‘മൈ ഫ്രണ്ട്’ ട്രംപിന്റെ വക മോദിക്ക് ജന്മദിന സമ്മാനം; ഇന്ത്യയ്ക്ക് 100% തീരുവ ഭീഷണി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന യു.എസ് ബിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും കയറ്റുമതി മേഖലയിലും ആശങ്ക ഉയർത്തുന്നു.

Sep 17, 2026 - 16:46
Updated: 1 hour ago
0
‘മൈ ഫ്രണ്ട്’ ട്രംപിന്റെ വക മോദിക്ക് ജന്മദിന സമ്മാനം; ഇന്ത്യയ്ക്ക് 100% തീരുവ ഭീഷണി

മൈ ഫ്രണ്ട്..... ഇത് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് രണ്ടു പേരുടെ മുഖമായിരിക്കും. ഒന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ടാമത്തേത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് എഴുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന ഫ്രണ്ടിന് നല്ല കനത്തിൽ സമ്മാനമൊരുക്കി അയച്ചിട്ടുണ്ട് ഫ്രണ്ട്. ഇന്ത്യക്കെതിരെ 100 ശതമാനം തീരുവ ചുമത്തികൊണ്ടാണ് ആ സമ്മാനമെത്തിച്ചതെന്നു മാത്രം. നാടായ നാടെല്ലാം കറങ്ങി നയതന്ത്രവും കരാറും ഒപ്പിട്ടു വാങ്ങിയിട്ടും കാണുമ്പോൾ കെട്ടിപ്പിടിക്കുകയും കാണാതിരിക്കുമ്പോൾ തള്ളുകയും ചെയ്യുന്ന ഒരു ഫ്രെണ്ടിനെയാണ് നരേന്ദ്രമോദിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ബ്രിക്സ് ഉച്ചകോടി നടത്തി ആഗോള രാജ്യങ്ങൾക്ക് മുന്നിൽ ഒറ്റയാനായി തലയുർത്തി നിൽക്കുമ്പോളാണ് ട്രംപിന്റെ വക അടുത്ത പണി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന കടുത്ത ബില്ലാണ് യു.എസ് ജനപ്രതിനിധി സഭ ഇപ്പോൾ പാസാക്കിയിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്താണെന്ന് മോദി എപ്പോഴും വാഴ്ത്തിപ്പാടാറുള്ള സാക്ഷാൽ ഡൊണാൾഡ് ട്രംപിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിക്കുന്ന ഈ നീക്കം നടന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അധികാരപ്പെടുത്തുന്ന ബില്ലുമായി മുന്നോട്ടുപോകാന്‍ യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം ഈ രാജ്യത്തുണ്ടാക്കാൻ പോകുന്ന ആഘാതം ചെറുതാകില്ല. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ഈ പുതിയ ബില്ല് നിയമമായാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും കയറ്റുമതി മേഖലയെയും വളരെ ദോഷകരമായി ബാധിക്കും. അമേരിക്കയിലേക്ക് ഇന്ത്യ വൻതോതിൽ കയറ്റി അയക്കുന്ന പരമ്പരാഗത ഉൽപ്പന്നങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. 100% തീരുവ വരുന്നതോടെ ഈ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ഇരട്ടി വിലയാകും. ടെക്സ്റ്റൈൽസ് & റെഡിമെയ്ഡ് വസ്ത്രങ്ങൾ, ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഇന്ത്യയിലെ വസ്ത്ര നിർമ്മാണ മേഖലയ്ക്ക് ഇത് കനത്ത തിരിച്ചടിയാകും. രത്നങ്ങളും ആഭരണങ്ങളും ഇന്ത്യയിൽ നിന്ന് വൻതോതിൽ അമേരിക്കയിലേക്ക് പോകുന്ന ഈ മേഖലയിലെ കയറ്റുമതി കുത്തനെ ഇടിയും.

മറ്റ് മേഖലകൾ നോക്കുകയാണെങ്കിൽ ലെതർ ഉൽപ്പന്നങ്ങൾ, കടൽ വിഭവങ്ങൾ പ്രത്യേകിച്ച് കൊഞ്ച്, മറ്റ് നിർമ്മിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണി ഇല്ലാതാകും. മാത്രവുമല്ല, വൻതോതിലുള്ള തൊഴിൽ നഷ്ടം കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് അമേരിക്ക. അങ്ങോട്ടേക്കുള്ള കയറ്റുമതി കുറയുന്നതോടെ രാജ്യത്തേക്കുള്ള ഡോളറിന്റെ ഒഴുക്ക് കുറയുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ അത് കാരണമാവുകയും ചെയ്യും. ഇത് ഇന്ത്യയുടെ ആകെ വ്യാപാര കമ്മി വർദ്ധിപ്പിക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 100% നികുതി വരുമ്പോൾ വിയറ്റ്നാം, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിൽ ലഭ്യമാകും. ഇത് ഇന്ത്യക്ക് വർഷങ്ങളായി അമേരിക്കയിലുള്ള വലിയ കയറ്റുമതി വിപണി പൂർണ്ണമായും നഷ്ടപ്പെടാൻ ഇടയാക്കും. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ, ഇന്ത്യക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വലിയ വില കൊടുത്ത് എണ്ണ വാങ്ങേണ്ടി വരും. ഇത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധനവിനും കടുത്ത വിലക്കയറ്റത്തിനും കാരണമാകും. ചുരുക്കത്തിൽ, റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയിലെ എണ്ണ ഇറക്കുമതിയും അമേരിക്കയിലേക്കുള്ള ഉൽപ്പന്ന കയറ്റുമതിയും ഒരേസമയം കൊണ്ടുപോകുക എന്ന ഇന്ത്യയുടെ നയതന്ത്ര സമവാക്യത്തിനാണ് ട്രംപിന്റെ ഈ നീക്കം വലിയ പണി കൊടുക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി വിദേശരാജ്യങ്ങളിൽ മാറിമാറി സന്ദർശനം നടത്തി, വിദേശ വിപണികളിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിച്ചു എന്ന് കൊട്ടിഘോഷിച്ച മോദി സർക്കാരിന്റെ വിദേശനയതന്ത്രത്തിന്റെ പാളിച്ചയാണ് ഈ ബില്ലിലൂടെ പുറത്തുവരുന്നത്. രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ അമേരിക്ക ഒരുങ്ങുമ്പോൾ, ഇത്രയും കാലം മോദി നടത്തിയ വിദേശയാത്രകളും വലിയ അവകാശവാദങ്ങളും വെറും ജലരേഖയായിരുന്നു എന്ന് വ്യക്തമാവുകയാണ്. അമേരിക്കയുമായി ഇന്ത്യയ്ക്ക് വലിയ സൗഹൃദമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മോദിയുടെ നയതന്ത്രം പൂർണ്ണമായി പരാജയപ്പെട്ടു എന്നാണ് ട്രംപിന്റെ ഈ കടുത്ത തീരുമാനം സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ജന്മദിന മധുരം നുണയേണ്ട ദിവസം, വിദേശനയത്തിന്റെ പരാജയ വർത്തമാനമാണ് പ്രധാനമന്ത്രിക്ക് കേൾക്കേണ്ടി വന്നിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User