പഞ്ചാബ് ദൗത്യം സച്ചിന്; തമ്മിലടിക്കുന്ന നേതാക്കളെ ഒരുമിപ്പിക്കുമോ പൈലറ്റ്?
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര കലഹം അവസാനിപ്പിച്ച് പാർട്ടിയെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന കനത്ത ദൗത്യമാണ് സച്ചിൻ പൈലറ്റിന് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്.
സത്യത്തിൽ രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും സച്ചിൻ പൈലറ്റിനെ വെല്ലുവിളിച്ചിരിക്കുകയാണ്.. ആ വെല്ലുവിളി എഐസിസി ജനറൽ സെക്രട്ടറി ആയ സച്ചിൻ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.. എന്താണ് ആ വെല്ലുവിളി ? മറ്റൊന്നുമല്ല അത് പഞ്ചാബ് സംസ്ഥാനത്തിൻ്റെ ചുമതലയാണ്.. എങ്ങനെയാണ് അത് വെല്ലുവിളി ആകുന്നത്.. ഓരോ ചുമതലകളും ഒരർത്ഥത്തിൽ വെല്ലുവിളി തന്നെയാണ്.. ഇവിടെ സച്ചിനെ സംബന്ധിച്ച് ഈ ചുമതല അത്ര നിസാരമാകില്ല.. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും കനത്ത വെല്ലുവിളിയാണ്.. അതിൻ്റെ കാരണം നോക്കാം. പഞ്ചാബ് കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ്. അഞ്ച് വർഷത്തിൽ ഒരിക്കൽ ഭരണം ഇവിടെ ഉറപ്പാണ് പാർട്ടിക്ക്.. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് പഞ്ചാബ്. കഴിഞ്ഞ തവണത്തെ നാണം കെട്ട തോൽവിയുടെ കറ മായ്ച്ച് കളയാൻ ഭരണം അനിവാര്യം.. ആ സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് എന്ന യുവ നേതാവിനെ ചുമതല ഏൽപ്പിച്ച് പഞ്ചാബിലേക്ക് വിട്ടിരിക്കുന്നത്.. അതായത് വെറും ചുമതലയല്ല എന്ന് ചുരുക്കം.. എന്നാൽ നിലവിൽ അവിടെ കോൺഗ്രസിൻ്റെ അവസ്ഥ അത്ര സുഖകരമല്ല എന്നതാണ് വസ്തുത..
2022 ൽ അധികാരത്തിലിരിക്കെ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് തകർന്ന് തരിപ്പണമാകുന്നതാണ് കണ്ടത്. 117 സീറ്റുകളിൽ കിട്ടിയത് 22 എണ്ണം.. തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ഹൈക്കമാൻഡ് മുഖ്യമന്ത്രി ആയിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റി ചരൺജിത് സിംഗ് ചന്നിയെ നിയമിച്ചു. തുടർഭരണം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അമരീന്ദറിൻ്റെ ജനപ്രീതി ഇടിഞ്ഞു എന്നതാണ് പാർട്ടി കണ്ടെത്തിയ കാരണം. ഒപ്പം ചന്നിയെന്ന ദലിത് നേതാവിനെ മുഖ്യമന്ത്രി ആക്കുന്നത് നേട്ടമാകുമെന്നും കരുതി. എന്നിട്ട് സംഭവിച്ചതോ അമരീന്ദർ കോൺഗ്രസ് വിട്ടു പോയി പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. BJPക്ക് ഒപ്പം ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. അമരീന്ദറിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ല. കോൺഗ്രസും തകർന്നു.. സാധാരണ ഗതിയിൽ ഓരോ അഞ്ച് വർഷവും കോൺഗ്രസും ശിരോമണി അകാലിദൾ- ബിജെപി സഖ്യവുമാണ് ഭരണത്തിൽ വന്നിരുന്നത്.. എന്നാൽ കഴിഞ്ഞ തവണ കഥ മാറി.. കോൺഗ്രസിനെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചത് ആം ആദ്മി പാർട്ടി.. ദില്ലിയിലെ ചരിത്രത്തിന് സമാനം. അവിടെ 2015 ൽ തുടർച്ചയായി 15 വർഷം ഭരണത്തിലിരുന്ന കോൺഗ്രസിനെ ഇല്ലായ്മ ചെയ്താണ് AAP ഭരണം പിടിച്ചത്. പിന്നീട് ഇതുവരെ കോൺഗ്രസിന് അവിടെ ഒരു MLA യെ ജയിപ്പിക്കാൻ പറ്റിയിട്ടില്ല. കഴിഞ്ഞ തവണ AAP യിൽ നിന്ന് BJP അധികാരം പിടിക്കുകയും ചെയ്തു. അത് തന്നെയാണ് പഞ്ചാബിലേക്ക് നോക്കുമ്പോൾ കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നതും.. ഇത്തവണ അധികാരം പിടിച്ചില്ലെങ്കിൽ അത് കോൺഗ്രസിന് പഞ്ചാബിൽ തിരിച്ചുവരവിനുള്ള എല്ലാ വാതിലുകളും അടയ്ക്കും.. മാത്രവുമല്ല, അധികം വൈകാതെ ബിജെപി കോൺഗ്രസിന്റെ സ്ഥാനം അവിടെ പിടിച്ചെടുക്കുകയും ചെയ്യും.. നിലവിൽ ബിജെപി അവിടെ സീറോയാണ്.. ശിരോമണി അകാലിദളിന്റെ ബലത്തിലാണ് മുൻപൊക്കെ ഭരണത്തിൽ പങ്കാളിയായിട്ടുള്ളത്.. കഴിഞ്ഞ തവണ സഖ്യം വിട്ട് ഇരുപാർട്ടികളും വെവ്വേറെ മത്സരിച്ചു.. രണ്ടും പച്ചപിടിച്ചില്ല.. അതുകൊണ്ട് ഇത്തവണ വീണ്ടും സഖ്യം ചേരുമെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ടെങ്കിലും ബിജെപി അതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നത്.. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തന്നെയാണ് സംഘടനാ ചുമതലയുള്ള ബിഎൽ സന്തോഷ് പറഞ്ഞിരിക്കുന്നത്.. അങ്ങനെയെങ്കിൽ കോൺഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.. അതിന് ഭരണകക്ഷിക്കെതിരെ നിലനിൽക്കുന്ന ശക്തമായ വികാരം തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാൻ കോൺഗ്രസിന് കഴിയണം..
എന്നാൽ സംസ്ഥനത്തെ പാർട്ടിയുടെ നിലവിലെ അവസ്ഥ അത്ര ശുഭകരമല്ല.. പടലപ്പിണക്കങ്ങൾ പാർട്ടിയെ തളർത്തിയിരിക്കുകയാണ്.. അമരീന്ദറിനെ പോലെ എടുത്ത് കാട്ടാൻ ശക്തനായ ഒരു നേതാവില്ല.. ഉള്ള നേതാക്കൾ അധികാരത്തിനായുള്ള തമ്മിലടിയിലുമാണ്.. അങ്ങനെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞ് കിടക്കുന്ന പഞ്ചാബിന്റെ മണ്ണിലേക്കാണ് സച്ചിൻ പൈലറ്റ് തന്റെ ദൗത്യവുമായി വന്നിറങ്ങുന്നത്.. ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റിയാണ് സച്ചിന് പഞ്ചാബിന്റെ ചുമതല നൽകിയിരിക്കുന്നത്.. അതിന്റെ കാരണം പാർട്ടിയിലെ തമ്മിലടി പരിഹരിക്കാൻ ബാഗേലിന് കഴിഞ്ഞില്ല എന്നതാണ്.. പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ് വാറിംഗും മുൻമുഖ്യമന്ത്രി ചരൺചിജ് സിംഗ് ചന്നിയും നേരിൽ കണ്ടാൽ അടിയാണ്.. അമരീന്ദറിനെ മാറ്റണമെന്ന ചന്നിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ല.. പിന്നാലെ ചന്നിക്ക് തെരഞ്ഞെടുപ്പ് പ്രചരണ ചുമതല നൽകി.. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രതാപ് സിംഗ് ബജ് വ, സുഖ് വീന്ദർ സിംഗ് രൺധാവ എംപി എന്നിവരെല്ലാം പാർട്ടി സംസ്ഥാന അധ്യക്ഷനുമായി ഇടഞ്ഞ് നിൽക്കുകയാണ്.. ഭൂപേഷ് ബാഗേൽ പാർട്ടി അധ്യക്ഷന്റെ പക്ഷം ചേർന്നുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന ആരോപണവും ഈ നേതാക്കളിൽ ശക്തമായിരുന്നു.. ആ സമയത്താണ് ബാഗേലിനെ നീക്കി സച്ചിനെ കൊണ്ടുവന്നിരിക്കുന്നത്. ഈ തീരുമാനത്തെ ചന്നിയും വാറിംഗും ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും ഒരു പോലെ സ്വാഗതം ചെയ്തിട്ടുണ്ട്.. എന്നാൽ ഇതുകൊണ്ട് സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന നിലപാടിൽ നിന്ന് ചന്നി പിൻമാറുമോ എന്നതിൽ വ്യക്തതയില്ല.. സംസ്ഥാനത്തെ എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് ഉടൻ തന്നെ സംസ്ഥാന വ്യാപകമായി ഒരു ബസ് യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ ഗാന്ധി.. അത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാക്കി മാറ്റാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതിന് മുൻപ് ഇടഞ്ഞ് നിൽക്കുന്ന ഈ നേതാക്കളെയെല്ലാം ഒരു കൂടക്കീഴിൽ അണിനിരത്തുക എന്നതാണ് സച്ചിൻ പൈലറ്റ് നേരിടുന്ന ആദ്യ പരീക്ഷണം..
ഒപ്പം പാർട്ടിയെ അവിടെ ഭരണത്തിലേക്ക് തിരികെ കൊണ്ടുവരികയും വേണം.. അതുകൊണ്ട് തന്നെ പഞ്ചാബിന്റെ ചുമതല നൽകി താങ്കൾക്ക് പറ്റുന്നത് ചെയ്ത് കാണിക്കു എന്ന അർത്ഥത്തിൽ രാഹുൽ ഗാന്ധി സച്ചിനെ സംഘടനാപരമായി വെല്ലുവിളിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.. ഈ നേതാക്കളെ കൊണ്ട് വല്ലാത്ത തലവേദനയാണ്, താങ്കൾക്ക് പറ്റുമെങ്കിൽ ഒന്ന് ശെരിയാക്കി താ, ഞാൻ സംസ്ഥാനത്ത് എത്തുന്നതിന് മുൻപ് പാർട്ടിയിൽ ഐക്യം ഊട്ടിയുറപ്പിക്കണം എന്നാണ് രാഹുൽ സച്ചിനോട് പറയാതെ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തം.. ആ വെല്ലുവിളിയിൽ വിജയിക്കാൻ കഴിഞ്ഞാൽ 2028 ൽ നടക്കുന്ന രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ സച്ചിൻ തന്നെയാകും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)