പനി പോയി, വേദന ബാക്കി! ചിക്കുൻഗുനിയയ്ക്ക് പിന്നാലെ റുമറ്റോയ്ഡ് ആർത്രൈറ്റിസ്

ചിക്കുൻഗുനിയയ്ക്ക് പിന്നാലെ റുമറ്റോയ്ഡ് ആർത്രൈറ്റിസ് വർധിക്കുന്നതായി പഠനം; സന്ധിവേദനയും വീക്കവും അവഗണിക്കരുതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

Aug 10, 2026 - 11:36
0
പനി പോയി, വേദന ബാക്കി! ചിക്കുൻഗുനിയയ്ക്ക് പിന്നാലെ റുമറ്റോയ്ഡ് ആർത്രൈറ്റിസ്

കോഴിക്കോട്: ചിക്കുൻഗുനിയ ബാധിച്ച് രോഗം ഭേദമായവരാണോ നിങ്ങൾ? എങ്കിൽ ആശ്വസിക്കാറായിട്ടില്ല. ചിക്കുൻഗുനിയയ്ക്ക് പിന്നാലെയും രോഗത്തിന്റെ പ്രത്യാഘാതങ്ങൾ ശരീരത്തെ പിന്തുടരാമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചിക്കുൻഗുനിയ ബാധയ്ക്ക് പിന്നാലെ സന്ധിവാതരോഗമായ റുമറ്റോയ്ഡ് ആർത്രൈറ്റിസ് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിക്കുൻഗുനിയയ്ക്ക് ശേഷം തുടരുന്ന സന്ധിവേദനയും വീക്കവും അവഗണിക്കരുതെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. പുണെ സെന്റർ ഫോർ റുമാറ്റിക് ഡിസീസസ് ഡയറക്ടറും ചീഫ് റുമറ്റോളജിസ്റ്റുമായ ഡോ. അരവിന്ദ് ചോപ്രയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മ റഹിം, പ്രൊഫ. ബിനയ് പോൾ, തിരുവനന്തപുരം സ്വദേശിയായ ഡോ. ആശിഷ് മാത്യൂസ് എന്നിവരും പങ്കാളികളായി. കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പഠനത്തിന്റെ റിപ്പോർട്ട് ഇന്റർനാഷണൽ ജേണൽ ഓഫ് റുമാറ്റിക് ഡിസീസസിൽ പ്രസിദ്ധീകരിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ചിക്കുൻഗുനിയ വ്യാപകമായിരുന്ന 2006–2008 കാലയളവിലാണ് ആദ്യഘട്ട സർവേ നടത്തിയത്. തുടർന്ന് പത്ത് വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട പഠനം നടത്തിയത്. നേരത്തെ സന്ധിവാതരോഗം ഇല്ലാതിരുന്നവരിലും ചിക്കുൻഗുനിയ ബാധയ്ക്ക് പിന്നാലെ സന്ധിവാതരോഗം വികസിച്ചതായി പഠനത്തിൽ കണ്ടെത്തി. നേരത്തെ വാതരോഗം ഉണ്ടായിരുന്നവരിൽ രോഗത്തിന്റെ തീവ്രത വർധിച്ചതായും പ്രമേഹവും രക്തസമ്മർദവും ഉള്ളവരിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായതായും കണ്ടെത്തി. മുതിർന്നവരിലാണ് ഇത്തരം രോഗാവസ്ഥകൾ കൂടുതലായി കണ്ടത്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ രാജ്യത്തെ 14 കേന്ദ്രങ്ങളിലായി 56,548 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. രാജ്യത്ത് ഏകദേശം 19.5 കോടി പേർ സന്ധിവാതവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായാണ് കണക്ക്. ഇതിൽ 65 ശതമാനവും സ്ത്രീകളാണ്. ഏകദേശം 42 ലക്ഷം പേർക്ക് റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളപ്പോൾ കേരളത്തിൽ ഇത് 1.5 ലക്ഷത്തോളം വരും. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും മറ്റ് ആയുഷ് ചികിത്സാരീതികളും സംയോജിപ്പിച്ചുള്ള ചികിത്സ സന്ധിവാതരോഗങ്ങൾക്ക് ഫലപ്രദമാണെന്ന് പഠനത്തിൽ വ്യക്തമായതായി ഡോ. അസ്മ റഹിം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User