ബിജെപി ഭരണത്തിന് കീഴിൽ പൊലീസ് സേനയിലും പ്രതിഷേധം; ഡൽഹി പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ തെരുവിൽ

സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പഴയ ചുമതലകളിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യം; പൊലീസ് കമ്മിഷണറുമായി നേരിട്ട് ചർച്ച വേണമെന്നും പ്രതിഷേധക്കാർ

Nov 02, 2026 - 15:00
0
ബിജെപി ഭരണത്തിന് കീഴിൽ പൊലീസ് സേനയിലും പ്രതിഷേധം; ഡൽഹി പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ തെരുവിൽ

ന്യൂഡൽഹി: ബിജെപി ഭരണത്തിലുള്ള ഡൽഹിയിൽ പൊലീസ് സേനയ്ക്കുള്ളിലും അതൃപ്തി പരസ്യ പ്രതിഷേധത്തിലേക്ക്. സ്ഥലംമാറ്റ ഉത്തരവിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ തന്നെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഒത്തുകൂടി. സ്ഥലംമാറ്റം നേരിട്ട രണ്ട് ഉദ്യോഗസ്ഥരെ പഴയ ചുമതലകളിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായാണ് തിങ്കളാഴ്ച രാവിലെ പ്രതിഷേധം നടന്നത്.

ഏകദേശം 80 മുതൽ 100 വരെ പൊലീസുകാർ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. വനിതാ പൊലീസുകാരും പ്രതിഷേധത്തിന്റെ ഭാഗമായി. കൈകളിൽ പ്ലക്കാർഡുകളും പോസ്റ്ററുകളുമായി എത്തിയ ഉദ്യോഗസ്ഥർ പൊലീസ് കമ്മിഷണർ അനുരാഗ് കുമാറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നും തങ്ങളുടെ പരാതികൾ കേൾക്കാൻ പ്രത്യേക സംവാദം സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഗാന്ധിനഗർ സബ് ഡിവിഷനിൽ എസിപിയായി പ്രവർത്തിച്ചിരുന്ന മനസ്വി വശിഷ്ഠയെയും ഷഹ്ദാര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ അരുൺ കുമാറിനെയുമാണ് ഒക്ടോബർ 28ന് സ്ഥലംമാറ്റിയത്. ഇരുവരെയും പഴയ ചുമതലകളിൽ തിരിച്ചെത്തിക്കണമെന്നാണ് സഹപ്രവർത്തകരുടെ ആവശ്യം.

ഒക്ടോബർ 23ന് ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകൻ ലളിത് ബൻസാലിന് സംഘർഷത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംഭവത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിലെ ജില്ലാ കോടതികളിലെ അഭിഭാഷകർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട അഭിഭാഷകർ സമരം അവസാനിപ്പിച്ചത് രണ്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് വന്നതോടെയാണ്.

എന്നാൽ സ്ഥലംമാറ്റ നടപടി പൊലീസ് സേനയിലെ ഒരു വിഭാഗത്തിനിടയിൽ അതൃപ്തിക്ക് കാരണമായി. ഉദ്യോഗസ്ഥർക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും വിശദീകരിക്കാൻ അവസരം നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധം ആരംഭിച്ചതോടെ ന്യൂഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻ ശർമ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രതിഷേധം അവസാനിപ്പിച്ച് പൊലീസ് ആസ്ഥാനത്തിനുള്ളിൽ ചർച്ച നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും പൊലീസ് കമ്മിഷണറുമായി നേരിട്ട് കൂടിക്കാഴ്ച വേണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിന്നു.

സംഭവം ഡൽഹിയിലെ പൊലീസ് ഭരണസംവിധാനത്തിലും ഉദ്യോഗസ്ഥരും മേലധികാരികളും തമ്മിലുള്ള ബന്ധത്തിലും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ബിജെപി ഭരണത്തിലുള്ള തലസ്ഥാനത്ത് പൊലീസുകാർ തന്നെ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സാഹചര്യം രാഷ്ട്രീയമായും ശ്രദ്ധ നേടുകയാണ്.

അതേസമയം, പൊലീസ് ആസ്ഥാനത്ത് ഒത്തുകൂടിയ ഉദ്യോഗസ്ഥരെ പിന്നീട് അകത്തേക്ക് കൊണ്ടുപോയി പൊലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User