വ്യാജ ഏറ്റുമുട്ടല്‍ ആരോപണം, ബിഹാര്‍ മന്ത്രിസഭ ഉലയുന്നു

വ്യാജ ഏറ്റുമുട്ടല്‍ ആരോപണം, ബിഹാര്‍ മന്ത്രിസഭ ഉലയുന്നു

ബിഹാറിലെ ബി.ജെ.പി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പടലപ്പിണക്കം രൂക്ഷമാവുന്നു. മുഖ്യമന്ത്രി സാമ്രാട് ചൗധരിക്കെതിരെ മന്ത്രിമാരിലും ബി.ജെ.പി നേതൃത്വത്തിലും ശക്തമായ അതൃപ്തി പുകയുകയാണ്. പോലീസ് ഏറ്റുമുട്ടലില്‍ ഭരത് ഭൂഷണ്‍ തിവാരി എന്ന ഇരുപത്താറുകാരന്‍ കൊല്ലപ്പെട്ടതാണ് മുഖ്യമന്ത്രിക്കെതിരായ എതിര്‍പ്പ് രൂക്ഷമാവാന്‍ കാരണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. സമൂഹ മാധ്യമങ്ങളില്‍ വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ബോധവല്‍ക്കരണം നടത്തുന്ന സാമൂഹികപ്രവര്‍ത്തകനായിരുന്നു ഭരത് ഭൂഷണ്‍. ഇത്തരമൊരു വ്യക്തിയെ ഏറ്റുമുട്ടലിന്റെ മറവില്‍ പോലീസ് കൊലപ്പെടുത്തിയത് വലിയ രോഷം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. 
വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി, ബി.ജെ.പി ദേശീയ സെക്രട്ടറി റിതുരാജ് സിന്‍ഹ, ആനനന്ദ് മിശ്ര എം.എല്‍.എ, സീനിയര്‍ നേതാവ് അശ്വനി ചൗബെ തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത് മുഖ്യമന്ത്രിയിലുള്ള പരസ്യമായ അവിശ്വാസപ്രകടനമായി. 


ക്രമസമാധാനം സംരക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അതിന്റെ മറവില്‍ ക്രമസമാധാനപാലകര്‍ അക്രമം നടത്തുന്നത് നോക്കിയിരിക്കാനാവില്ലെന്നും ഭരത് ഭൂഷന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും റിതുരാജ് സിന്‍ഹ പറഞ്ഞു. ഭരത് ഭൂഷനെതിരെ പ്രധാനപ്പെട്ട ഒരു ക്രിമിനല്‍ കേസും നിലവിലില്ല. അദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന്റേതെന്നു കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് -റിതുരാജ് സിന്‍ഹ പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അശ്വനി ചൗബെ കൊല്ലപ്പെട്ട യുവാവിന്റെ വീട് സന്ദര്‍ശിച്ചു. കീഴടങ്ങിയ ഒരാളെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടേണ്ട വിഷയമാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടി ശബ്ധിച്ച ഒരാളെയാണ് നിശ്ശബ്ദനാക്കിയത്. വേദനാജനകമാണ് ഇത്. ജനാധിപത്യത്തിന് തന്നെ കളങ്കമായ ഈ ക്രൂരകൃത്യത്തില്‍ അങ്ങേയറ്റം രോഷം പ്രകടിപ്പിക്കുന്നു. -അദ്ദേഹം പറഞ്ഞു.


ബി.ജെ.പി കേന്ദ്ര നേതൃത്വവും പ്രശ്‌നത്തെ ഗൗരവമായാണ് കണ്ടത്. ഇതോടെ സംഭവം അന്വേഷിക്കാന്‍ പോലീസ് മേധാവികള്‍ മുന്‍കൈയെടുത്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചതായി എ.ഡി.ജി സുധാന്‍ഷു കുമാര്‍ അറിയിച്ചു. 
ഭരത ഭൂഷണിനെ കൊല്ലാനിടയായ സാഹചര്യത്തെ പരസ്പര വിരുദ്ധമായ കാരണങ്ങളാണ് പോലീസ് പറയുന്നത്. കീഴടങ്ങാനാവശ്യപ്പെട്ടപ്പോള്‍ പോലീസിനെതിരെ വെടിയുതിര്‍ത്തതാണ് തിരിച്ച് വെടി വെക്കാന്‍ കാരണമെന്നുമാണ് ഒരു ന്യായം. മാനസിക സ്ഥിരതയില്ലാത്ത ഒരാള്‍ പിസ്റ്റളുമായി റോന്ത് ചുറ്റുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സ്ഥലത്തെത്തി വെടി വെച്ചതെന്നാണ് മറ്റൊരു പോലീസ് ഭാഷ്യം.സ്വന്തം പാളയത്തില്‍ നിന്നു മാത്രമല്ല പ്രതിപക്ഷ കളികളായ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ജന്‍സുരാജ് പാര്‍ട്ടി എന്നിവയും ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നതോടെ മുഖ്യമന്ത്രി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.