എ.ഐ. ഉപയോഗം കൂടിയതോടെ നിലപാട് മാറ്റി ടെസ്‌ല; ചെലവിന് കടുത്ത നിയന്ത്രണം
നമ്മുടെ പുതിയ തലമുറ കൂടുതലായും നിർമിത ബുദ്ധിയെ അതായത് എഐയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്തിനേറെ പറയുന്നു വലിയ വലിയ കമ്പനികൾ വരെ അവരുടെ ജോലികൾക്കായി എഐയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ പുതുതലമുറയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ട്ടപ്പെടുമെന്ന ആശങ്ക ഉയരുകയാണ് . അതുകൊണ്ട് തന്നെ എഐയുടെ ഉപയോഗം വർധിപ്പിക്കണമെന്ന് പറഞ്ഞിരുന്ന വമ്പൻ കമ്പനികൾ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. എഐയുടെ ഉപയോഗം മൂലം പല കമ്പനികളിലും കൂട്ട പിരിച്ചുവിടലുകളുടെ വക്കിലാണ്. കൂടാതെ, എഐ ഉപയോഗത്തിന്റെ ചിലവും കമ്പനികൾക്ക് താങ്ങാവുന്നതിലും അപ്പുറം ആണ്. ജീവനക്കാരെ നിയമിക്കുന്നതിനെക്കാൾ ഉയർന്ന ചെലവാണ് എഐയ്ക്ക് വേണ്ടിവരുന്നതെന്ന് പല കമ്പനികളും പറയുന്നു. ഈ ഒരു സാഹചര്യത്തിൽ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയടക്കം എഐയുടെ ഉപയോഗം കുറയ്ക്കാനുള്ള നീക്കത്തിലാണ്.
എഐ ടൂളുകൾക്കായി ആഴ്ചയിൽ 200 ഡോളറിലധികം ചിലവാക്കരുതെന്നും 200 ഡോളറിലധികം ചെലവഴിക്കേണ്ട സാഹചര്യം വന്നാൽ ജീവനക്കാർ പ്രത്യേകം അനുമതി വാങ്ങണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. ജൂലൈ 6 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. ആയിരക്കണക്കിന് ഡോളറാണ് ടെസ്‌ലയിലെ സോഫറ്റ്‌വെയർ എൻജിനീയർമാർ ഒരോ ആഴ്ചയിലും എഐ ടൂളുകളിൽ ചെലവഴിക്കുന്നത് എന്നാണ് വിവരം. എഐ ഉപയോഗത്തിന്റെ ചെലവ് കുത്തനെ ഉയർന്നതാകാം നിലപാട് മാറ്റത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തിടെ വിവിധ എഐ ടൂളുകളായ ഓപ്പൺ എഐ, ആന്ത്രോപ്പിക്, എക്സ് എഐ, കേഴ്സർ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് ടെസ്‌ല കൊണ്ടുവന്നിരുന്നു എന്നാൽ എഐ ഉപയോഗം ക്രമാതീതമായി വർധിക്കുകയും ആഴ്ചതോറും ആയിരക്കണക്കിന് ഡോളറിന്റെ ബില്ലുകൾ വന്നതോടെയാണ് ഉപയോഗം കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. എന്നാൽ, ഈ ഒരു സാഹചര്യത്തിൽ ടെസ്ലയ്ക്ക് എങ്ങനെയാണ് റോബോടാക്സികൾക്കും ലക്ഷക്കണക്കിനു റോബോട്ടുകൾക്കും വേണ്ടി എഐ ലഭ്യമാക്കാൻ സാധിക്കുകയെന്നത് ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്.