വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി; കേരളത്തിന്റെ സമുദ്രവ്യാപാരത്തിന് പുതിയ വാണിജ്യവാതിൽ
ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി. സബ്രിന 111 കപ്പലിലെത്തിയ എൻജിനീയേർഡ് ബിൽഡിങ് ബോർഡുകൾ; ട്രാൻഷിപ്മെന്റിനപ്പുറം ആഭ്യന്തര ഇറക്കുമതി-കയറ്റുമതി രംഗത്തും വിഴിഞ്ഞത്തിന് പുതിയ കുതിപ്പ്
കേരളത്തിന്റെ സമുദ്രവ്യാപാര മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി. ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി. സബ്രിന 111 എന്ന കപ്പലിലാണ് കണ്ടെയ്നർ എത്തിയത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് കണ്ടെയ്നറിലുള്ളത്.
ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം ആഭ്യന്തര ഇറക്കുമതി-കയറ്റുമതി രംഗത്തും സജീവ സാന്നിധ്യമാകാനുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലെ നിർണായക നാഴികക്കല്ലാണിത്. ഇറക്കുമതി സൗകര്യം പ്രവർത്തനക്ഷമമായതോടെ കേരളത്തിലെ വ്യാപാരികൾക്ക് വിദേശത്തുനിന്നുള്ള ചരക്കുകൾ നേരിട്ട് വിഴിഞ്ഞത്ത് ഇറക്കാനും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി വിപണികളിലെത്തിക്കാനും കഴിയും.
മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കുകൾ എത്തിക്കേണ്ടിവരുന്ന സാഹചര്യം കുറയുന്നതോടെ ഗതാഗതസമയവും അനുബന്ധ ചെലവുകളും ലഘൂകരിക്കാനാകും. ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ്, സംഭരണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിനകത്ത് പുതിയ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇതിലൂടെ വഴിയൊരുങ്ങും.
കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവർക്കും പുതിയ തൊഴിൽ-സംരംഭക സാധ്യതകൾ തുറക്കും. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ അനുബന്ധ സേവനമേഖലകളുടെ വളർച്ചയ്ക്കും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇറക്കുമതി സൗകര്യം സഹായകമാകും.
സമ്പൂർണ എക്സിം (EXIM) പ്രവർത്തനങ്ങൾ സജ്ജമായതിന് പിന്നാലെ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് തുറമുഖത്തിന്റെ പ്രവർത്തനവികാസത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ വിഴിഞ്ഞം വഴി വിദേശ വിപണികളിലേക്ക് എത്തിക്കാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാനുമുള്ള സാധ്യതകൾ ഇതോടെ വിപുലമാകും.
വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും സ്വാഭാവിക ആഴക്കടൽ സൗകര്യങ്ങളുമാണ് ആഗോള സമുദ്രവ്യാപാരരംഗത്ത് തുറമുഖത്തിന് സവിശേഷമായ പ്രാധാന്യം നൽകുന്നത്. അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കപ്പൽഗതാഗത പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തുറമുഖത്തിന് ഏകദേശം 18–20 മീറ്റർ സ്വാഭാവിക ആഴമുണ്ട്. വലിയ കണ്ടെയ്നർ കപ്പലുകൾക്ക് അനുയോജ്യമായ ആഴക്കടൽ ബെർത്തുകളും അത്യാധുനിക ചരക്ക് കൈകാര്യം ചെയ്യൽ സംവിധാനങ്ങളും വിഴിഞ്ഞത്തിന്റെ പ്രവർത്തനമികവിന് കരുത്തേകുന്നു.
8 ക്വേ ക്രെയിനുകളും 24 പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും ഉൾപ്പെടുന്ന സംവിധാനം കണ്ടെയ്നർ നീക്കം വേഗത്തിലും കാര്യക്ഷമമായും നിർവഹിക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ അധിഷ്ഠിത ചരക്ക് കൈകാര്യം ചെയ്യൽ സംവിധാനങ്ങളും ആധുനിക അടിസ്ഥാനസൗകര്യങ്ങളും വലിയ കപ്പലുകളെ ആകർഷിക്കുന്നതിനും ആഗോള ചരക്കുനീക്ക ശൃംഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.
പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണച്ചടങ്ങ്.
വിഴിഞ്ഞം തുറമുഖവും സംസ്ഥാനവും കൈവരിച്ച അഭിമാനകരമായ നേട്ടമാണിതെന്ന് എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഗേറ്റ്വേ ട്രാഫിക് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മൂന്ന് മാസത്തിനുള്ളിൽ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് വലിയ നേട്ടമാണ്. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുമ്പോഴാണ് നാടിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ വിഴിഞ്ഞത്തെത്തിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന്റെ കവാടമായി വിഴിഞ്ഞത്തെ മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ വരവോടെ വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കും ലോജിസ്റ്റിക്സ് ശൃംഖലകൾക്കും പുതിയ സാധ്യതകളാണ് തുറക്കുന്നത്. കേരളത്തിലെ വ്യവസായങ്ങൾക്കും സംരംഭകർക്കും ആഗോള വിപണികളുമായി കൂടുതൽ കാര്യക്ഷമമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ വർധിക്കുന്നതോടെ സമുദ്രവ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിന്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയും ശക്തമാകുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)