വിദേശത്ത് ഐക്യപ്രസംഗം, നാട്ടിൽ വർഗീയ വിലക്ക്; സംഘപരിവാറിന്റെ ഇരട്ടമുഖം വീണ്ടും

ന്യൂയോർക്കിൽ മതസൗഹാർദവും ഐക്യവും പ്രസംഗിച്ച മോഹൻ ഭാഗവതിന്റെ വാക്കുകൾക്ക് പിന്നാലെ മഹാരാഷ്ട്രയിൽ ഗർബ, ദണ്ഡിയ ആഘോഷങ്ങളിൽ മുസ്ലിംകൾക്ക് വിലക്കേർപ്പെടുത്തണമെന്ന വിഎച്ച്പി ആഹ്വാനം വിവാദമാകുന്നു.

Sep 05, 2026 - 14:14
0
വിദേശത്ത് ഐക്യപ്രസംഗം, നാട്ടിൽ വർഗീയ വിലക്ക്; സംഘപരിവാറിന്റെ ഇരട്ടമുഖം വീണ്ടും

അന്താരാഷ്ട്ര വേദികളിൽ മതേതരത്വവും  ഐക്യവും പ്രസംഗിക്കുകയും സ്വന്തം നാട്ടിൽ തികഞ്ഞ വർഗീയ വിഭജനവും വിദ്വേഷവും വിതയ്ക്കുകയും ചെയ്യുന്ന സംഘപരിവാർ അജണ്ടയുടെ പച്ചയായ മുഖമാണ് വീണ്ടും തുറന്ന് കാട്ടപ്പെടുന്നത്. വിദേശമണ്ണിൽ വെച്ച് സഹിഷ്ണുതയെക്കുറിച്ചും മാനവികതയെക്കുറിച്ചും വാനോളം സംസാരിക്കുന്നവർ, രാജ്യത്തിനകത്ത് തിരിച്ചെത്തുമ്പോൾ അതേ വാക്കുകളെ തല്ലിക്കെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ നടന്ന 'യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ' പരിപാടിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തിന്റെ ചൂടാറും മുൻപേയാണ് മഹാരാഷ്ട്രയിൽ നിന്ന് വർഗീയ ധ്രുവീകരണത്തിന്റെ പുതിയ വാർത്തകൾ പുറത്തുവരുന്നത്. ന്യൂയോർക്കിലെ പ്രസംഗത്തിൽ  ഐക്യത്തെ കുറിച്ച് മോഹൻ ഭാഗവത് വളരെ വാചാലനായിരുന്നു. "ഇന്ത്യയിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുവായി തുടരില്ല. നിങ്ങൾ സ്വയം ഒരു ഹിന്ദുവാണെന്ന് വിളിക്കണമെങ്കിൽ, എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കണം. എല്ലാ മനുഷ്യനും അന്തസ്സുണ്ട്, മനുഷ്യർക്കിടയിൽ വ്യത്യാസമില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും തങ്ങളുടെ വർഗീയ മുഖംമൂടി മറയ്ക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പ്രസ്താവനയെന്ന് തൊട്ടടുത്ത ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തെളിയിക്കുന്നതാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരാഗത ഗർബ, ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്ലിംകളെ പൂർണ്ണമായും വിലക്കണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്രയിൽ വിഎച്ച്പി രംഗത്തെത്തിയിരിക്കുകയാണ്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ആധാർ കാർഡുകൾ കർശനമായി പരിശോധിക്കണമെന്നും, നെറ്റിയിൽ തിലകം ചാർത്തുകയും ഹിന്ദു ആചാരപ്രകാരമുള്ള പൂജകളിൽ പങ്കെടുക്കുകയും ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്നും വിഎച്ച്പി സംഘാടകർക്ക് നിർദ്ദേശം നൽകി.  ഗർബയും ദണ്ഡിയയും കേവലം വിനോദോപാധിയോ നൃത്തപരിപാടിയോ അല്ലെന്നും, അത് ദുർഗ്ഗാദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് വിഎച്ച്പി ദേശീയ വക്താവ് ശ്രീരാജ് നായർ ഇതിന് നൽകുന്ന ന്യായീകരണം. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്ത വിഭാഗങ്ങൾക്ക് ഇത്തരം ചടങ്ങുകളിൽ കാര്യമില്ലെന്നും അദ്ദേഹം വാദിക്കുന്നുന്ദ്. എന്നാൽ ഇതിന് പിന്നിലുള്ള യഥാർത്ഥ ലക്ഷ്യം ഹിന്ദുത്വ സംഘടനകൾ നിരന്തരം ഉയർത്താറുള്ള 'ലവ് ജിഹാദ്' എന്ന വ്യാജ ആരോപണവും അതുവഴിയുള്ള വർഗീയ വിഭജനവുമാണ്. ആഘോഷങ്ങളുടെ പേരിൽ സാമുദായിക ധ്രുവീകരണം നടത്തി ജനങ്ങളെ അകറ്റാനാണ് ഇത്തരം വിലക്കുകളിലൂടെ സംഘടനകൾ ശ്രമിക്കുന്നത്. ബാജ്രംഗ് ദളും വിഎച്ച്പിയും ഗർബ വേദികളിൽ കർശന നിരീക്ഷണം നടത്തുമെന്ന ഭീഷണിയും അവർ മുഴക്കുന്നുണ്ട്.  ജനങ്ങളെ തിരിച്ച് ഭിന്നിപ്പിക്കുന്ന ഇത്തരം അനാചാരങ്ങൾക്കും വിദ്വേഷ ആഹ്വാനങ്ങൾക്കും മഹാരാഷ്ട്രയിലെ ബിജെപി ഭരണകൂടത്തിന്റെ  പരോക്ഷമായാ പിന്തുണയും ലഭിക്കുന്നുണ്ട്. വിഎച്ച്പിയുടെ ഈ ഭരണഘടനാ വിരുദ്ധമായ നിർദേശത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ചന്ദ്രശേഖർ ബാവൻകുലെ രംഗത്തെത്തിയത് ഭരണകക്ഷിയുടെ യഥാർത്ഥ മനോഭാവം വെളിവാക്കുകയാണ്. പോലീസ് അനുമതിയോടെ നടത്തുന്ന സ്വകാര്യ പരിപാടികളിൽ പ്രവേശന നിബന്ധനകൾ നിശ്ചയിക്കാൻ സംഘാടകർക്ക് പൂർണ്ണ അവകാശമുണ്ടെന്നാണ് മന്ത്രിയുടെ വാദം. വിഎച്ച്പിയുടെ ഈ നീക്കം കേവലം ഒരു ആചാര സംരക്ഷണം മാത്രമല്ല, മറിച്ച് ബിജെപിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്യമായി പ്ലാൻ ചെയ്ത വർഗീയ അജണ്ടയാണെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവങ്ങൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User