കുടിവെള്ള-ജലസേചന മേഖലയിൽ സമഗ്ര പരിഷ്‌കരണം; 2027 ആദ്യം പുതിയ ജലനയം പ്രഖ്യാപിക്കും

അരുവിക്കരയിലെ കുടിവെള്ള നഷ്ടം കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യ; 140 മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ സമിതികൾ; മുല്ലപ്പെരിയാറിൽ പ്രത്യേക ഹർജി നൽകും

Nov 02, 2026 - 18:31
0
കുടിവെള്ള-ജലസേചന മേഖലയിൽ സമഗ്ര പരിഷ്‌കരണം; 2027 ആദ്യം പുതിയ ജലനയം പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിവെള്ള-ജലസേചന മേഖലകളിൽ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങി സർക്കാർ. ജലവിഭവ വകുപ്പിന് കീഴിലുള്ള വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു. 2027ന്റെ തുടക്കത്തിൽ ജലനയം പ്രഖ്യാപിക്കുമെന്നും ഇതിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് കേരള വാട്ടർ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വാട്ടർ അതോറിറ്റിയെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനൊപ്പം കുടിവെള്ള വിതരണത്തിലെ നഷ്ടം കുറയ്ക്കുക, ജലസേചന സംവിധാനങ്ങൾ നവീകരിക്കുക, തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ് പരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

തിരുവനന്തപുരം നഗരത്തിൽ അരുവിക്കരയിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ പകുതിയോളം വിതരണത്തിലെത്തും മുൻപ് നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പൈലറ്റ് പദ്ധതി ആരംഭിക്കും. പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.

തീരദേശ മേഖലകളിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനുള്ള ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും പോള ശല്യം പരിഹരിക്കാൻ പോള സംസ്‌കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കുടിവെള്ള, ജലസേചന പ്രശ്നങ്ങൾക്ക് പ്രാദേശികമായി പരിഹാരം കാണാൻ ജനുവരി മുതൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാന്മാരായി സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളാകും.

സമിതികൾ പ്രതിമാസം യോഗം ചേർന്ന് പ്രശ്നങ്ങൾ വിലയിരുത്തും. മൂന്നുമാസത്തിലൊരിക്കൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലും ആറുമാസത്തിലൊരിക്കൽ മന്ത്രിതലത്തിലും അവലോകനം നടത്തും.

വാട്ടർ അതോറിറ്റി പൈപ്പിടുന്നതിനായി പൊളിക്കുന്ന റോഡുകൾ പുനർനിർമിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇനി ബന്ധപ്പെട്ട വകുപ്പുകൾക്കായിരിക്കും. പൊതുമരാമത്ത് റോഡുകൾ പൊതുമരാമത്ത് വകുപ്പും ഗ്രാമീണ, പഞ്ചായത്ത് റോഡുകൾ തദ്ദേശസ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും. ഇതിനുള്ള തുക വാട്ടർ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയ 2024ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഹർജി നൽകും. മുതിർന്ന അഭിഭാഷകൻ മോഹൻ വി. കട്ടാർക്കിയെ പ്രധാന അഭിഭാഷകനായി നിയമിച്ചിട്ടുണ്ട്.

തമിഴ്നാടുമായുള്ള തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലും തേടും. ബേബി ഡാം വിഷയത്തിൽ കോടതി നിർദേശിച്ച വ്യവസ്ഥകൾ കേരളം പാലിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇറിഗേഷൻ, വാട്ടർ അതോറിറ്റി വിഭാഗങ്ങളുടെ കീഴിലുള്ള 22 ഡാമുകളുടെ സുരക്ഷാ വിലയിരുത്തൽ ഡിസംബർ 31നകം പൂർത്തിയാക്കും. ഡാമുകളും കനാലുകളും നവീകരിച്ച് ഇറിഗേഷൻ ടൂറിസം വികസിപ്പിക്കാനും പദ്ധതിയുണ്ട്. പൂട്ടിക്കിടക്കുന്ന മലമ്പുഴ ഉദ്യാനം അടിയന്തരമായി നവീകരിച്ച് തുറന്നുകൊടുക്കും.

ജൽ ജീവൻ മിഷന് 8000 കോടി തേടി കേന്ദ്രത്തെ സമീപിക്കും

ജൽ ജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ഏകദേശം 8000 കോടി രൂപ ലഭ്യമാക്കാൻ ജലശക്തി മന്ത്രാലയവുമായി ചർച്ച നടത്തും. നബാർഡിൽ നിന്നുള്ള 7000 കോടി രൂപയുടെ വായ്പ ഉപയോഗിച്ച് കരാറുകാരുടെ കുടിശികയിൽ വലിയൊരു ഭാഗം നൽകിയതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം, ടെക്നോസിറ്റി മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഈ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ 4000 കോടി രൂപയുടെ തീരദേശ സംരക്ഷണ പദ്ധതി നടപ്പാക്കും. ചെല്ലാനം, പൊഴിയൂർ പദ്ധതികൾക്ക് പുറമെ പത്ത് പ്രധാന തീരദേശ ഹോട്ട്‌സ്‌പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. ശംഖുമുഖം ബീച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും പരിഗണനയിലാണ്.

വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഭൂമികൾ അന്യാധീനപ്പെടുന്നത് തടയാൻ ആറുമാസത്തിനകം അസറ്റ് മാപ്പിംഗ് പൂർത്തിയാക്കും. ഡാമുകൾ, കനാലുകൾ, വാട്ടർ ടാങ്ക് പരിസരങ്ങൾ എന്നിവ നവീകരിക്കുന്നതിനൊപ്പം വകുപ്പുകളുടെ ഗസ്റ്റ് ഹൗസുകളും ഇൻസ്പെക്ഷൻ ബംഗ്ലാവുകളും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ന്യായമായ വാടകയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിൽ തുറന്നുകൊടുക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സാധ്യമാകുന്ന പദ്ധതികൾ പൂർത്തിയാക്കി കൂടുതൽ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുകയും ജലസേചന സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User