പാക് അതിർത്തിക്ക് സമീപം റെയിൽവേ ട്രാക്കിൽ സ്ഫോടനം; രണ്ട് തൂണുകൾ തകർന്നു, ട്രെയിൻ സർവീസുകൾ റദ്ദാക്കി

പാക് അതിർത്തിക്ക് സമീപം അനുപ്ഗഢ്–സൂറത്ത്ഗഢ് റെയിൽപാതയിൽ സ്ഫോടനം; ട്രാക്കിന് താഴെ കുഴി, രണ്ട് കോൺക്രീറ്റ് തൂണുകൾ തകർന്നു; സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

Nov 04, 2026 - 15:36
0
പാക് അതിർത്തിക്ക് സമീപം റെയിൽവേ ട്രാക്കിൽ സ്ഫോടനം; രണ്ട് തൂണുകൾ തകർന്നു, ട്രെയിൻ സർവീസുകൾ റദ്ദാക്കി

ശ്രീഗംഗാനഗർ: ഇന്ത്യ–പാക് അതിർത്തിക്ക് സമീപം രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. അനുപ്ഗഢ്–സൂറത്ത്ഗഢ് റെയിൽപാതയിൽ 50 ജിബി ഗ്രാമത്തിന് സമീപമാണ് ചൊവ്വാഴ്ച രാത്രി സംഭവം. ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകൾ സ്ഫോടനത്തിൽ തകർന്നു. സംഭവത്തെ തുടർന്ന് രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

രാത്രി 9.45 ഓടെയായിരുന്നു സ്ഫോടനമെന്നാണ് വിവരം. ഏകദേശം 45 മിനിറ്റ് മുമ്പ് ഇതുവഴി പാസഞ്ചർ ട്രെയിൻ കടന്നുപോയിരുന്നു. ട്രാക്കിന് താഴെ രണ്ടടി ആഴത്തിലുള്ള കുഴിയും കണ്ടെത്തി. സമീപവാസികൾ സ്ഫോടനശബ്ദം കേട്ട് സ്ഥലത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അടുത്തിടെ അതിർത്തി മേഖലയിൽനിന്ന് 7.5 കിലോ ആർഡിഎക്സ് പിടിച്ചെടുത്ത സംഭവവുമായി സ്ഫോടനത്തിന് ബന്ധമുണ്ടോയെന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നതിന് നിലവിൽ തെളിവുകളില്ലെന്ന് ശ്രീഗംഗാനഗർ എസ്.പി ഹരിശങ്കർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സൂറത്ത്ഗഢ്–അനുപ്ഗഢ് റൂട്ടിലെ രണ്ട് പാസഞ്ചർ ട്രെയിനുകളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയത്. റെയിൽവേ ട്രാക്ക് മനഃപൂർവം തകർത്തതാണോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User