എന്താണ് പെട്ടെന്ന് പാക്കിസ്ഥാന്‍ പ്രേമം? ദുരൂഹമായി ആര്‍.എസ്.എസ് നീക്കം

Jul 01, 2026 - 16:01
0
എന്താണ് പെട്ടെന്ന് പാക്കിസ്ഥാന്‍ പ്രേമം? ദുരൂഹമായി ആര്‍.എസ്.എസ് നീക്കം

ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ് പാക്കിസ്ഥാന്‍ എന്നാണ് ദശകങ്ങളായി ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാട്. അവരുമായി ക്രിക്കറ്റ് പോലും കളിക്കരുതെന്നാണ് അവരുടെ ശാഠ്യം. മുംബൈ മുതല്‍ പുല്‍വാമ കടന്ന് പഹല്‍ഗാം വരെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ധാരണ അവര്‍ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഭീകരത അവസാനിപ്പിക്കുന്നതുവരെ പാക്കിസ്ഥാന് വെള്ളം പോലും വിട്ടുകൊടുക്കില്ലെന്നാണ് സംഘപരിവാര്‍ വാദിച്ചു കൊണ്ടിരുന്നത്. പാക്കിസ്ഥാനോട് ഒരു അനുരഞ്ജനവും ഇല്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് പൊടുന്നനെ സംഘപരിവാര്‍ മനസ് മാറ്റുന്നത്?

സീനിയര്‍ ആര്‍.എസ്.എസ് നേതാവും മുന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ രാം മാധവിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനുമായി അനൗദ്യോഗിക നയതന്ത്ര സംഭാഷണങ്ങള്‍ തുടങ്ങി എന്ന റിപ്പോര്‍ട്ടാണ് ഊഹാപോഹങ്ങള്‍ ശക്തമാക്കിയത്. പാക്കിസ്ഥാനി, ഇന്ത്യന്‍ പ്രതിനിധികളും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമൊക്കെ പങ്കെടുത്ത ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിക്കിടെയായിരുന്നു റാം മാധവിന്റെ കൂടിക്കാഴ്ച. ഇത് അനൗദ്യോഗിക നയതന്ത്ര നീക്കമാണെന്ന റിപ്പോര്‍ട്ട് രാം മാധവ് ശക്തമായി നിഷേധിക്കുകയാണ്. ബഹുരാഷ്ട്ര ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ മാത്രമാണ് താന്‍ ശ്രീലങ്കയില്‍ വന്നതെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ സ്വരം മാറ്റം പൊടുന്നനെ ആരംഭിച്ചതല്ല. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തന്നെയാണ് അത് തുടങ്ങി വെച്ചത്.

പാക്കിസ്ഥാനിലെ ഭരണാധികാരികളെയും സാമാന്യ ജനങ്ങളെയും വേര്‍തിരിച്ചു കാണണമെന്ന അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവന നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒരേ സാംസ്‌കാരിക പാരമ്പര്യമുള്ളവരാണ്. മേഖലയില്‍ നിത്യസമാധാനത്തിന് ഇരു രാജ്യങ്ങളും സഹകരിക്കേണ്ടത് അനിവാര്യമാണ്. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം സാധാരണ ജനങ്ങള്‍ക്കെതിരല്ല-അദ്ദേഹം പറഞ്ഞു. ഇത് മറ്റൊരു സീനിയര്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെ ഏറ്റുപിടിച്ചു. പാക്കിസ്ഥാനു മുന്നില്‍ ഇന്ത്യ വാതിലുകള്‍ കൊട്ടിയടക്കരുതെന്നും നയതന്ത്ര സംഭാഷണങ്ങള്‍ക്ക് എപ്പോഴും സജ്ജമായിരിക്കണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. 
പാക്കിസ്ഥാന്‍ ഭരണകൂടത്തെയും പാക്കിസ്ഥാനി ജനതയെയും രണ്ടായി കാണണമെന്നും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം നിലനിര്‍ത്തണമെന്നും വാദിച്ച രാഷ്ട്രീയ പാര്‍ട്ടികളെയും സാധാരണ ജനങ്ങളെയും ഭീകരതയോട് അനുഭാവം പുലര്‍ത്തുന്നവരായി ചിത്രീകരിച്ച സംഘപരിവാറിന്റെ മനം മാറ്റത്തിന് എന്താണ് കാരണം? 

പാക്കിസ്ഥാനുമായി സംഭാഷണം ആവാമെന്ന് ആര്‍.എസ്.എസുകാര്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അത് സ്വീകാര്യമാവുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി ചോദിച്ചു. അതേ കാര്യം പറയുന്ന മറ്റുള്ളവരോട് പാക്കിസ്ഥാനില്‍ പോകാനല്ലേ ആവശ്യപ്പെടാറ് എന്നും അദ്ദേഹം ചോദിച്ചു.  ആര്‍.എസ്.എസിന്റെ പ്രസ്താവനകളും അനൗദ്യോഗിക നയതന്ത്ര നീക്കങ്ങളും ഔദ്യോഗിക അനുരഞ്ജന സംഭാഷണങ്ങള്‍ക്കുള്ള നിലമൊരുക്കലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പരസ്യമായി പാക്കിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മേഖലയിലെ സമാധാനത്തിന് പുതിയ വഴി തേടുന്നതിന്റെ സൂചനയായും ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നവരുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User