കെണി ഒരുക്കി ഷൗക്കത്തലി ; എഴുനേൽക്കാൻ പറ്റാതെ ADGP

നവകേരള രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സസ്‌പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാർ നടപടി ചോദ്യം ചെയ്ത് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു.

Jul 24, 2026 - 15:25
Updated: 2 months ago
0
കെണി ഒരുക്കി ഷൗക്കത്തലി ; എഴുനേൽക്കാൻ പറ്റാതെ ADGP

രാഷ്ട്രീയ കേരളത്തെയാകെ പ്രകമ്പനം കൊള്ളിച്ച നവകേരള രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെന്ഷൻ ലഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഡിജിപി സ്ഥാനക്കയറ്റം പോലും മുന്നിൽക്കണ്ട് സേനയുടെ തലപ്പത്തേക്ക് എത്താൻ കാത്തിരുന്ന അദ്ദേഹത്തിന് ഇപ്പോൾ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്  നേരിട്ടിരിക്കുന്നത്. സർക്കാരിന്റെ സസ്‌പെൻഷൻ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ (സിഎടി) സമീപിച്ച് തിരിച്ചടിക്കാൻ ഒരുങ്ങുകയുമാണ് അദ്ദേഹം. എന്നാൽ തനിക്കെതിരെ ഉണ്ടായ നടപടിക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യങ്ങളാണെന്ന് കാണിച്ച് നിയമപോരാട്ടത്തിന് കളമൊരുക്കുകയാണ് എഡിജിപി. നവകേരള സദസ്സിനിടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച മുൻ  മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ എഡിജിപി അജിത് കുമാർ നേരിട്ട് ഇടപെട്ടുവെന്നാണ് കേസ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തലവൻ ഷൗക്കത്തലി സമർപ്പിച്ച ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് സസ്‌പെൻഷനിലേക്ക് വഴിവെച്ചത്. പൊലീസ് സേനയ്ക്ക് ഇത്രയധികം നാണക്കേടുണ്ടാക്കിയ ഒരു ഉദ്യോഗസ്ഥൻ ഇനി ആ പദവിയിൽ തുടരേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. 

തുടക്കത്തിൽ ഡിജിപി നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കണ്ട് മടക്കുകയും കൂടുതൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അപാകതകൾ പരിഹരിച്ച്, വ്യക്തമായ രേഖകളും സാക്ഷിമൊഴികളും അടക്കം കൂടുതൽ തെളിവുകളുമായി എസ്ഐടി വീണ്ടും ഡിജിപിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവഡ ചന്ദ്രശേഖർ എഡിജിപി അജിത് കുമാറിനോട് ഔദ്യോഗികമായി വിശദീകരണം തേടുകയും, ആഭ്യന്തര സെക്രട്ടറിക്ക് തുടർനടപടികൾക്കായി റിപ്പോർട്ട് കൈമാറുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ തന്റെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വയനാട്ടിലായിരുന്നുവെന്നുമാണ് അജിത് കുമാർ നൽകിയ മറുപടി. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന നിഗമനങ്ങളിലേക്കാണ് അന്വേഷണ സംഘം എത്തിയത്. അജിത് കുമാർ നേരിട്ട് വയനാട്ടിൽ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൃത്യമായ നിർദ്ദേശപ്രകാരമാണ് എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയതെന്നും തെളിവുകൾ നശിപ്പിച്ചതെന്നും എസ്ഐടി കണ്ടെത്തുകയായിരുന്നു.കേസ് ഡയറി തിരുത്താൻ കീഴുദ്യോഗസ്ഥർക്ക് നൽകിയ രഹസ്യ നിർദ്ദേശങ്ങളും ഫോൺ സംഭാഷണങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ എസ്ഐടി കണ്ടെത്തുകയും അത് ഡിജിപിക്കും സർക്കാരിനും മുന്നിൽ ഹാജരാക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന്റെ സമാനതകളില്ലാത്ത ഈ കണ്ടെത്തലുകൾ ശരിവെച്ചുകൊണ്ടാണ് ഒടുവിൽ സർക്കാർ അജിത് കുമാറിന് സസ്‌പെൻഷൻ അടിച്ച കൈയ്യിൽ കൊടുത്തത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത നടപടി വലിയൊരു രാഷ്ട്രീയ വടംവലിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എം ർ അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് വിമർശനം കൊടുത്തിരുന്നു അതിനിടെയാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി.എന്നാൽ, ഈ സസ്‌പെൻഷൻ ഉത്തരവ് കൈയും കെട്ടി നോക്കിനിൽക്കാൻ അജിത് കുമാർ തയ്യാറല്ല. യുഡിഎഫ്  സർക്കാരിന്റെ  ഭാഗത്തുനിന്നുണ്ടായ ഈ തീരുമാനം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും, തന്നെ ബലിയാടാക്കാനുള്ള നീക്കമാണെന്നും കാണിച്ച് ശക്തമായ പ്രതിരോധം തീർക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ സസ്‌പെൻഷനെ ചോദ്യം ചെയ്യുന്നതോടെ വിഷയം വരും ദിവസങ്ങളിൽ രൂക്ഷമായ ഒരു നിയമയുദ്ധത്തിലേക്ക് വഴിമാറും. താൻ സ്ഥലത്തില്ലായിരുന്നു എന്ന വാദമുയർത്തി അജിത് കുമാർ ഉന്നയിക്കുന്ന ന്യായങ്ങളും, അതിനെ പ്രതിരോധിക്കാൻ അട്ടിമറിയുടെ തെളിവുകൾ അക്കമിട്ടു നിരത്തി സർക്കാർ കോടതിയിൽ സ്വീകരിക്കുന്ന നിലപാടുകളും വരും ദിവസങ്ങളിൽ അജിത്  കുമാറിന്റെ ഭാവി തീരുമാനിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User