ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ടെന്ന ഉറപ്പാണ് സിദ്ധാർഥ് ആപ്പ്: മുഖ്യമന്ത്രി വി.ഡി. സതീശൻ.
റാഗിങ് ഉൾപ്പെടെയുള്ള പരാതികൾ രഹസ്യമായി അറിയിക്കാം; വിദ്യാർഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകി സർക്കാർ – വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ നൽകാനും സഹായം തേടാനും സൗകര്യം.
തിരുവനന്തപുരം: വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ് പുറത്തിറക്കി. റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടാനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്ന ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ടെന്ന ഉറപ്പാണ് സിദ്ധാർഥൻ ആപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല വിദ്യാർഥിനി പൗശാലിക്ക് ആപ്പിന്റെ മാതൃക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പൗശാലിയുടെ ഫോണിൽനിന്ന് ആപ്പിലേക്ക് അയച്ച സന്ദേശം അധികാരികൾക്ക് തത്സമയം ലഭിക്കുന്നത് ചടങ്ങിൽ പ്രദർശിപ്പിച്ചു. സിദ്ധാർഥന്റെ അമ്മയും ചടങ്ങിൽ പങ്കെടുത്തു.
ഇനി ഒരാൾക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന സിദ്ധാർഥന്റെ അമ്മയുടെ വാക്കുകളിൽ നിന്നാണ് ആപ്പിന്റെ ആശയം രൂപപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് പരാതികളോ മാനസിക പ്രയാസങ്ങളോ ഉണ്ടെങ്കിൽ ആപ്പിലൂടെ സന്ദേശമയയ്ക്കാം. സന്ദേശമയയ്ക്കുന്നവരുടെ പേര് വെളിപ്പെടുത്തില്ല. റാഗിങ് നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ആപ്പെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇനി ഒരു സിദ്ധാർഥൻ ഉണ്ടാകാൻ പാടില്ലെന്ന ഉത്തമബോധ്യം സർക്കാരിനുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒരു ആശങ്കയുമില്ലാതെ കേരളത്തിലെ ഏതൊരു ക്യാമ്പസിലേക്കും മക്കളെ അയയ്ക്കാൻ മാതാപിതാക്കൾക്ക് സർക്കാർ ധൈര്യം പകരും. റാഗിങ് മാത്രമല്ല, അക്രമങ്ങളും അരാജകത്വവും പോർവിളികളും ക്യാമ്പസുകളിൽ വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടാനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും.
ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് രൂപകൽപന ചെയ്തത്. ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)