ശനി ദശ കടന്ന് മെക്‌സിക്കൊ; ആവേശത്തിരയില്‍ ആസ്റ്റെക്ക

Jul 01, 2026 - 16:13
Updated: 1 month ago
0
ശനി ദശ കടന്ന് മെക്‌സിക്കൊ; ആവേശത്തിരയില്‍ ആസ്റ്റെക്ക

ക്വിന്റൊ പാര്‍ട്ടിഡോയാണ് മെക്‌സിക്കന്‍ ഫുട്‌ബോളിന്റെ ശാപം. അഞ്ചാം മത്സരത്തിന്റെ ശനിദശ. നാലാം കടമ്പയില്‍ അവര്‍ തുടരെ വീണു. എന്നാല്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഓര്‍മകളുള്ള ആസ്‌റ്റെക്ക സ്‌റ്റേഡിയം എന്ന അള്‍ത്താരയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ അവര്‍ ശാപമോക്ഷം നേടി. ഈ ലോകകപ്പിലെ തങ്ങളുടെ നാലാമത്തെ കളിയില്‍ ഇക്വഡോറിനെ തോല്‍പിച്ച് മെക്‌സിക്കൊ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി.  ലോകകപ്പുകളില്‍ ആദ്യ നോക്കൗട്ട് ഘട്ടത്തില്‍ കാലിടറുന്നതാണ് മെക്‌സിക്കോയുടെ രീതി. ഇത്തവണ അവര്‍ ആ കടമ്പ കടന്നു. എസ്റ്റേഡിയൊ ആസ്റ്റെക്കയിലെ തിങ്ങിനിറഞ്ഞ ഒരു ലക്ഷത്തോളം ആവേശോജ്വലമായ കാണികള്‍ക്കു മുന്നില്‍, അവര്‍ ഒരുക്കിയ താളമേളങ്ങളുടെയും മെക്‌സിക്കന്‍ തിരമാലകളുടെയും പശ്ചാത്തലം കളിക്കാര്‍ക്ക് ആവേശം പകര്‍ന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയെ അട്ടിമറിച്ച ഇക്വഡോറിന് മെക്‌സിക്കന്‍ തിരമാലകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സ്വന്തം മണ്ണില്‍ ഈ ലോകകപ്പ് അവിസ്മരണീയ അനുഭവമാവുകയാണ് അവര്‍ക്ക്. 

ലോകകപ്പിലെ ഏറ്റവും ചരിത്രമുള്ള സ്റ്റേഡിയമാണ് അസ്റ്റെക്ക. 1970ല്‍ പെലെയും എക്കാലത്തെയും മികച്ച ബ്രസീല്‍ ടീമും ലോകകപ്പ് നേടുന്നതിന് സാക്ഷിയായ അസ്റ്റെക്കയിലാണ് 1986ല്‍ ഇംഗ്ലണ്ടിനെതിരെ ഡിയേഗൊ മറഡോണയുടെ അവിസ്മരണീയമായ രണ്ട് ഗോള്‍ പിറന്നത്. മറഡോണയുടെ അര്‍ജന്റീന ലോക ചാമ്പ്യന്മാരായതും ഈ കളിക്കളത്തിലാണ്. അതേ സ്റ്റേഡിയം തലമുറകളായി മെക്‌സിക്കോയിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തുനിന്ന നിമിഷത്തിന് വേദിയായി. 
തുടക്കം മുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു ഗാലറിയിലെ കാഴ്ചകള്‍. കാലാവസ്ഥ കാരണം കളി വൈകിയത് നാടകീയതക്ക് ആക്കം കൂട്ടി. ആദ്യ വിസില്‍ മുഴങ്ങിയതും മെക്‌സിക്കൊ കളിയുടെ കടിഞ്ഞാണേറ്റെടുത്തു. 22ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച യൂലിയന്‍ ക്വിനോനസ് ഇക്വഡോര്‍ പ്രതിരോധത്തെ ഒന്നൊന്നായി മറികടന്ന് ശാന്തമായി പായിച്ച ഷോട്ട് ഗോളിയെയും കടന്ന് വലയിലേക്ക് ഊളിയിട്ടപ്പോള്‍ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു.പത്തു മിനിറ്റിനു ശേഷം വെറ്ററന്‍ സ്‌ട്രൈക്കര്‍ റൗണ്‍ ജിമിനേസ് ലീഡുയര്‍ത്തി. പ്രതിരോധപ്പിഴവില്‍ നിന്ന് പന്ത് വീണുകിട്ടിയപ്പോള്‍ ഇടിമുഴക്കം പോലെ ആ ബൂട്ടില്‍നിന്ന് തീ പറന്നു. ഇടവേളക്കു ശേഷം ഇക്വഡോര്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മെക്‌സിക്കൊ ഉറച്ചുനിന്നു. പതിനേഴുകാരനായ മിഡ്ഫീല്‍ഡ് സെന്‍സേഷന്‍ ഗില്‍ബര്‍ടൊ മോറയുടെ പ്രകടനം മെക്‌സിക്കോക്ക് ഇരട്ടിമധുരമായി. പ്രായത്തെ മറികടന്ന ആത്മവിശ്വാസത്തോടെയാണ് മോറ ലോകകപ്പിന്റെ വമ്പന്‍ വേദിയില്‍ നിറഞ്ഞുനിന്നത്. കളിയുടെ വേഗം നിയന്ത്രിച്ച മോറ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. ജര്‍മനിയും നെതര്‍ലാന്റ്‌സും സ്വീഡനുമൊക്കെ ആദ്യ നോക്കൗട്ട് ഘട്ടത്തില്‍ കെട്ടുകെട്ടിയതോടെ മെക്‌സിക്കോയുടെ മുന്നേറ്റം ഇവിടെ നില്‍ക്കാന്‍ സാധ്യതയില്ല. മിക്കവാറും ഇംഗ്ലണ്ടായിരിക്കാം പ്രി ക്വാര്‍ട്ടറില്‍ മെക്‌സിക്കോയുടെ എതിരാളികള്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User