സ്കൂട്ടർ ഒന്ന്, ചലാൻ 96! പിഴത്തുക കേട്ടാൽ ഞെട്ടും; ഒടുവിൽ പൊലീസ് ചെയ്തത് ഇതാണ്
A routine traffic check in Gurugram uncovered a scooter with 96 pending challans worth nearly ₹10 lakh, prompting police to seize the vehicle
ഗുരുഗ്രാം: റോഡിൽ സാധാരണ വാഹന പരിശോധന. പൊലീസ് ഒരു സ്കൂട്ടർ തടഞ്ഞു. രേഖകൾ പരിശോധിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറി. വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ പൊലീസിന് മുന്നിൽ തെളിഞ്ഞത് 96 ട്രാഫിക് ചലാനുകൾ!
വാഹനത്തിന് അടയ്ക്കാനുള്ള പിഴത്തുകയാകട്ടെ ഏകദേശം 10 ലക്ഷം രൂപ. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഇത്രയും ചലാനുകൾ വാഹനത്തിന്റെ പേരിൽ വന്നത്. സംഭവം ഗുരുഗ്രാമിലെ രാജീവ് ചൗക്കിൽ നടന്ന പരിശോധനയ്ക്കിടെയാണ് പുറത്തായത്.
വാഹനം തടഞ്ഞുനിർത്തിയപ്പോൾ ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഡ്രൈവറോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ ലഭിക്കാത്തതിനെ തുടർന്ന് വാഹനത്തിന്റെ വിവരങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കുടിശ്ശികയായി കിടക്കുന്ന ചലാനുകളുടെ വൻ പട്ടിക പുറത്തുവന്നത്.
96 ചലാനുകളിൽ ഒരെണ്ണം ഇ-ചലാൻ മെഷീൻ ഉപയോഗിച്ച് നേരിട്ട് നൽകിയതും ബാക്കിയുള്ളവ റോഡുകളിലെ ക്യാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതുമാണ്.
ഹെൽമറ്റ് ധരിക്കാതിരുന്നത് മുതൽ ഇൻഷുറൻസ്, പി.യു.സി ഇല്ലാത്തത് വരെ വിവിധ നിയമലംഘനങ്ങളാണ് ചലാനുകൾക്ക് കാരണമായത്. ചെറിയ പിഴകൾ അടയ്ക്കാതെ തുടർന്നതോടെ കാലക്രമേണ കുടിശ്ശിക വൻതുകയായി മാറുകയായിരുന്നു.കാര്യങ്ങൾ ഇത്രയും ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ പൊലീസ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനം അധികൃതർ നിശ്ചയിച്ച ഇംപൗണ്ട് സ്ഥലത്തേക്ക് മാറ്റി.ഗുരുഗ്രാമിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും കുടിശ്ശിക പിഴകൾ ഈടാക്കാനും എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നുണ്ട്. റോഡുകളിലെ ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് മുൻകാല ചലാനുകളുടെ വിവരങ്ങൾ പരിശോധിക്കും.
കുടിശ്ശികയുള്ള വാഹനങ്ങൾ കണ്ടെത്തിയാൽ ഡിജിറ്റൽ സംവിധാനത്തിലൂടെ വിവരങ്ങൾ പ്രദർശിപ്പിക്കാനും അധികൃതർക്ക് നടപടി സ്വീകരിക്കാനും കഴിയും. രജിസ്ട്രേഷൻ നമ്പർ, കുടിശ്ശിക ചലാനുകളുടെ എണ്ണം, അടയ്ക്കാനുള്ള തുക തുടങ്ങിയ വിവരങ്ങളാണ് സംവിധാനത്തിലൂടെ ലഭിക്കുന്നത്.
ഗതാഗത നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുകയും ചലാനുകൾ അടയ്ക്കാതെ മാറ്റിവയ്ക്കുകയും ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കൂടുതൽ കർശന നടപടി ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.