പാറ്റകളുടെ പ്രക്ഷോഭം ഫലം കണ്ടു , കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.

പരീക്ഷാ ക്രമക്കേടുകളിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം; വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.

പാറ്റകളുടെ പ്രക്ഷോഭം ഫലം കണ്ടു , കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.

ന്യൂഡൽഹി: നീറ്റ് (NEET-UG) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയത്.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വീഴ്ചകളിലും പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭമാണ് അഴിച്ചുവിട്ടത്. കേന്ദ്ര സർക്കാറിനെ വരിഞ്ഞുമുറുക്കിയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളും പാർലമെന്റ് ഉപരോധവും തുടരുന്നതിനിടെയാണ് മന്ത്രിയുടെ നിർണായകമായ രാജി പ്രഖ്യാപനം.

പരീക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുമെന്നും ക്രമക്കേടിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് രാജിക്കത്ത് സമർപ്പിച്ചത്.

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ എൻ.ടി.എയുടെ ഘടനയിലടക്കം വൻ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണെന്നാണ് സൂചന.