ട്രംപിന് എട്ടിന്റെ പണി! ; കുടുംബവും കുടുങ്ങി! കോടതി ഉത്തരവ്

ബി.ബി.സിക്കെതിരെ 10 ബില്യൺ ഡോളറിന്റെ അപകീർത്തിക്കേസ് നൽകിയ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. സാമ്പത്തിക നഷ്ടവാദം പരിശോധിക്കാൻ ട്രംപിന്റെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകൾ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചതായി റിപ്പോർട്ടുകൾ.

Jul 25, 2026 - 14:39
Updated: 1 month ago
0
ട്രംപിന് എട്ടിന്റെ പണി! ; കുടുംബവും കുടുങ്ങി! കോടതി ഉത്തരവ്

പണി ചോദിച്ചു വാങ്ങിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്! ബി.ബി.സിയെ പൂട്ടി കയ്യിൽ തരാൻ ആയിരം കോടി ഡോളറിന്റെ അപകീർത്തിക്കേസുമായി ഇറങ്ങിപ്പുറപ്പെട്ട ട്രംപിന് മയാമി കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്! സ്വന്തം സാമ്രാജ്യത്തിന്റെ മുഴുവൻ സാമ്പത്തിക രേഖകളും കോടതിക്ക് മുന്നിൽ തുറന്നുവെക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ട്രംപും കുടുംബവും...സംഭവം ഇങ്ങനെയാണ്: 2021 ജനുവരി 6-ലെ പ്രശസ്തമായ കാപ്പിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് ബി.ബി.സി സംപ്രേഷണം ചെയ്ത 'പനോരമ' എന്ന ഡോക്യുമെന്ററിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ 12 സെക്കൻഡ് ദൈർഘ്യമുള്ള പ്രസംഗഭാഗം തരംതാഴ്ന്ന രീതിയിൽ എഡിറ്റ് ചെയ്ത്, താൻ അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന് വരുത്തിത്തീർത്തു എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഈ ഡോക്യുമെന്ററി കാരണം തന്റെ പ്രശസ്തിക്ക് വലിയ കളങ്കമുണ്ടായെന്നും തന്റെ ബിസിനസുകൾക്ക് കോടികളുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ബി.ബി.സിക്കെതിരെ കേസ് കൊടുത്തത്....എന്നാൽ ബി.ബി.സിയുടെ അഭിഭാഷകർ തൊടുത്ത തന്ത്രപരമായ നീക്കത്തിൽ ട്രംപിന്റെ സർവ്വ പ്രതിരോധവും തകർന്നു വീണു. കേസ് കാരണം സാമ്പത്തിക നഷ്ടമുണ്ടായി എന്ന് സ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചപ്പോൾ, എന്നാൽ പിന്നെ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ മുഴുവൻ കോടതിയിൽ പരിശോധിക്കട്ടെ എന്ന് ബി.ബി.സി നിലപാടെടുത്തു. 

മൂന്ന് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ യു.എസ്. മജിസ്ട്രേറ്റ് ജഡ്ജ് എൻജോലിക് ലെറ്റ് സുപ്രധാനമായ ആ ഉത്തരവിട്ടു! ട്രംപിന്റെ മുതിർന്ന മകൻ നിയന്ത്രിക്കുന്ന 'ഡൊണാൾഡ് ജെ ട്രംപ് റിവോക്കബിൾ ട്രസ്റ്റ്' എന്ന കുടുംബ ട്രസ്റ്റിന് കീഴിലുള്ള നാനൂറോളം കമ്പനികളുടെ സാമ്പത്തിക ഇടപാട് രേഖകൾ കോടതിയിൽ ഹാജരാക്കണം!..തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ട്രംപിന്റെ അഭിഭാഷകരുടെ യാചന കോടതി തള്ളിക്കളഞ്ഞു. ബി.ബി.സിക്കെതിരെയുള്ള കേസിലൂടെ സ്വന്തം സാമ്രാജ്യത്തിന്റെ സാമ്പത്തിക രേഖകൾ കോടതിയിലേക്ക് വലിച്ചിഴച്ചത് ട്രംപ് തന്നെയാണെന്ന് ജഡ്ജി രൂക്ഷമായി നിരീക്ഷിച്ചു. ട്രംപ് എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ബിസിനസുകളെയും വേർതിരിച്ചു കാണാൻ കഴിയില്ലെന്ന ബി.ബി.സിയുടെ വാദം കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു...കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപിന്റെ ആസ്തിയിൽ 100 കോടി ഡോളറിലധികം വർദ്ധനവുണ്ടായെന്ന് തെളിയിക്കാനാണ് ബി.ബി.സി ഈ കമ്പനി രേഖകൾ ആവശ്യപ്പെടുന്നത്. ഇത് പുറത്തുവരുന്നതോടെ, ബി.ബി.സി കാരണം തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി എന്ന ട്രംപിന്റെ വാദം തരിപ്പണമാകും. അപകടം മണത്ത ട്രംപിന്റെ അഭിഭാഷകർ സാമ്പത്തിക നഷ്ടം എന്ന വാദം പിൻവലിച്ച്, പ്രശസ്തിക്കേറ്റ കളങ്കത്തിന് മാത്രം നഷ്ടപരിഹാരം തേടാം എന്ന് കേസ് ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല...പണി ട്രംപിന് മാത്രം ഒതുങ്ങിയില്ല, കുടുംബാംഗങ്ങളിലേക്കും നീണ്ടു! ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ്, മരുമകൻ ജാറെദ് കുഷ്നർ, മുൻ ഉപദേശകരായ സ്റ്റീവ് ബാനൻ, മൈക്കൽ ഫ്‌ലിൻ, സ്റ്റീഫൻ മില്ലർ, ട്രംപ് ജൂനിയർ എന്നിവർക്കെതിരെ ബി.ബി.സി പുറപ്പെടുവിച്ച സമൻസുകൾ റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി. ജനുവരി 6-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നടത്തിയ സന്ദേശങ്ങളുടെ വിശദാംശങ്ങളും അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴികളും ഇനി കോടതിയിൽ എത്തും....അതേസമയം, യു.എസ് ജില്ലാ ജഡ്ജ് റോയ് ആൾട്ട്മാന് മുന്നിൽ ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ ട്രംപിന് അവസരമുണ്ട്. കേസ് തികച്ചും അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബി.ബി.സി നടത്തിയ ഗൂഢശ്രമമാണെന്നുമാണ് ട്രംപിന്റെ വക്താക്കൾ പറയുന്നത്. എങ്കിലും, ബി.ബി.സിയെ പൂട്ടാൻ പോയി സ്വന്തം രഹസ്യ സാമ്പത്തിക സാമ്രാജ്യം ലോകത്തിനു മുന്നിൽ തുറക്കപ്പെടേണ്ട അവസ്ഥയിലാണ് ട്രംപ് ഇപ്പോൾ എത്തിനിൽക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User