"ഒരു തവണ കയറിയവർ പിന്നെ കയറില്ല"; കെ.എസ്.ആർ.ടി.സിക്കെതിരെ വിമർശനവുമായി അനിൽ അക്കര

Former MLA Anil Akkara criticized KSRTC's management over empty Volvo superclass buses, pointing out that strict speed governor limits and prolonged travel times

Aug 09, 2026 - 19:19
Updated: 2 months ago
0
"ഒരു തവണ കയറിയവർ പിന്നെ കയറില്ല"; കെ.എസ്.ആർ.ടി.സിക്കെതിരെ വിമർശനവുമായി അനിൽ അക്കര
അനിൽ അക്കര

കെ.എസ്.ആർ.ടി.സിയുടെ അത്യാധുനിക സൂപ്പർ ക്ലാസ് വോൾവോ ബസുകളിൽ യാത്രക്കാരില്ലാത്ത അവസ്ഥ വൻ വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന് കെ.പി.സി.സി ജന. സെക്രട്ടറി അനിൽ അക്കര. കഴിഞ്ഞ ആറാം തീയതി തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തിയ വോൾവോ ബസിലെ യാത്രാനുഭവം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

‘‘കഴിഞ്ഞ ആറാം തീയതി തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് യാത്ര ചെയ്തത് കെ.എസ്.ആർ.ടി.സി വോൾവോ ബസിലായിരുന്നു. സൂപ്പർ ബസ്. മികച്ച സൗകര്യങ്ങൾ. നല്ല യാത്രാനുഭവം. പക്ഷേ ഒരു കാര്യം മാത്രം മനസ്സിലായില്ല.

വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തുനിന്ന് കയറിയ ഞാൻ രാത്രി 12 മണിയോടെയാണ് തൃശൂരിൽ ഇറങ്ങിയത്. ഏകദേശം 9 മണിക്കൂർ യാത്ര! ബെംഗളൂരുവിലേക്ക് പോകുന്ന സർവീസാണ് ഇത്. ഈ വേഗതയിൽ പോയാൽ ബെംഗളൂരുവിൽ എത്തുമ്പോൾ ഉച്ചയാകുമല്ലോ! ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ബസിൽ ഞാനടക്കം പത്തിൽ താഴെ യാത്രക്കാർ മാത്രം. എന്തുകൊണ്ടാണ് ഇത്രയും മികച്ച ബസിൽ ആളുകൾ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വളരെ ഗൗരവമുള്ളതായിരുന്നു: “ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല.”

മറ്റ് ബസുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസിന്റെ സ്പീഡ് ഗവേണർ ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ല. ഇത് ശരിയാണെങ്കിൽ, പ്രശ്നം യാത്രക്കാരുടേതല്ല; സർവീസ് മാനേജ്മെന്റിന്റേതാണ്. ഞാൻ ഏകദേശം കണക്കുകൂട്ടിയപ്പോൾ, ഇത്തരത്തിൽ സർവീസ് നടത്തുന്നതിലൂടെ ഒരു ബസിൽ നിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയെങ്കിലും കെ.എസ്.ആർ.ടി.സിക്ക് വരുമാന നഷ്ടമുണ്ടാകുന്നുണ്ടാകാം.

നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് നൽകണം. കെ.എസ്.ആർ.ടി.സിയിൽ ഇത്തരത്തിലുള്ള വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം.നഷ്ടത്തിലോടുന്ന സർവീസുകളെ വെറുതെ കുറ്റപ്പെടുത്തുന്നതിന് പകരം നഷ്ടത്തിനുള്ള കാരണം കണ്ടെത്തി അവയെ ലാഭകരമാക്കുകയാണ് വേണ്ടത്. നല്ല വണ്ടി, നല്ല സർവീസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണം’’. കുറിപ്പ്​ ഇങ്ങനെ അവസാനിക്കുന്നു.




What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User