നിങ്ങൾ ഒരു Pro Driver ആണോ?
Being a pro driver is not about speed or competition; it is about patience, awareness and getting everyone home safely.
വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ റോഡിലേക്ക് ഇറങ്ങുന്നത് ഒരു കാർ, ബൈക്ക്, ഓട്ടോ എന്നിവ മാത്രമല്ല; നമ്മുടെ സ്വഭാവവും ക്ഷമയും ഉത്തരവാദിത്വബോധവും കൂടിയാണ്. ഡ്രൈവിങ്ങ് പഠിച്ചെടുക്കുന്ന വേഗവും റോഡിലെ പെരുമാറ്റവും ഓരോരുത്തരുടെയും സ്വഭാവം, പരിചയം, മാനസികാവസ്ഥ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം. റോഡിലെത്തുമ്പോൾ ഒരു കാര്യ എല്ലാവർക്കും ഒരുപോലെയാണ്, മറ്റുള്ളവരുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണ്.

മറ്റൊരു വാഹനം നമ്മളെ മറികടന്നാൽ അത് മത്സരത്തിന്റെ തുടക്കമല്ല. മുന്നിലുള്ള വാഹനം അൽപ്പം പതുക്കെ പോയാൽ അത് നമ്മുടെ ക്ഷമ പരീക്ഷിക്കാനുള്ള ഗൂഢാലോചനയുമല്ല. പക്ഷേ ഇത്തരം ചെറിയ സാഹചര്യങ്ങൾ പോലും ചിലപ്പോൾ വാക്കുതർക്കത്തിലേക്കും ഗുരുതര അക്രമങ്ങളിലേക്കും വഴിമാറാറുണ്ട്. അതുകൊണ്ട് നല്ല ഡ്രൈവിങ്ങ് എന്നത് വാഹനത്തിന്റെ നിയന്ത്രണം മാത്രമല്ല; സ്വന്തം പ്രതികരണങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും കൂടിയാണ്.

വാഹനങ്ങൾ തമ്മിൽ ഉരസുകയോ തട്ടുകയോ ചെയ്താൽ ആദ്യം ചോദിക്കേണ്ടത് “ആരുടെ തെറ്റാണ്?” എന്നല്ല, “ആർക്കെങ്കിലും പരിക്കേറ്റോ?” എന്നതാണ്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുക, സാധ്യമെങ്കിൽ വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക, ആവശ്യമായ നിയമനടപടികളും ഇൻഷുറൻസ് സംവിധാനങ്ങളും ഉപയോഗിക്കുക — ഇതായിരിക്കണം മുൻഗണന. ഒരു ചെറിയ വാഹനനഷ്ടം റോഡിലെ കശപിശയായി വളർന്ന് മനുഷ്യജീവന് തന്നെ ഭീഷണിയാകേണ്ട സാഹചര്യമില്ല. ഒരു സ്ക്രാച്ചിന് പകരം ഒരു ജീവിതം നഷ്ടപ്പെടുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

“അവൻ എന്നെ മറികടന്നോ? എന്നാൽ ഞാനും കാണിച്ചുതരാം!” എന്ന മനോഭാവം റോഡിനെ ചിലപ്പോൾ ഒരു റേസ്ട്രാക്കാക്കി മാറ്റുന്നു. അതിനാൽ വാഹനമോടിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:
1. മുന്നിലുള്ള വാഹനത്തെ അസാധാരണമായ തിടുക്കത്തോടെ മറികടക്കാൻ ശ്രമിക്കാറുണ്ടോ?2. മറ്റൊരു വാഹനം നിങ്ങളെ മറികടന്നാൽ അതിന്റെ പിന്നാലെ പാഞ്ഞ് ഒരു മത്സരമാക്കാറുണ്ടോ?3. ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാൻ മതിയായ സമയം നൽകാറുണ്ടോ?4. യു-ടേൺ എടുക്കുമ്പോഴും വലത്തേക്ക് തിരിയുമ്പോഴും വാഹനം നിർത്തുമ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കാറുണ്ടോ? ഇൻഡിക്കേറ്റർ ഉപയോഗിക്കാൻ കഴിയാത്ത പ്രത്യേക സാഹചര്യങ്ങളിൽ ആവശ്യമായ കൈസിഗ്നൽ നൽകാറുണ്ടോ?5. ആളെ കയറ്റാനോ ഇറക്കാനോ പരിചയക്കാരെ കാണാനോ നിർത്തേണ്ടിവന്നാൽ, സാധ്യമെങ്കിൽ വാഹനത്തെ റോഡിന്റെ സുരക്ഷിതമായ വശത്തേക്ക് മാറ്റി നിർത്താറുണ്ടോ?6. സീബ്രാ ക്രോസിങ്ങിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ അവർക്ക് സുരക്ഷിതമായി കടന്നുപോകാൻ അവസരം നൽകാറുണ്ടോ?7. ട്രാഫിക് ജങ്ഷനുകളിൽ നിർത്തുന്നതിനായി അടയാളപ്പെടുത്തിയ പരിധി മറികടന്ന് സീബ്രാ ലൈനിലോ അതിനപ്പുറമോ വാഹനം നിർത്താറുണ്ടോ?8. മറ്റൊരു വാഹനം മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ അതിനേക്കാൾ വേഗത്തിൽ മുന്നിലെത്തി തടയാൻ ശ്രമിക്കാറുണ്ടോ?9. മറികടക്കുമ്പോഴും കാഴ്ച മറയ്ക്കുന്ന വളവുകളിലും ആവശ്യമായ ജാഗ്രത പാലിക്കാറുണ്ടോ? അതേസമയം, മുന്നിലുള്ള വാഹനം വേഗം കുറച്ചാലോ ട്രാഫിക് ബ്ലോക്കുണ്ടായാലോ അനാവശ്യമായി ഹോൺ അടിക്കാറുണ്ടോ?10. വിദ്യാലയങ്ങൾ, ആശുപത്രികൾ, തിരക്കേറിയ കവലകൾ, ജനവാസ മേഖലകൾ എന്നിവിടങ്ങളിലൂടെ അമിതവേഗത്തിൽ വാഹനമോടിക്കാറുണ്ടോ?11. മൊബൈൽ ഫോൺ വന്നാൽ വാഹനം സുരക്ഷിതമായി വശത്തേക്ക് നിർത്തിയ ശേഷം മാത്രം സംസാരിക്കാറുണ്ടോ?12. റെയിൽവേ ക്രോസ് പോലുള്ള സ്ഥലങ്ങളിൽ ക്യൂ മറികടന്ന് മുന്നിലേക്ക് കയറിനിൽക്കുന്ന ശീലം ഉണ്ടോ? ഇരുചക്രവാഹനമായാലും?

13. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നതിൽ വൈമുഖ്യമുണ്ടോ?14. ലൈസൻസില്ലാത്തവർക്കോ പ്രായപൂർത്തിയാകാത്തവർക്കോ വാഹനം ഓടിക്കാൻ നൽകാറുണ്ടോ?15. ഡ്രൈവ് ചെയ്യുമ്പോൾ റോഡരികിലെ കാഴ്ചകളിലും പരസ്യങ്ങളിലും മറ്റും ശ്രദ്ധ തിരിക്കാറുണ്ടോ?16. വാഹനത്തിന്റെ ടയർ, ബ്രേക്ക്, ലൈറ്റ്, സ്റ്റിയറിങ് തുടങ്ങിയ പ്രധാന സുരക്ഷാ ഘടകങ്ങൾ കൃത്യമായി പരിശോധിക്കാറുണ്ടോ?17. പെട്ടെന്ന് ഒരു പട്ടിയോ പൂച്ചയോ മറ്റേതെങ്കിലും ജീവിയോ റോഡിലേക്ക് ചാടിയാൽ സുരക്ഷിതമായി ബ്രേക്ക് ചെയ്ത് നിർത്താൻ കഴിയുന്ന വേഗതയിലാണോ വാഹനമോടിക്കുന്നത്?18. രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങൾക്കും മുന്നിലുള്ള വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്തവിധം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാറുണ്ടോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം വെറുതെ പറഞ്ഞു നോക്കിയാലറിയാം, നിങ്ങൾ നല്ല ഡ്രൈവറാണോ, യാതൊരു ക്ഷമയും ഇല്ലാത്ത സ്വന്തം കാര്യം മാത്രം നോക്കുന്ന ബാഡ് ഡ്രൈവറാണോ എന്ന്.

റോഡിൽ ഏറ്റവും വേഗത്തിൽ പോകുന്നവനല്ല Pro Driver. തന്നെയും മറ്റുള്ളവരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നവനാണ്. ഒരു വാഹനം നിങ്ങളെ മറികടന്നാൽ അത് നിങ്ങളുടെ തോൽവിയല്ല. മുന്നിലുള്ള വാഹനം പതുക്കെ പോയാൽ അത് നിങ്ങളുടെ അപമാനവുമല്ല. റോഡ് ഒരു മത്സരവേദിയല്ല; ഓരോരുത്തരും സുരക്ഷിതമായി വീട്ടിലെത്തേണ്ട ഇടമാണ്.അതിനാൽ അടുത്ത തവണ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ വേഗത്തിനൊപ്പം ഒന്നുകൂടി കൂട്ടിക്കൊണ്ടുപോകാം, അൽപ്പം കൂടുതൽ ക്ഷമ.