിയെറിഞ്ഞു. അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥി ചികിത്സയിൽ. ഇന്നലെ രാവിലെ 8നു മറയൂർ പള്ളനാട് ഭാഗത്താണു സംഭവം. പള്ളനാട് സ്വദേശി രഞ്ജിത്തിന്റെ മകൻ കാർത്തിക് പാണ്ഡിക്കാണു പരുക്കേറ്റത്. പള്ളനാട് എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

 മറയൂർ–മൂന്നാർ സംസ്ഥാന പാതയിലെ പള്ളനാട് ഭാഗത്തെത്തി ഓട്ടോയിലാണു കാർത്തിക് പതിവായി സ്കൂളിൽ പോകുന്നത്. ഇന്നലെ ഓട്ടോയ്ക്കായി കാത്തുനിൽക്കുമ്പോൾ സമീപത്തെ ചന്ദനക്കാട്ടിൽനിന്നു കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉച്ചത്തിൽ നിലവിളിച്ചതോടെ കാർത്തിക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് കൊമ്പിൽ തൂക്കി എറിഞ്ഞു. 20 മീറ്ററോളം അകലെ വീണ കാർത്തിക്കിനു തോളെല്ലിനും കൈക്കും പരുക്കേറ്റു. ഓടിക്കൂടിയ പ്രദേശവാസികൾ കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അടിമാലി താലൂക്കാശുപത്രിയിലും അവിടെനിന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയ പൂർത്തിയായെന്നും കാർത്തിക് അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വിദഗ്ധ ചികിത്സ ലഭ്യമാകുന്നതു വരെ കാർത്തിക് വേദന സഹിച്ചത് 4 മണിക്കൂറിലധികം. ആംബുലൻസിൽ സഞ്ചരിച്ചത് ഏകദേശം 150 കിലോമീറ്റർ! മാറി വരുന്ന സർക്കാരുകൾ വന്യമൃഗശല്യം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിലും ആരോഗ്യ മേഖലയെങ്കിലും മെച്ചപ്പെടുത്തണം എന്നാണ് ഇടുക്കിയുടെ ആവശ്യം. ജില്ലയിൽ വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ മേഖലകളിൽ ഒന്നായ മറയൂരിൽ ഒരാൾ ആക്രമണം നേരിട്ടാൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം 70 കിലോമീറ്റർ അകലെയുള്ള അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കും. പരുക്ക് ഗുരുതരമാണെങ്കിൽ എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളജിലേക്കോ മാറ്റുകയാണു പതിവ്. ഇടുക്കി മെഡിക്കൽ കോളജിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവിടെ പ്രവേശിപ്പിക്കാറില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User