പാലാ നഗരസഭയിൽ ഇനിയെന്ത്​, ആഭ്യന്തര കലഹത്തിൽ ‘കസേര’ നഷ്ടപ്പെട്ട്​ സ്വതന്ത്ര കൂട്ടായ്മ

What Next in Pala Municipality? Independent Coalition Loses Power Amid Internal Feuds

Jul 21, 2026 - 22:15
Updated: 2 months ago
0
പാലാ നഗരസഭയിൽ ഇനിയെന്ത്​, ആഭ്യന്തര കലഹത്തിൽ ‘കസേര’ നഷ്ടപ്പെട്ട്​ സ്വതന്ത്ര കൂട്ടായ്മ
പാലാ നഗരസഭയിൽ ഇനിയെന്ത്​, ആഭ്യന്തര കലഹത്തിൽ ‘കസേര’ നഷ്ടപ്പെട്ട്​ സ്വതന്ത്ര കൂട്ടായ്മ

പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫ് ഭരണം നിലംപൊത്തി. മാണി സി. കാപ്പന്റെയും യുഡിഎഫിന്റെയും കൈകളിൽ ഭദ്രമെന്ന് കരുതിയ ഭരണം നഷ്ടമായതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന സവിശേഷതയോടെ അമരത്തിരുന്ന ദിയ പുളിക്കകണ്ടത്തിന് കേവലം ഏഴുമാസത്തെ ഭരണത്തിന് ശേഷം കസേര ഒഴിവാകേണ്ടി വന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പാലായിൽ ഭരണ സമവാക്യങ്ങൾ മാറിയത്. സ്വതന്ത്രരായി വിജയിച്ച പുളിക്കകണ്ടം കുടുംബാംഗങ്ങളായ ബിനു, ബിജു, ദിയ എന്നിവരെയും കോൺഗ്രസ് വിമത മായാ രാഹുലിനെയും ഒപ്പം കൂട്ടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് 22-ാം വയസിൽ ദിയ പുളിക്കകണ്ടം നഗരസഭാധ്യക്ഷയാകുന്നത്. എന്നാൽ, കസേര ഉറപ്പിച്ചു നിർർത്താൻ അവസാന നിമിഷം വരെ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നണിക്കായില്ല.

ആകെ 26 അംഗങ്ങളുള്ള കൗൺസിലിൽ 17 പേരാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്കെത്തിയത്. എത്തിയ എല്ലാവരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പ്രതിപക്ഷ അംഗങ്ങൾക്ക് പുറമെ പാർട്ടി വിപ്പ് ലംഘിച്ചെത്തിയ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര കൗൺസിലറും അവിശ്വാസത്തെ പിന്തുണച്ചു. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ കോൺഗ്രസ് പ്രതിനിധികളാണ് വിപ്പ് മറികടന്ന് വോട്ട് ചെയ്തത്. കോൺഗ്രസ് വിമതയായി ജയിച്ച് വൈസ് ചെയർപേഴ്സൺ പദവിയിലെത്തിയ മായാ രാഹുലും അവിശ്വാസത്തിനൊപ്പം നിലയുറപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുളിക്കകണ്ടം കുടുംബത്തിന് സ്വാധീനമുള്ള മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുതൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നുണ്ടായിരുന്നു. കൂടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകിയ നടപടിയെ കോൺഗ്രസ് ശക്തമായി എതിർത്തതും മുന്നണിക്കുള്ളിൽ വൻ ഭിന്നതയ്ക്ക് വഴിവെച്ചു. ഡിവൈഎഫ്ഐക്ക് വേണ്ടി ഒത്തുകളിച്ച ദിയ ബിനു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പൊതുവികാരം. ഡിസിസി നേതൃത്വം വരെ നേരിട്ടിടപെട്ടിട്ടും സ്വന്തം പാളയത്തിലെ അസംതൃപ്തി പരിഹരിക്കാൻ കഴിയാതെ പോയത് യുഡിഎഫിന് തിരിച്ചടിയായി.

കോൺഗ്രസിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ബിനു പുളിക്കകണ്ടം ഇടത് പക്ഷത്തോടൊപ്പവും ബിജെപിക്ക് വേണ്ടിയും മത്സരിച്ച ശേഷമാണ് സ്വതന്ത്രനായി രംഗത്തെത്തിയത്. ഭരണം നഷ്ടമായതോടെ പാലായിൽ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള ചരടുവലികൾ സജീവമായിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User