എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി റിസ്ഡിപ്ലാം; എസ്.എം.എ രോഗികൾക്ക് ആശ്വാസം, പ്രായപരിധി ഒഴിവാക്കാനും നടപടി

സൗജന്യ മരുന്ന് വിതരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; 12 വയസ്സെന്ന പരിധി ഒഴിവാക്കി എല്ലാ പ്രായത്തിലുമുള്ള അർഹരായ രോഗികൾക്കും ചികിത്സ ഉറപ്പാക്കും

Nov 08, 2026 - 17:37
0
എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി റിസ്ഡിപ്ലാം; എസ്.എം.എ രോഗികൾക്ക് ആശ്വാസം, പ്രായപരിധി ഒഴിവാക്കാനും നടപടി

എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതർക്കും കുടുംബങ്ങൾക്കും ആശ്വാസകരമായ നടപടിയുമായി ആരോഗ്യവകുപ്പ്. സൗജന്യമായി വിതരണം ചെയ്യുന്ന റിസ്ഡിപ്ലാം (Risdiplam) മരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജുകൾ വഴി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ എസ്.എം.എ ക്ലിനിക്കുകൾ വഴിയാണ് രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നത്. ഇതുമൂലം മറ്റ് ജില്ലകളിലുള്ള രോഗികൾക്കും രക്ഷിതാക്കൾക്കും മരുന്ന് ലഭിക്കുന്നതിനായി ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. ഈ പ്രയാസം ഒഴിവാക്കുന്നതിനാണ് എല്ലാ മെഡിക്കൽ കോളേജുകളിലെയും പീഡിയാട്രിക് വിഭാഗം വഴി മരുന്ന് ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സൗജന്യമായി മരുന്ന് ലഭിക്കുന്നത്. ഈ പ്രായപരിധി ഒഴിവാക്കി എല്ലാ പ്രായത്തിലുമുള്ള അർഹരായ എസ്.എം.എ രോഗികൾക്കും സൗജന്യ മരുന്ന് ലഭ്യമാക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് ഉടൻ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ചികിത്സയ്ക്കായി രോഗികളും കുടുംബങ്ങളും ദൂരങ്ങൾ താണ്ടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം മരുന്നിന്റെ ലഭ്യതയും ചികിത്സയുടെ തുടർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യം. രോഗികളുടെ വീടുകൾക്ക് അടുത്തുള്ള ചികിത്സാ സംവിധാനങ്ങളിലൂടെ കൂടുതൽ ഫലപ്രദമായ പരിചരണം ലഭ്യമാക്കുന്ന വികേന്ദ്രീകൃത ആരോഗ്യപരിചരണ മാതൃകയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

എസ്.എം.എ ചികിത്സയിൽ ആരംഭിക്കുന്ന ഈ മാതൃക ഭാവിയിൽ മറ്റ് അപൂർവരോഗങ്ങൾക്കും കുട്ടികളിലെ ദീർഘകാല രോഗങ്ങൾക്കും പ്രയോജനപ്പെടുത്തും. കുടുംബങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് രോഗികളുടെ അരികിലേക്ക് ചികിത്സ എത്തിക്കുന്ന കുടുംബകേന്ദ്രീകൃത ആരോഗ്യപരിചരണ സംവിധാനം വികസിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User