മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; 24 മണിക്കൂറായിട്ടും മറുപടിയില്ലെന്ന് പരിഹാസം
വിദേശ ശക്തികളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങൾ തുറന്ന സംവാദത്തിലൂടെ നേരിടാമെന്ന് രാഹുൽ; അമേരിക്കൻ സന്ദർശനത്തെച്ചൊല്ലി ബിജെപിയുടെ മറുപടിയും
ഡൽഹി: വിദേശ ശക്തികളുമായുള്ള ബന്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെല്ലുവിളി ഉയർത്തി 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് രാഹുൽ പരിഹസിച്ചു. ആരാണ് രാജ്യദ്രോഹി, ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളത് തുടങ്ങിയ കാര്യങ്ങൾ ഭയപ്പെടാതെ തുറന്നുപറയണമെന്നും ഇരുവരും ഒരു മേശയ്ക്ക് ഇരുവശത്തിരുന്ന് സംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ വിദേശ ശക്തികളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ സമാനമായ ആരോപണം ഉന്നയിച്ചത്. വിദേശ ശക്തികളുടെ പിന്തുണയോടെയാണ് മോദി പ്രധാനമന്ത്രിയായി തുടരുന്നതെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇത് തെറ്റാണെന്ന് തെളിയിക്കാൻ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും സംവാദം കേൾക്കട്ടെയെന്നും ആരാണ് രാജ്യദ്രോഹി, വിദേശ ശക്തികളുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്താണ് തുടങ്ങിയ ചോദ്യങ്ങൾക്ക് തുറന്ന മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.
അതേസമയം, രാഹുലിന്റെ വിദേശയാത്രയെ മുൻനിർത്തി ബിജെപി പരിഹാസവുമായി രംഗത്തെത്തി. ഈ മാസം 16 മുതൽ 19 വരെ രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിക്കുമെന്നും ന്യൂയോർക്കിലും ചിക്കാഗോയിലുമായി പരിപാടികളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. വോട്ട് ചോരി വിഷയത്തേക്കാൾ സ്വന്തം ദൗർബല്യങ്ങൾക്കാണ് രാഹുൽ പ്രാധാന്യം നൽകുന്നതെന്നായിരുന്നു ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പരിഹാസം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)