ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം കടുപ്പിക്കും; രാഷ്ട്രപതിയെ വീണ്ടും കാണാൻ ഇന്ത്യാ സഖ്യം

‘ചലോ ദില്ലി’ മഹാറാലിക്ക് പിന്നാലെ നിയമപോരാട്ടത്തിനും നീക്കം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും

Nov 02, 2026 - 08:04
0
ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം കടുപ്പിക്കും; രാഷ്ട്രപതിയെ വീണ്ടും കാണാൻ ഇന്ത്യാ സഖ്യം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ‘ചലോ ദില്ലി’ മഹാറാലിക്ക് പിന്നാലെ തുടർപ്രക്ഷോഭങ്ങൾക്കൊപ്പം നിയമപരമായ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി നടപടി ഉറപ്പാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ലക്ഷങ്ങളെ അണിനിരത്തി ഡൽഹിയെ ഇളക്കിമറിച്ച മഹാറാലി ഇന്ത്യാ സഖ്യത്തിന് വലിയ ഊർജമാണ് പകർന്നത്. ഇതേ ആവേശം നിലനിർത്തി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ മരവിപ്പിക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കപ്പെട്ട 13 കോടി പൗരന്മാർക്ക് നീതി ലഭ്യമാക്കണമെന്നും ഇന്ത്യാ സഖ്യം ആവശ്യപ്പെടുന്നു.

പരസ്യ പ്രക്ഷോഭങ്ങൾക്ക് പുറമെ സുപ്രീംകോടതിയിലെ ഹർജികളിലൂടെ നിയമപോരാട്ടം ശക്തമാക്കാനും പ്രതിപക്ഷം ലക്ഷ്യമിടുന്നു. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട തെളിവുകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് വീണ്ടും സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കൈവശമുള്ള തെളിവുകൾ കൈമാറുന്നതിനായി ഈയാഴ്ച തന്നെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കൾ സമയം തേടും.

ഇന്ത്യാ സഖ്യത്തിന്റെ യോഗങ്ങൾ ചേർന്ന് തുടർപ്രക്ഷോഭങ്ങളുടെ രൂപവും സമയക്രമവും തീരുമാനിക്കും. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരവും മുന്നോട്ടുകൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ റാലിയെ നാടകമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. റാലിയിൽ പങ്കെടുത്തവരുടെ എണ്ണത്തെച്ചൊല്ലിയും രാഷ്ട്രീയ തർക്കം മുറുകുകയാണ്. എന്നാൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന മഹാറാലിയിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ വിലയിരുത്തൽ.

റാലിക്കിടെ ഡൽഹി പൊലീസ് എൺപതിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ കൂടുതലും വിദ്യാർഥികളാണ്. മിന്റോ റോഡ് പരിസരത്ത് വെച്ചാണ് പ്രതിഷേധക്കാരെ തടഞ്ഞത്. നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ ഇന്നലെ തന്നെ വിട്ടയച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User