വിജയവാഡ ദേശീയ സരസ് മേളയിൽ കുടുംബശ്രീക്ക് തിളക്കമാർന്ന നേട്ടം; ബെസ്റ്റ് നാച്ചുറൽ ഫുഡ് സ്റ്റാളിൽ ബിന്ദുലേഖയ്ക്ക് രണ്ടാം സ്ഥാനം

തിരുവനന്തപുരം വെള്ളനാട് കുടുംബശ്രീ സംരംഭകയ്ക്ക് ദേശീയ അംഗീകാരം

Nov 02, 2026 - 19:04
Updated: 1 hour ago
0
വിജയവാഡ ദേശീയ സരസ് മേളയിൽ കുടുംബശ്രീക്ക് തിളക്കമാർന്ന നേട്ടം; ബെസ്റ്റ് നാച്ചുറൽ ഫുഡ് സ്റ്റാളിൽ ബിന്ദുലേഖയ്ക്ക് രണ്ടാം സ്ഥാനം

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടിപ്പിച്ച ആജീവിക ദേശീയ സരസ് മേളയിൽ കുടുംബശ്രീ സംരംഭകയ്ക്ക് ഉജ്ജ്വല നേട്ടം. തിരുവനന്തപുരം വെള്ളനാട് ശ്രീലക്ഷ്മി അയൽക്കൂട്ടാംഗമായ ബിന്ദുലേഖയാണ് ബെസ്റ്റ് നാച്ചുറൽ ഫുഡ് സ്റ്റാൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജയവാഡയിലെ ബാബുരി ഗ്രൗണ്ടിൽ സംഘടിപ്പിച്ച മേളയിലാണ് ബിന്ദുലേഖയുടെ നേട്ടം. 'കൃഷ്ണ പിക്കിൾസ് ആൻഡ് ഫുഡ് പ്രൊഡക്ട്സ്' എന്ന സംരംഭത്തിലൂടെ തയ്യാറാക്കിയ പ്രകൃതിദത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് ദേശീയതലത്തിൽ ശ്രദ്ധ നേടിയത്.

ജിഞ്ചർ പൗഡർ, ചായ മസാല, ചട്നി പൗഡർ, സാമ്പാർ മസാല, വിവിധതരം അച്ചാറുകൾ എന്നിവയാണ് ബിന്ദുലേഖ മേളയിൽ വിപണനത്തിനെത്തിച്ചത്. എൻ.ടി.ആർ ജില്ലാ കളക്ടർ ഡോ. ജി. ലക്ഷ്മിഷാ ഐ.എ.എസ് പുരസ്കാരം സമ്മാനിച്ചു.

ഡൽഹിക്ക് പുറത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന ആദ്യ ആജീവിക ദേശീയ സരസ് മേളയെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകർക്ക് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യതകൾ വിപുലീകരിക്കാനും മേള അവസരമൊരുക്കി

മേളയിൽ കുടുംബശ്രീയുടെ 13 ഉൽപ്പന്ന വിപണന സ്റ്റാളുകളും ഫുഡ്‌കോർട്ടിൽ നാല് സ്റ്റാളുകളുമാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകരും പങ്കെടുത്തു.

ദേശീയ വേദിയിൽ കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾക്ക് ലഭിച്ച അംഗീകാരം കേരളത്തിലെ വനിതാ സംരംഭകത്വ മേഖലയ്ക്കും അഭിമാനമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User