കാലടി സർവകലാശാല വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷ എഴുതാനാകില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായി. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്.
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾക്ക് ഹൈക്കോടതി വിധി തിരിച്ചടിയായി. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ നവംബർ നാലിന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷകൾ എഴുതാൻ വിദ്യാർഥികൾക്ക് കഴിയില്ല.
വൈസ് ചാൻസലർ ഡോ. സിസ തോമസും സർവകലാശാലയും നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ വിദ്യാർഥികൾക്കില്ലെന്നും പരീക്ഷാ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും സർവകലാശാല കോടതിയിൽ വാദിച്ചിരുന്നു.
ഓഗസ്റ്റ് 13ന് സർവകലാശാലയിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിനിടെ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് 16 വിദ്യാർഥികളെ സെപ്റ്റംബർ ഒന്നിന് സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലറെ കയ്യേറ്റം ചെയ്തെന്നും വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിച്ചെന്നുമാണ് സർവകലാശാലയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ വിദ്യാർഥികൾ നിഷേധിച്ചിട്ടുണ്ട്.
സസ്പെൻഷൻ ചോദ്യം ചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഒക്ടോബർ 30ന് സിംഗിൾ ബെഞ്ച് പരീക്ഷ എഴുതാൻ ഇടക്കാല അനുമതി നൽകിയത്. പരീക്ഷാ ഫീസ് സ്വീകരിക്കാനും പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കാനുമായിരുന്നു നിർദേശം. എന്നാൽ ഇതിനെതിരെ സർവകലാശാല അപ്പീൽ നൽകുകയായിരുന്നു.
അതിനിടെ, സസ്പെൻഷനിലായ 16 പേരിൽ 12 വിദ്യാർഥികളെ മാപ്പപേക്ഷയും നിബന്ധനകളും അംഗീകരിച്ചാൽ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന നാല് വിദ്യാർഥികളുടെ സസ്പെൻഷൻ രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെയും വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)