മകളെ ബസ് കയറ്റിവിട്ട് മടങ്ങവേ റോഡിലൂടെ നടന്നുപോയ 48കാരിയെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം
Woman walking along road struck and killed by out-of-control KSRTC bus in Puthukkad
തൃശൂർ: മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിലേക്ക് തിരികെ നടന്നുപോവുകയായിരുന്ന യുവതി കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു മരിച്ചു. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്‍റെ ഭാര്യ സിന്ധു (48) വാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ഏഴോടെ പുതുക്കാട് സെന്‍ററിലായിരുന്നു ദാരുണമായ സംഭവം. ചാലക്കുടിക്കു പോവുകയായിരുന്ന 'പ്രിയദർശിനി' കെഎസ്ആർടിസി ബസ് പുതുക്കാട് സ്റ്റോപ്പിൽനിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ഡ്രൈവർക്കു തലക്കറക്കം അനുഭവപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ്, വഴിയിലൂടെ നടന്നുപോകുകയായിരുന്ന സിന്ധുവിനെ പിന്നിൽനിന്ന് ശക്തിയായി ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
തുടർന്ന് ഓട്ടോ സ്റ്റാൻഡിന് ഇടയിലൂടെ പാഞ്ഞുകയറിയ ബസ്, ദേശീയപാതയോരത്തുള്ള ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. ബസ് പാഞ്ഞുവരുന്നതു കണ്ട് ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്നയാൾ ഓടിമാറുന്നതിനിടെ വീണ് പരിക്കേറ്റു. അപകടസമയത്ത് ബസിൽ ഒരു യാത്രക്കാരി മാത്രമാണുണ്ടായിരുന്നത്.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സിന്ധുവിനെയും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവറെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
രാജഗിരി ആശുപത്രി ജീവനക്കാരിയായ മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷമാണ് സിന്ധു അപകടത്തിൽപ്പെട്ടത്. കനത്ത മഴയായിരുന്നതിനാൽ സീജി റോഡിനു സമീപം സ്കൂട്ടർ നിർത്തിയിട്ട ശേഷം, മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് നടന്നത്.