ലഹരിക്കെതിരായ പോരാട്ടം; ‘കാറ്റും വെളിച്ചവും’ മികച്ച ഹ്രസ്വചിത്രം
‘തൂഫാൻ’ മത്സരത്തിൽ തൃശൂർ മറ്റത്തൂർ എസ്.കെ എച്ച്.എസിന് ഒന്നാം സ്ഥാനം; ഒരു ലക്ഷം രൂപയും പുരസ്കാരവും
തിരുവനന്തപുരം: ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ആഭ്യന്തര വകുപ്പുമായി ചേർന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച ‘തൂഫാൻ – ലഹരിക്കെതിരേ പോരാട്ടം’ ഹ്രസ്വചിത്ര മത്സരത്തിൽ തൃശൂർ മറ്റത്തൂർ എസ്.കെ എച്ച്.എസിന്റെ ‘കാറ്റും വെളിച്ചവും’ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.


ഒന്നാം സ്ഥാനം നേടിയ ചിത്രത്തിന് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും പുരസ്കാരവും ലഭിച്ചു. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്.എസിന്റെ ‘എലിപ്പെട്ടി’ രണ്ടാം സ്ഥാനവും കൊല്ലം പുത്തൂർ ജി.എച്ച്.എസ്.എസിന്റെ ‘നൂൽ’ മൂന്നാം സ്ഥാനവും നേടി.
300-ലധികം ചിത്രങ്ങളിൽനിന്ന് ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ 42 ഹ്രസ്വചിത്രങ്ങളാണ് സംസ്ഥാനതല മത്സരത്തിനായി പരിഗണിച്ചത്. മികച്ച സംവിധായകനായി കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ ഇ.പി. നചികേതസും മികച്ച തിരക്കഥാകൃത്തായി തൃശൂർ മറ്റത്തൂർ എസ്.കെ എച്ച്.എസിലെ വി.എച്ച്. കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് എച്ച്.എസിലെ ഒ.ആർ. ലക്ഷ്മിപ്രിയയാണ് മികച്ച നടി. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്.എസ്.എസിലെ പി.ബി. അഭിഷേക് കൃഷ്ണ മികച്ച നടനായി. മികച്ച അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്കാരം തൃശൂർ മറ്റത്തൂർ എസ്.കെ എച്ച്.എസിലെ രാജ്കുമാർ രഘുനാഥ് നേടി.
രാസലഹരി സംസ്ഥാനത്തുടനീളം കണ്ടെത്തിയതിനെ തുടർന്നാണ് ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ‘തൂഫാൻ’ പദ്ധതി കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ലഹരിക്കടത്ത് തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, നിയമനടപടികൾ മാത്രം കൊണ്ട് ലഹരിയെന്ന തിന്മയെ പ്രതിരോധിക്കാനാകില്ലെന്നും പ്രതിരോധ, പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
രാസലഹരിക്കെതിരായ വികാരം ചെറുപ്പക്കാരിലും വിദ്യാർഥികളിലും വളർത്തിയെടുക്കണം. കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിക്കെതിരായ ബോധവത്കരണവും ലക്ഷ്യമിട്ടാണ് ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചത്. കലയ്ക്കും സാങ്കേതികവിദ്യയ്ക്കുമൊപ്പം ലഹരിവിരുദ്ധ പ്രചാരണവും ഈ ചിത്രങ്ങളിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂൾ ക്യാമ്പസുകളിലും പൊതുസമൂഹത്തിലും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാർഥികൾ നടത്തുന്ന പോരാട്ടമാണ് ഹ്രസ്വചിത്രങ്ങളിലൂടെ അവതരിപ്പിച്ചത്. സംസ്ഥാനത്തെ സ്കൂളുകളിലും ആഭ്യന്തര വകുപ്പിന്റെ വിവിധ പരിപാടികളിലും എക്സൈസ് വകുപ്പിന്റെ ഓറിയന്റേഷൻ പരിപാടികളിലും വിജയിച്ച ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ കെ.കെ. മഷൂദ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ പ്രേംകുമാർ, എസ്.ഐ.ഇ.ടി ഡയറക്ടർ ടി. സിബി മുഹമ്മദ്, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.പി. അഹമ്മദുൽ കബീർ, കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)