'ഇ20 ജനതാ പാർട്ടി' വൈറൽ; ലക്ഷ്യം നിതിൻ ഗഡ്കരിയോ? കേന്ദ്ര മന്ത്രിസഭയിലെ അടുത്ത വിക്കറ്റ് വീഴുമോ?

'E20 Janata Party' Goes Viral on X, Demands Access to Pure Petrol

'ഇ20 ജനതാ പാർട്ടി' വൈറൽ; ലക്ഷ്യം നിതിൻ ഗഡ്കരിയോ? കേന്ദ്ര മന്ത്രിസഭയിലെ അടുത്ത വിക്കറ്റ് വീഴുമോ?

ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിനെതിരായ വിമർശനങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രചാരണം ശ്രദ്ധ നേടുകയാണ്. 'ഇ20 ജനതാ പാർട്ടി' എന്ന പേരിൽ എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ട അക്കൗണ്ടാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്.

"100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കിൽ എന്ത് നിറയ്ക്കണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ടാകണം" എന്നാണ് അക്കൗണ്ടിന്റെ ബയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.

എഥനോൾ കലർത്താത്ത പെട്രോൾ കൂടി വിപണിയിൽ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഈ കൂട്ടായ്മ ഉയർത്തുന്നത്. നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിലുള്ള ക്യാമ്പയിന് പിന്നാലെയാണ് 'ഇ20 ജനതാ പാർട്ടി'യും ചർച്ചയാകുന്നത്.

അതേസമയം, ഇ20 പെട്രോൾ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ലക്ഷ്യമിട്ടാണോ പുതിയ നീക്കമെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇ20 ഇന്ധന നയം നടപ്പാക്കുന്നതിൽ ഗഡ്കരിയുടെ നിലപാടുകളും പ്രസ്താവനകളും നേരത്തെ തന്നെ ചർച്ചയായ സാഹചര്യത്തിലാണ് ഇത്തരം അഭ്യൂഹങ്ങൾ ശക്തമാകുന്നത്.

കേന്ദ്ര മന്ത്രിസഭയിൽ അടുത്ത രാഷ്ട്രീയ മാറ്റമുണ്ടാകുമോ, ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനാണോ ഇതെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ 'ഇ20 ജനതാ പാർട്ടി' എന്ന അക്കൗണ്ടിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് തിരിച്ചുപോകില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ 20 ശതമാനത്തിലധികം എഥനോൾ പെട്രോളിൽ ചേർക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, ഇ20 പെട്രോളിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകൾക്കിടയിൽ, പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ കേന്ദ്ര സർക്കാരിന്റെ ഇന്ധന നയത്തിനെതിരായ വിമർശനങ്ങൾക്ക് പുതിയ വേദിയായി മാറുകയാണ്.