മന്ത്രി അറിയാതെ ബാർ ലൈസൻസ്; വിജിലൻസ് അന്വേഷണത്തിന് സർക്കാർ, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

പുതിയ മദ്യനയം വരുംമുമ്പേ മൂന്ന് ബാറുകൾക്ക് അനുമതി നൽകിയതിൽ ക്രമക്കേട് സംശയം; രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ സസ്പെൻഷനിൽ

Nov 02, 2026 - 11:41
0
മന്ത്രി അറിയാതെ ബാർ ലൈസൻസ്; വിജിലൻസ് അന്വേഷണത്തിന് സർക്കാർ, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

തിരുവനന്തപുരം: എക്സൈസ് മന്ത്രി എം. ലിജു അറിയാതെ മൂന്ന് ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. ലൈസൻസ് അനുവദിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താനുള്ള നീക്കം.

ലൈസൻസ് അനുവദിച്ചതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ മുൻപും സമാനമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നും വിജിലൻസ് പരിശോധിച്ചേക്കും. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് ബാർ ലൈസൻസുകൾ അനുവദിക്കരുതെന്ന സർക്കാർ നിർദേശം മറികടന്നാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തതെന്നാണ് ഉയരുന്ന ആരോപണം.

മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലെ മൂന്ന് ബിയർ ആൻഡ് വൈൻ പാർലറുകൾക്കാണ് ബാർ ലൈസൻസ് അനുവദിച്ചത്. സംഭവത്തിൽ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, കോട്ടയം ജില്ലയുടെ അധിക ചുമതലയുണ്ടായിരുന്ന പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.?

മൂവാറ്റുപുഴയിലെ ഹോട്ടലിന് അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ തന്നെ ലൈസൻസ് അനുവദിച്ചതും വിവാദത്തിന് ആക്കം കൂട്ടി. കൊച്ചിയിലെ ഹോട്ടലിന് ജൂൺ 29നും പാലായിലെ ഹോട്ടലിന് ഒക്ടോബർ മൂന്നിനുമാണ് അനുമതി ലഭിച്ചത്.

നിലവിലുള്ള ചട്ടങ്ങൾ പാലിച്ചാണ് ലൈസൻസ് അനുവദിച്ചതെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് മന്ത്രി എം. ലിജു തള്ളിയിരുന്നു. ലൈസൻസുകൾ റദ്ദാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശവും തേടിയിട്ടുണ്ട്.

വിജിലൻസ് അന്വേഷണം നടക്കുന്നതോടെ ലൈസൻസ് അനുവദിച്ചതിന് പിന്നിലെ നടപടിക്രമങ്ങളും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കപ്പെടും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User