സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക നിയമം; വനിതാ നയത്തിൽ നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി
സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ബൃഹദ് പദ്ധതികൾ; തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും വീടുകളിലും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കും
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ 'മകൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന പുതുയുഗ വനിതാനയം 'ഹെർ സമ്മിറ്റ് 2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും വനിതാനയം രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഈ വർഷം തന്നെ വിപുലമായ പദ്ധതികൾ ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി അവയുടെ വിപണനത്തിന് സർക്കാർ സഹായവും നോളജ് പാർട്ണറുടെ പിന്തുണയും ലഭ്യമാക്കും. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പദ്ധതികൾ മാറ്റിവെക്കില്ലെന്നും സ്വപ്നപദ്ധതി പൂർണമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനിതാ സംരംഭകർക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിനൊപ്പം ഹരിത സമ്പദ്വ്യവസ്ഥയിലും പുതിയ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
നയരൂപീകരണം, ബജറ്റ് തീരുമാനങ്ങൾ, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ യഥാർഥ പങ്കാളിത്തം ഉറപ്പാക്കും. ലിംഗസമത്വവും അവകാശബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. കൗമാര-ആർത്തവ ആരോഗ്യം, മാനസികാരോഗ്യം, പ്രസവാനന്തര വിഷാദം തുടങ്ങിയ വിഷയങ്ങൾക്കും വനിതാനയത്തിൽ പ്രത്യേക പരിഗണന നൽകും.
സ്ത്രീകൾക്ക് ഭയമില്ലാതെ പൊതുവിടങ്ങളിൽ സഞ്ചരിക്കാനും അന്തസ്സോടെ തൊഴിലെടുക്കാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പുതിയ തലമുറയിലെ പെൺകുട്ടികൾ, പുരുഷന്മാർ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചാണ് നയം രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വികസന മുന്നേറ്റം ജനാധിപത്യപരമായ കൂട്ടായ ചർച്ചകളിലൂടെയാണ് സാധ്യമായതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. വീട്ടമ്മമാർ, തൊഴിലെടുക്കുന്ന സ്ത്രീകൾ, സംരംഭകർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് വനിതാനയത്തിന് രൂപം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എം.എൽ.എമാരായ ഉമാ തോമസ്, ഉഷാ വിജയൻ, ഭരണപരിഷ്കാര കമ്മിഷൻ ചെയർപേഴ്സൺ ഡോ. എം.കെ. മുനീർ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, മുൻ മന്ത്രി പി.കെ. ശ്രീമതി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)