CPIM ന് എട്ടിന്റെ പണി| രാത്രിക്ക് രാത്രി ഷെഡ് കത്തിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ കൊടികുത്തി UDF MLA
പയ്യന്നൂരിൽ മുൻ സി.പി.ഐ.എം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളും വിശകലനം ചെയ്യുന്ന അഭിപ്രായലേഖനം.
പയ്യന്നൂരിൽ നിന്ന് ഇപ്പോൾ വരുന്നത് കേവലം ഒരു രാഷ്ട്രീയ വാർത്തയല്ല, വിയോജിക്കുന്നവരുടെ ഉപജീവനമാർഗ്ഗം പോലും തല്ലിക്കെടുത്തുന്ന ക്രൂരവും അധമവുമായ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭയാനകമായ കാഴ്ചയാണ്. മുൻ സി.പി.ഐ.എം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ വളർത്തൽ കേന്ദ്രത്തിന് തീയിട്ട സംഭവം ജനാധിപത്യ സമൂഹത്തെ ആകെ നാണിപ്പിക്കുന്ന ഒന്നാണ്. രാത്രിയുടെ മറവിൽ ബോംബെറിഞ്ഞ്, ചെമ്മീൻകെട്ടിലെ ഷെഡ് പൂർണ്ണമായി കത്തിച്ചു ചാമ്പലാക്കുക, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തുക, പോരാത്തതിന് ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷം കലർത്താൻ പോലും മടിക്കാത്ത തരത്തിലേക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അണികൾ അധഃപതിച്ചു എന്നത് വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യമാണ്.സ്വന്തം പാർട്ടിയിലെ അഴിമതിക്കെതിരെ വിരൽ ചൂണ്ടി എന്നതാണ് വി. കുഞ്ഞികൃഷ്ണൻ ചെയ്ത തെറ്റ്. രക്തസാക്ഷി ധനരാജ് ഫണ്ട് തട്ടിപ്പിൽ മുൻ എം.എൽ.എ ടി.വി. മധുസൂദനന്റെ പങ്കും പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകളും വിളിച്ചു പറഞ്ഞ കുഞ്ഞികൃഷ്ണനെ പുകഞ്ഞ കൊള്ളി പുറത്ത് എന്ന മട്ടിൽ സി.പി.ഐ.എം ആട്ടിയോടിക്കുകയാണുണ്ടായത്. എന്നാൽ ജനങ്ങൾക്കിടയിൽ ആ സത്യസന്ധനായ നേതാവിനുള്ള സ്വീകാര്യത സി.പി.ഐ.എം ഔദ്യോഗിക നേതൃത്വത്തെ കണിശമായി ഭയപ്പെടുത്തിയിരുന്നു. പാർട്ടി പുറത്താക്കിയിട്ടും പയ്യന്നൂരിലെ ജനങ്ങൾ വി. കുഞ്ഞികൃഷ്ണനൊപ്പം ഉറച്ചുനിന്നു. സി.പി.ഐ.എമ്മിന്റെ സ്വന്തം ഉറച്ച കോട്ടയിൽ നിന്ന് അതേ ജനങ്ങൾ കുഞ്ഞികൃഷ്ണനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് എം.എൽ.എയായി നിയമസഭയിലേക്ക് അയച്ചപ്പോൾതകർന്നത് പാർട്ടിയുടെ അഹങ്കാരവും ഈഗോയുമാണ്.
ജനങ്ങളുടെ തീരുമാനത്തെ മാനിക്കാൻ തയ്യാറാകാത്ത, ജനാധിപത്യത്തെ ഭയക്കുന്ന പാർട്ടി നേതൃത്വം അവിടെയാണ് തോറ്റുപോകുന്നത്. മുൻ സി.പി.ഐ.എം. നേതാവായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ടത് അജ്ഞാതർ ആണെന്നായിരുന്നു ആദ്യത്തെ അറിവ് എന്നാൽ സിപിഐഎം പ്രവർത്തകരാണ് തീ ഇട്ടതെന്ന ശക്തമായ ആരോപണത്തിലുറച്ചു നിന്നുകൊണ്ട് പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ടി പുരുഷോത്തമൻ ഇരുന്ന് പ്രതിഷേധം നടത്തുകയാണ് .ചെമ്മീൻകെട്ടിനോട് ചേർന്നുള്ള തന്റെ ഷെഡ്ഡിനാണ് തീയിട്ടത് അതുകൊണ്ട് തന്നെ കുറ്റക്കാരെ ഉടൻ പിടികൂടണമെന്നാവശ്യം.വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിൻ്റെ പേരിൽ തുടർച്ചയായ ആക്രമണമാണിതെന്നും പുരുഷോത്തമൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്ഥലത്ത് എത്തണമെന്നതാണ് പുരുഷോത്തമന്റെ ആവശ്യം.ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡിന് തീയിടുകയായിരുന്നുവെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. ഷെഡിന് തീയിട്ടതിന് പുറമെ, ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയതായും സംശയമുണ്ട്.പുരുഷോത്തമന്റെ സഹോദരപുത്രൻ സ്ഥലത്ത് കാവലുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം പുലർച്ചെ അവിടെ നിന്ന് മാറിയ സമയത്താണ് അക്രമികൾ എത്തിയത്. സി.പി.ഐ. എം. ഔദ്യോഗിക നേതൃത്വവുമായി പുരുഷോത്തമൻ ഏറെ നാളായി തർക്കത്തിലായിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലും അദ്ദേഹം വിമർശനങ്ങൾക്ക് വിധേയനായിരുന്നു.കുഞ്ഞികൃഷ്ണന്റെ സത്യസന്ധതയെയും നീതിയെയും പിന്തുണച്ചു എന്ന ഒരൊറ്റ കാരണത്താലാണ് ടി. പുരുഷോത്തമൻ ഇന്ന് ഈ അനീതിക്ക് ഇരയായത്. ഒരു മനുഷ്യന്റെ അധ്വാനത്തെയും ജീവനോപാധിയെയും ഇല്ലാതാക്കി പ്രതികാരം തീർക്കാൻ ഇറങ്ങിത്തിരിക്കുന്ന ഈ ശൈലി കമ്മ്യൂണിസത്തിന് തന്നെ മാനക്കേടാണ്. പോലീസിന് മുന്നിൽ ഇരിപ്പുസമരം നടത്തി മാന്യമായി പ്രതിഷേധിക്കുന്ന പുരുഷോത്തമന്റെ ചിത്രം നമ്മോട് സംസാരിക്കുന്നത് സി.പി.ഐ.എമ്മിന്റെ ഈ താഴന്ന തരംരാഷ്ട്രീയത്തെക്കുറിച്ചാണ്. ജനവിധി നൽകിയ ആഘാതത്തിൽ നിന്ന് കരകയറാൻ കഴിയാതെ, വിയോജിപ്പുള്ളവരെ കായികമായും സാമ്പത്തികമായും തകർക്കാൻ നോക്കുന്ന സി.പി.ഐ.എമ്മിന്റെ ഈ കുടിപ്പക രാഷ്ട്രീയം പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങൾ തിരുത്തിയിട്ടും തിരുത്താൻ തയ്യാറാകാത്തവർക്ക് വരുംദിവസങ്ങളിൽ ജനങ്ങൾ തന്നെ കൂടുതൽ ശക്തമായ മറുപടി നൽകുമെന്നതിൽ സംശയമില്ല.
അർഷ കെ.എസ്