20 സംസ്ഥാനങ്ങള്‍ കറങ്ങിയ വിദേശി കേരളത്തെക്കുറിച്ച് പറയുന്നത്

Jul 01, 2026 - 16:50
0
20 സംസ്ഥാനങ്ങള്‍ കറങ്ങിയ വിദേശി കേരളത്തെക്കുറിച്ച് പറയുന്നത്

ഇന്ത്യയിലെ 20 സംസ്ഥാനങ്ങള്‍ കറങ്ങിയ ജര്‍മന്‍ ട്രാവലര്‍ ക്രിസ്റ്റ്യന്‍ ബെറ്റ്‌സ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഓരോ സംസ്ഥാനത്തിനും റാങ്കിടുന്നു. ഭക്ഷണശീലം മുതല്‍ ആതിഥ്യ മര്യാദ വരെ ഓരോ സംസ്ഥാനത്തും താനനുഭവിച്ച സന്തോഷങ്ങളെ അടിസ്ഥാനമാക്കിയാണ് ബെറ്റ്‌സ്മാന്റെ പട്ടിക. എന്താണ് കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്? എന്താണ് ഇന്ത്യയിലെ ഏറ്റവും ആഹ്ലാദകരമായ അനുഭവം?


ബെറ്റ്‌സ്മാന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല ആത്മീയാനുഭവവും ആതിഥ്യ മര്യാദയും പഞ്ചാബിലാണ്. സാഹസിക സഞ്ചാരത്തിന് പറ്റിയ ഏറ്റവും മികച്ച സംസ്ഥാനം മേഘാലയയും. നാഗാലാന്റിലാണ് മികച്ച ഗോത്രവര്‍ഗക്കാരുള്ളതെന്ന് ബെറ്റ്‌സ്മാന്‍ കരുതുന്നു. നയനമനോഹരമായ വെള്ളച്ചാട്ടങ്ങളുള്ളത് ഗോവയിലാണ്. പ്രതീക്ഷിച്ചതു പോലെ ബെറ്റ്‌സ്മാനെ വീഴ്ത്തിയത് താജ്മഹലിന്റെ അഭൗമിക സൗന്ദര്യം തന്നെ. വാരാണസി തീവ്രാനുഭവമായി അദ്ദേഹത്തിന്റെ മനസ്സില്‍ അവശേഷിക്കുന്നു. ചരിത്രവും പാരമ്പര്യവും പരിഗണിച്ചാല്‍ രാജസ്ഥാനെ കവച്ചുവെക്കാനാവില്ലെന്നാണ് ബെറ്റ്‌സ്മാന്റെ നിലപാട്. ഹൃദയം കവരുന്ന നിര്‍മാണ സൗന്ദര്യം മാത്രമല്ല രാജസ്ഥാനെ വേറിട്ടുനിര്‍ത്തുന്നത്. രുചികരമായ ഭക്ഷണത്തിലും രാജസ്ഥാന്‍ തന്നെ നമ്പര്‍ വണ്‍. ഏറ്റവും മനോഹരമായ കോട്ടകള്‍ ജയ്പൂരിലേതാണ് എന്ന് ജര്‍മന്‍കാരന്‍ പറയുന്നു. കേരളത്തെയും അദ്ദേഹം പുകഴ്ത്തുന്നു. രണ്ട് കാര്യത്തിലാണ് കേരളം ഒന്നാം റാങ്ക് -ഏറ്റവും സഹൃദയരായ ജനങ്ങള്‍ മലയാളികളാണ്. പ്രകൃതി സൗന്ദര്യത്തിലും കേരളമാണ് മുന്നില്‍. കമനീയമായ മലനിരകളുടെയും പാല് പോലെ വെളുത്ത ആകാശങ്ങളുടെയും പേരിലാണ് ഹിമാചല്‍പ്രദേശ് ഈ സഞ്ചാരിയുടെ മനം പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ടൂറിസം സാധ്യതകളുള്ള, കണ്‍കുളിര്‍മയേകുന്ന തിരമാലകളുള്ള സംസ്ഥാനമെന്നാണ് അസമിനെ വിലയിരുത്തുന്നത്. അസമിന് ഇക്കാര്യത്തില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നും ബെറ്റ്‌സ്മാന്‍ കരുതുന്നു. ദല്‍ഹിക്കാണ് ജര്‍മന്‍കാരന്‍ നെഗറ്റിവ് മാര്‍ക്ക് നല്‍കുന്നത്. ഏറ്റവും മലിനമായ നഗരമെന്ന് ദല്‍ഹിയെ വിവരിക്കുന്നു. ഏറ്റവും ആഹ്ലാദകരമായ അനുഭവം ഹോളി ആഘോഷിച്ചതാണെന്നും ഈ ട്രാവലര്‍ പറയുന്നു. ഓണ്‍ലൈനില്‍ ബെറ്റ്‌സ്മാന്റെ പോസ്റ്റ് ഉടനെ വൈറലായി. പലരും ഒരു കാര്യം ചൂണ്ടിക്കാട്ടി. ബെറ്റ്‌സ്മാന്‍ ദക്ഷിണേഷ്യ കുറച്ചു കൂടി കാണേണ്ടതുണ്ട് -പ്രത്യേകിച്ചും ബേലൂര്‍, തഞ്ചാവൂര്‍ ക്ഷേത്രങ്ങളുടെ ശില്‍പചാതുരി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User