മുടങ്ങിയ മത്സ്യത്തൊഴിലാളി പെൻഷൻ നൽകാൻ ശുപാർശ; ധനവകുപ്പിന് ഫിഷറീസ് വകുപ്പിന്റെ കത്ത്

ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് സെപ്റ്റംബറിലെ പെൻഷൻ ലഭിച്ചേക്കും; 14,596 പേർ ഇനിയും നടപടി പൂർത്തിയാക്കാനുണ്ട്

Nov 03, 2026 - 20:41
0
മുടങ്ങിയ മത്സ്യത്തൊഴിലാളി പെൻഷൻ നൽകാൻ ശുപാർശ; ധനവകുപ്പിന് ഫിഷറീസ് വകുപ്പിന്റെ കത്ത്

തിരുവനന്തപുരം: ആധാർ ഓതെന്റീഫിക്കേഷൻ വൈകിയതിനെ തുടർന്ന് മുടങ്ങിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് കുടിശ്ശിക തുക അനുവദിക്കണമെന്ന് ധനവകുപ്പിനോട് ശുപാർശ ചെയ്ത് ഫിഷറീസ് വകുപ്പ്. ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയിട്ടും പെൻഷൻ മുടങ്ങിയവർക്കാണ് തുക അടിയന്തരമായി അനുവദിക്കണമെന്ന ശുപാർശ നൽകിയിരിക്കുന്നത്.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്ന 73,657 ഗുണഭോക്താക്കളിൽ 59,061 പേർ മാത്രമാണ് ഇതുവരെ ആധാർ ഓതെന്റിഫിക്കേഷൻ പൂർത്തിയാക്കിയത്. ശേഷിക്കുന്ന 14,596 പേരിൽ 2,253 പേർ മരണപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള ഗുണഭോക്താക്കൾ തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ലഭിക്കുന്നതിനായി എത്രയും വേഗം ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

ധനവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കാത്ത 16,591 ഗുണഭോക്താക്കൾക്ക് 2026 സെപ്റ്റംബർ മാസത്തെ പെൻഷൻ ലഭിച്ചിരുന്നില്ല. തിരുവനന്തപുരം മേഖലയിൽ 3,906 പേർക്കും ആലപ്പുഴയിൽ 4,581 പേർക്കും എറണാകുളത്ത് 2,849 പേർക്കും കോഴിക്കോട് 4,706 പേർക്കും കണ്ണൂരിൽ 549 പേർക്കുമാണ് പെൻഷൻ മുടങ്ങിയത്.

തുടർന്ന് സർക്കാർ അനുവദിച്ച അധിക സമയപരിധി പ്രയോജനപ്പെടുത്തി 10,497 പേർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയിൽ 2,410 പേരും ആലപ്പുഴയിൽ 2,882 പേരും എറണാകുളത്ത് 2,195 പേരും കോഴിക്കോട്ട് 2,645 പേരും കണ്ണൂരിൽ 365 പേരുമാണ് നടപടി പൂർത്തിയാക്കിയത്. ഇവർക്ക് മുടങ്ങിയ പെൻഷൻ തുക അനുവദിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ ശുപാർശ.

കഴിഞ്ഞ ഓഗസ്റ്റിൽ ധനവകുപ്പ് പുറപ്പെടുവിച്ച നിർദേശപ്രകാരം സെപ്റ്റംബർ 15നകം ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 23,657 പേർ നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന്റെ നിർദേശപ്രകാരം സമയപരിധി ഒക്ടോബർ 15 വരെ നീട്ടിനൽകുകയായിരുന്നു.

ഇനിയും ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾ ആധാർ കാർഡിന്റെയും പെൻഷൻ പാസ്ബുക്കിന്റെയും പകർപ്പുമായി അടുത്തുള്ള ഫിഷറീസ് ഓഫീസിലെത്തി നടപടികൾ പൂർത്തിയാക്കണം. ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് മുടങ്ങിയ പെൻഷൻ തുക തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User