പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ വയനാട്ടിൽ; 2.5 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും, 9 കോടിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും
വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും ജനങ്ങളുമായി സംവദിക്കാനും മണ്ഡലത്തിൽ സജീവ സാന്നിധ്യം; സ്കൂൾ ബസുകൾ, സ്മാർട്ട് അങ്കണവാടികൾ, ഡിജിറ്റൽ ക്ലാസ് മുറികൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുടക്കമാകും.
വയനാട്: വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി ഇന്ന് (നവംബർ 11) മുതൽ മണ്ഡലത്തിലെത്തും. എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 2.5 കോടി രൂപയുടെ പൂർത്തിയായ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുരോഗമിക്കുന്ന ഒമ്പത് കോടി രൂപയുടെ പദ്ധതികളുടെ അവലോകനവുമാണ് സന്ദർശനത്തിലെ പ്രധാന പരിപാടികൾ.
ഇന്ന് വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി റോഡ് മാർഗം കൽപ്പറ്റയിലെത്തും. വ്യാഴം, വെള്ളി ദിവസങ്ങളിലായി വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ വികസന പ്രവർത്തനങ്ങളിൽ പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ പത്മശ്രീ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിക്കും. തുടർന്ന് മാനന്തവാടി നിയോജകമണ്ഡലത്തിലെ കമ്മന, തൃശ്ശിലേരി എന്നിവിടങ്ങളിൽ പുതുതായി നിർമിച്ച സ്മാർട്ട് അങ്കണവാടികൾ ഉദ്ഘാടനം ചെയ്യും. എം.പിയുടെ പ്രത്യേക ഇടപെടലിലൂടെ ലഭ്യമാക്കിയ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പ്രിയദർശിനി ടീ ഫാക്ടറിയിലെ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.
സുഗന്ധഗിരി എൽ.പി സ്കൂൾ സന്ദർശിച്ച ശേഷം പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ എം.പി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികൾ നാടിന് സമർപ്പിക്കും. കിഴുപറമ്പ്, വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കായി അനുവദിച്ച മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളും ഫ്ലാഗ് ഓഫ് ചെയ്യും.
വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിലെ വിവിധ സ്കൂളുകൾക്കായി അനുവദിച്ച ആറു സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കാപ്പിൽകരാട് ജി.എച്ച്.എസിൽ നടക്കും. തുടർന്ന് നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളും സന്ദർശിക്കും.
പൂർത്തിയായ പദ്ധതികൾ ജനങ്ങൾക്ക് സമർപ്പിക്കുന്നതിനൊപ്പം പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകളും സന്ദർശനത്തിന്റെ ഭാഗമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)