റാഗിങ്ങിനെതിരെ ഇനി രഹസ്യമായി പരാതിപ്പെടാം; വിദ്യാർഥികൾക്ക് കൈത്താങ്ങായി ‘സിദ്ധാർഥ്’ ആപ്പ്
കേരളത്തിലെ ക്യാമ്പസുകളിൽ റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ് നവംബർ 4ന് അവതരിപ്പിക്കും.
തിരുവനന്തപുരം: ക്യാമ്പസുകളിലെ റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഭയമില്ലാതെ അധികൃതരെ അറിയിക്കാൻ വിദ്യാർഥികൾക്ക് പുതിയ സംവിധാനം വരുന്നു. വ്യക്തിത്വം വെളിപ്പെടുത്താതെ പരാതികൾ സമർപ്പിക്കാനും സഹായം തേടാനും സൗകര്യമൊരുക്കുന്ന ‘സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്’ നാളെ (നവംബർ 4) അവതരിപ്പിക്കും.
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആപ്പിന്റെ അവതരണം നിർവഹിക്കും. ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പറിന്റെ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും ചടങ്ങിൽ പങ്കെടുക്കും.
റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. പേര് വെളിപ്പെടുത്താതെ ഓഡിയോ രൂപത്തിൽ പരാതികൾ രേഖപ്പെടുത്താനും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.
ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാർ പരിഗണനയിലാണ്.
വിദ്യാർഥികളുടെ ക്ഷേമവും ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ട് സ്റ്റുഡന്റ് ആസ്പിരേഷൻ സർവേ, സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് എന്നിവയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.
ക്യാമ്പസുകളിൽ വിദ്യാർഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും റാഗിങ് ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള ഭയം ഒഴിവാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)