അമ്മയ്ക്ക് വിളർച്ചയെങ്കിൽ കുഞ്ഞിനും അപകടം; ഐസിഎംആർ പഠനത്തിലെ നിർണായക കണ്ടെത്തൽ

ഗർഭകാലത്തെ മിതമായതും ഗുരുതരവുമായ അനീമിയ ഗർഭസ്ഥ ശിശുവിന്റെ മരണസാധ്യത വർധിപ്പിക്കാമെന്ന് 2.2 ലക്ഷം ഗർഭിണികളെ ഉൾപ്പെടുത്തി നടത്തിയ ഐസിഎംആർ പഠനം.

Aug 20, 2026 - 17:19
Updated: 1 hour ago
0
അമ്മയ്ക്ക് വിളർച്ചയെങ്കിൽ കുഞ്ഞിനും അപകടം; ഐസിഎംആർ പഠനത്തിലെ നിർണായക കണ്ടെത്തൽ

ഗർഭകാലത്ത് അമ്മയുടെ ആരോഗ്യത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിച്ചേക്കാം. അതിനാൽ ഗർഭിണികൾ ഈ കാലയളവിൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ഇതിനിടെയാണ് ഗർഭകാലത്തെ അനീമിയയുമായി ബന്ധപ്പെട്ട പുതിയ പഠനം ശ്രദ്ധ നേടുന്നത്. ഗർഭകാലത്തെ വിളർച്ച അഥവാ അനീമിയ നിസാരമായി കാണരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് ഗർഭസ്ഥ ശിശുവിന്റെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വർധിപ്പിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.'ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് - സൗത്ത് ഈസ്റ്റ് ഏഷ്യ' ജേർണലിലാണ് പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗർഭകാലത്ത് ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി പരിശോധിക്കുകയും വിളർച്ച കണ്ടെത്തിയാൽ ആവശ്യമായ ചികിത്സ യഥാസമയം ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 2.2 ലക്ഷം ഗർഭിണികളുടെ ആരോഗ്യവിവരങ്ങൾ പരിശോധിച്ചാണ് ഐസിഎംആർ പഠനം നടത്തിയത്. ഹീമോഗ്ലോബിന്റെ അളവ് 10 g/dL-ൽ താഴെയുള്ള ഗർഭിണികളിൽ, വിളർച്ചയില്ലാത്തവരെയും നേരിയ വിളർച്ചയുള്ളവരെയും അപേക്ഷിച്ച് 28 ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭകാലത്ത് കുഞ്ഞിന്റെ മരണസാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. മിതമായതും ഗുരുതരവുമായ അനീമിയ ഉള്ളവരിലാണ് ഈ അപകടസാധ്യത കൂടുതൽ പ്രകടമായത്.ഹീമോഗ്ലോബിൻ കുറയുന്നതോടെ രക്തത്തിന്റെ ഓക്സിജൻ വഹിക്കാനുള്ള ശേഷിയിലും കുറവുണ്ടാകാം. ഇതുവഴി അമ്മയുടെ ശരീരത്തിലേക്കും ഗർഭസ്ഥ ശിശുവിലേക്കും ആവശ്യമായ അളവിൽ ഓക്സിജൻ എത്തുന്നതിൽ തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

പഠനത്തിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട ഗർഭകാലമാണ്. വിളർച്ചയില്ലാത്തവരിലും നേരിയതോ മിതമായതോ ആയ വിളർച്ചയുള്ളവരിലും കുഞ്ഞിന്റെ മരണം സംഭവിച്ച ശരാശരി ഗർഭകാലം 31 ആഴ്ചയായിരുന്നു. എന്നാൽ ഗുരുതരമായ അനീമിയ ഉള്ളവരിൽ ഇത് ശരാശരി 29 ആഴ്ചയായി കുറഞ്ഞതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.ഗർഭകാലത്ത് അനീമിയയെ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വീണ്ടും ഓർമിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User