ബിഹാറിൽ അധ്യാപകൻ; നാട്ടിലെത്തിയാൽ കഞ്ചാവ് കച്ചവടം: റോബിൻ റെജി അറസ്റ്റിൽ

അവധിക്ക് ബിഹാറിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയെന്ന് എക്സൈസ്; 30 ഗ്രാം കഞ്ചാവുമായി അറസ്റ്റ്

Aug 08, 2026 - 16:36
Updated: 2 months ago
0
ബിഹാറിൽ അധ്യാപകൻ; നാട്ടിലെത്തിയാൽ കഞ്ചാവ് കച്ചവടം: റോബിൻ റെജി അറസ്റ്റിൽ

ഇടുക്കി: ബിഹാറിൽ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിലെത്തി കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ രാജാക്കാട് കടുവാകുഴി സ്വദേശി റോബിൻ റെജിയെ നെടുങ്കണ്ടം എക്സൈസ് സംഘം പിടികൂടി. 30 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

ബിഹാറിൽ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു റോബിൻ എന്നാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നും എക്സൈസ് സംഘം അറിയിച്ചു.

റോബിനിൽ നിന്ന് കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജുവിനെയും മകൻ അലനെയും നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 25 ഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് റോബിൻ റെജിയെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചത്.

ബിഹാറിൽ ബന്ധു നടത്തുന്ന സ്കൂളിലാണ് റോബിൻ അധ്യാപകനായി ജോലി ചെയ്യുന്നത്. എൽ.പി. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് ഇയാൾ. അവിടെ സുലഭമായി ലഭിക്കുന്ന കഞ്ചാവ് അവധിക്ക് നാട്ടിലേക്ക് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു എന്നാണ് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ.

റോബിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ബിഹാറിലെ കഞ്ചാവ് തോട്ടങ്ങളുടെയും കഞ്ചാവ് ചെടികളുടെയും ചിത്രങ്ങൾ കണ്ടെത്തിയതായും എക്സൈസ് സംഘം അറിയിച്ചു. കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഇയാൾക്ക് പിന്നിൽ മറ്റേതെങ്കിലും ശൃംഖലയുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User