'ജന്തർ മന്ദർ സീസൺ 2' ഉടൻ; ചോദ്യങ്ങൾക്ക് മറുപടിയുമായി അഭിജീത് ദീപ്കെ
Cockroach Janata Party founder Abhijeet Dipke announces the upcoming 'Jantar Mantar Season 2' youth protests despite alleged venue pressure from authorities
'ജന്തർ മന്ദർ സീസൺ 2' ഉടൻ ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം ചോദ്യങ്ങളുന്നയിച്ച യുവാക്കൾക്ക് മറുപടിയായാണ് രണ്ടാം ഘട്ട പ്രതിഷേധ സമരത്തെക്കുറിച്ചുള്ള കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സമരത്തിന്റെ കൃത്യമായ തീയതിയോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ലെങ്കിലും, മുൻപ് ഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രക്ഷോഭത്തിന്റെ ശക്തമായ തുടർച്ചയായിരിക്കും ഇതെന്നാണ് ദീപ്കെ നൽകുന്ന സൂചന.
അടുത്തിടെ ഉത്തർപ്രദേശിലെ ഹമീർപൂരിൽ ഗതാഗതയോഗ്യമായ റോഡിനായി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നടത്തിയ പ്രതിഷേധത്തിന് അഭിജീത് ദീപ്കെ പൂർണ്ണപിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഖേദകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഡൽഹിയിൽ സിജെപി വളണ്ടിയർമാരുടെ യോഗം ചേരുന്നതിനായി ഹാൾ ബുക്ക് ചെയ്യാൻ വളരെയേറെ ബുദ്ധിമുട്ടിയതായും ഭരണകൂടത്തിൽ നിന്നുള്ള സമ്മർദ്ദമുള്ളതിനാൽ ഹാൾ നൽകാനാകില്ലെന്ന് പല ഉടമകളും അറിയിച്ചതായും അദ്ദേഹം ആരോപിച്ചു. ഒടുവിൽ ലഭിച്ച ഹാളിന്റെ ഉടമയ്ക്ക് നേരെയും ഭീഷണിയുണ്ടായതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ മുന്നേറ്റത്തെ ബിജെപി ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങളെന്നും എന്നാൽ ഇത്തരം ഭീഷണികൾ കൊണ്ട് തങ്ങളെ തളർത്താനാകില്ലെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. യുവാക്കളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.