റോഡ് സുരക്ഷയ്ക്ക് തുല്യപ്രാധാന്യം ജലസുരക്ഷയ്ക്കും; കുട്ടികളിൽ നീന്തൽ പരിശീലനം ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ

മുങ്ങിമരണങ്ങൾ തടയാൻ ഇന്ത്യ–ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം; സിപിആർ പരിശീലനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തും

Oct 26, 2026 - 09:36
0
റോഡ് സുരക്ഷയ്ക്ക് തുല്യപ്രാധാന്യം ജലസുരക്ഷയ്ക്കും; കുട്ടികളിൽ നീന്തൽ പരിശീലനം ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ ചെറുപ്രായം മുതൽ കുട്ടികൾക്ക് ജലസുരക്ഷാ വിദ്യാഭ്യാസവും നീന്തൽ പരിശീലനവും ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ. മുങ്ങിമരണങ്ങൾ തടയുന്നതിനുള്ള ഇന്ത്യ–ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജലസ്രോതസ്സുകളുമായി അഭേദ്യമായ ബന്ധമുള്ള കേരളത്തിൽ നീന്തൽ വിനോദം മാത്രമല്ലെന്നും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അനിവാര്യമായ ജീവിതനൈപുണ്യമാണെന്നും മന്ത്രി പറഞ്ഞു. അപകടസാധ്യതയുള്ള ക്വാറികൾ, കനാലുകൾ, നദീതീരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കണം. ജലാശയങ്ങളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര പ്രതികരണ സംഘങ്ങൾ, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പ്രകടിപ്പിക്കുന്ന ധൈര്യവും സേവനമനോഭാവവും ഫലപ്രദമായി പ്രയോജനപ്പെടുത്തണം. ജലാശയങ്ങളെക്കുറിച്ചുള്ള ഇവരുടെ അനുഭവസമ്പത്തും പ്രായോഗിക അറിവും ഔദ്യോഗിക രക്ഷാപ്രവർത്തന ശൃംഖലകളുടെയും സമൂഹാധിഷ്ഠിത പരിശീലന പരിപാടികളുടെയും ഭാഗമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

സിപിആർ പരിശീലനവും അടിയന്തര ചികിത്സയും ശക്തിപ്പെടുത്തും

മുങ്ങിമരണങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം മാത്രം മതിയാകില്ല. രക്ഷപ്പെടുത്തിയ ശേഷമുള്ള നിർണായക നിമിഷങ്ങളിൽ സമയബന്ധിതമായ ചികിത്സ ലഭ്യമാക്കുന്നതും പ്രധാനമാണ്. ഇതിനായി ഹൃദയശ്വാസ പുനരുജ്ജീവനമായ സിപിആർ (CPR) പരിശീലനം വ്യാപിപ്പിക്കുക, ആംബുലൻസ് സേവനങ്ങളുടെ പ്രതികരണശേഷി മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാ വിഭാഗങ്ങളെ ആവശ്യമായ സൗകര്യങ്ങളോടെ സജ്ജമാക്കുക തുടങ്ങിയ നടപടികൾക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മുങ്ങിമരണങ്ങളും അപകടവശാൽ സംഭവിക്കുന്നതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശാരീരികവും വൈകാരികവുമായ കാരണങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന മരണങ്ങൾ തടയുന്നതിനായി മുങ്ങിമരണ പ്രതിരോധ പ്രവർത്തനങ്ങളെ മാനസികാരോഗ്യ പരിചരണം, കൗൺസലിങ് സേവനങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിലെ അടിയന്തര ഇടപെടൽ സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ–ഓസ്‌ട്രേലിയ സഹകരണം

ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, ഓസ്‌ട്രേലിയൻ സർക്കാർ, റോയൽ ലൈഫ് സേവിങ് സൊസൈറ്റി ഓസ്‌ട്രേലിയ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഓസ്‌ട്രേലിയ എന്നിവയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ഗീത ആനന്ദൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഇൻജുറി പ്രോഗ്രാം മേധാവി ഡോ. ജഗ്‌നൂർ ജഗ്‌നൂർ, റോയൽ ലൈഫ് സേവിങ് സൊസൈറ്റി ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജസ്റ്റിൻ സ്‌കാർ എന്നിവർ സംസാരിച്ചു.

ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും മുങ്ങിമരണ പ്രതിരോധവുമായി ബന്ധപ്പെട്ട നയരൂപകർത്താക്കൾ, ഗവേഷകർ, പ്രായോഗിക പ്രവർത്തകർ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുക, മുങ്ങിമരണങ്ങൾ കുറയ്ക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുക, ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ മാറ്റങ്ങൾ കൈവരിക്കുക എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിൽ സെമിനാറുകളും ചർച്ചകളും നടന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User