പല്ലിന് 'പണി' കൊടുക്കണോ? ബ്രഷ് ചെയ്യുമ്പോൾ നമ്മൾ വരുത്തുന്ന അബദ്ധങ്ങൾ ഇനിയെങ്കിലും മാറ്റിക്കൂടേ!...
Are You Brushing Your Teeth or Launching a War? The Danger of Aggressive Brushing
നേരം പുലരുന്നതേയുള്ളൂ, വീടിന്‍റെ പിന്നാമ്പുറത്തും മുറ്റത്തുമൊക്കെയായി വിമാനം ടേക്ക് ഓഫ് ചെയ്യുന്ന പോലെയോ അല്ലെങ്കിൽ കിണറു കുഴിക്കുന്ന പോലെയോ ഒക്കെ ഒരു ഘോരശബ്ദം കേൾക്കാം! ആരും പേടിച്ച് ഫയർഫോഴ്സിനെ വിളിക്കേണ്ട, വായയ്ക്കുള്ളിൽ മൂന്നാം ലോകമഹായുദ്ധം പ്രഖ്യാപിച്ച് ചേട്ടൻ ആവേശത്തോടെ പല്ല് തേക്കുകയാണ്!
പല്ലിലെ കറ മുഴുവൻ ഒറ്റ സ്ട്രോക്കിൽ വടിച്ചിറക്കി മാർബിൾ പോലെ പല്ലിനെ വെട്ടിത്തിളപ്പിക്കുമെന്ന പ്രതീക്ഷയിൽ, ഒരു 20 മിനിറ്റ് നേരം വായ്ക്കുള്ളിൽ ഹെവി മെറ്റൽ കച്ചേരി നടത്തുന്ന ചില 'പ്രൊഫഷൽ ബ്രഷർമാരെ' നമ്മൾ ദിവസവും കാണാറുണ്ട്. പല്ല് തേക്കുന്നതിന്റെ ഒച്ചയും ബഹളവും കണ്ടാൽ പല്ല് സ്വയം ജീവനും കൊണ്ട് വെളിയിലേക്ക് ചാടി ഓടുമെന്ന് തോന്നും!
ഇത്രയും വലിയ 'സർജിക്കൽ സ്ട്രൈക്കിന്റെ' വല്ല ആവശ്യവുമുണ്ടോ പല്ലു തേപ്പ് പ്രക്രിയയിൽ?
രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും പല്ലുതേക്കുന്നത് നമ്മുടെ ദിവസേനയുള്ള ശുചിത്വത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ, ബ്രഷ് ശക്തിയായി ഉരച്ചാൽ മാത്രമേ പല്ല് വൃത്തിയാകൂ എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. പല്ലിലെ കറ മുഴുവൻ ഒറ്റയടിക്ക് കളയാൻ ശ്രമിച്ച്, അമിതമായ ബലപ്രയോഗത്തിലൂടെ ബ്രഷ് ചെയ്യുന്നത് കേരളത്തിൽ സാധാരണയായി കാണുന്ന ഒരു ശീലമാണ്.
പല്ല് വൃത്തിയാക്കുന്നത് ഒരു ശക്തിപ്രകടനമല്ല. അമിതമായ സമ്മർദത്തോടെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ബാഹ്യ സംരക്ഷണ കവചമായ ഇനാമലിനും (Enamel) മോണയ്ക്കും ഗുരുതരമായ കേടുപാടുകൾ വരുത്താൻ ഇടയാക്കും. കൃത്യമായ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ദന്തസംരക്ഷണം എങ്ങനെ ഉറപ്പാക്കാം എന്ന് പരിശോധിക്കാം.
ബ്രഷിംഗ് ദൈർഘ്യം: എത്ര സമയം വേണം?
ദന്തവിദഗ്ധരുടെ നിർദേശപ്രകാരം ഒരു തവണ ബ്രഷ് ചെയ്യാൻ കൃത്യം 2 മിനിറ്റ് മതിയാകും.
ദീർഘനേരം ബ്രഷ് ചെയ്യുന്നത് കൂടുതൽ വൃത്തി നൽകില്ലെന്ന് മാത്രമല്ല, താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും:
-
ഇനാമൽ തേയ്മാനം: പല്ലിന്റെ കട്ടിയുള്ള പുറംപാളി തേഞ്ഞുപോകുന്നു.
-
പല്ലുപുളിപ്പ് (Sensitivity): തണുത്തതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കടുത്ത പുളിപ്പ് അനുഭവപ്പെടുന്നു.
-
മോണ പിൻവാങ്ങൽ: മോണകൾക്ക് വീക്കവും സ്ഥാനം മാറ്റവും സംഭവിക്കാം.
പല്ല് വൃത്തിയാകുന്നത് സമയ ദൈർഘ്യം കൊണ്ടല്ല, മറിച്ച് ശരിയായ ബ്രഷിംഗ് രീതിയിലൂടെയാണ്.
ശരിയായ ബ്രഷിംഗ് രീതികൾ
-
45 ഡിഗ്രി ആംഗിൾ: മോണയും പല്ലും ചേരുന്ന ഭാഗത്ത് ബ്രഷ് 45 ഡിഗ്രി കോണളവിൽ വച്ച് വേണം ബ്രഷ് ചെയ്തു തുടങ്ങാൻ.
-
മൃദുവായ ചലനങ്ങൾ: വശങ്ങളിലേക്ക് ശക്തിയായി ഉരയ്ക്കുന്നതിന് പകരം, പല്ലിന് മുകളിൽ മൃദുവായ വട്ടത്തിലുള്ള (Circular) ചലനങ്ങളിലൂടെയും മുകളിലേക്കും താഴേക്കുമുള്ള ചലനങ്ങളിലൂടെയും വേണം വൃത്തിയാക്കാൻ.
-
സോഫ്റ്റ് ബ്രഷുകൾ മാത്രം: കട്ടിയുള്ള (Hard) നാരുകളുള്ള ബ്രഷുകൾ പല്ലിനും മോണയ്ക്കും ക്ഷതമേൽപ്പിക്കും. എപ്പോഴും 'Soft' അല്ലെങ്കിൽ 'Ultra Soft' ബ്രഷുകൾ തിരഞ്ഞെടുക്കുക.
-
നാക്ക് വൃത്തിയാക്കൽ: വായ്നാറ്റത്തിന് പ്രധാന കാരണം നാക്കിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളാണ്. അതിനാൽ ബ്രഷിംഗിനൊപ്പം നാക്ക് മൃദുവായി ക്ലീൻ ചെയ്യാനും ശ്രദ്ധിക്കുക.

ദന്താരോഗ്യത്തിന് പാലിക്കേണ്ട 5 പ്രധാന ശീലങ്ങൾ
-
ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുക: രാവിലത്തെക്കാൾ പ്രധാനമാണ് രാത്രി കിടക്കുന്നതിന് മുൻപുള്ള ബ്രഷിംഗ്. രാത്രിയിൽ പല്ലിൽ തങ്ങിനിൽക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ബാക്ടീരിയ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
-
ഡെന്റൽ ഫ്ലോസിംഗ്: ബ്രഷിന്റെ നാരുകൾ എത്താത്തിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ദന്തൽ ഫ്ലോസ് ഉപയോഗിക്കുക.
-
മൂന്ന് മാസത്തിലൊരിക്കൽ ബ്രഷ് മാറ്റുക: ബ്രഷിന്റെ നാരുകൾ വളയുകയോ പഴകുകയോ ചെയ്താൽ അത് മാറ്റേണ്ട സമയമായി എന്ന് മനസ്സിലാക്കാം.
-
ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ്: പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്താനും പല്ലുക്ഷയം തടയാനും ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റുകൾ സഹായിക്കും.
-
മധുരഭക്ഷണങ്ങൾ നിയന്ത്രിക്കുക: പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും പല്ലുക്ഷയ സാധ്യത വർധിപ്പിക്കുന്നു. മധുരം കഴിച്ച ശേഷം വായ നന്നായി കഴുകുക.
ഡോക്ടറെ കാണേണ്ട അടിയന്തര സാഹചര്യങ്ങൾ
താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ ഒരു ദന്തഡോക്ടറുടെ സേവനം തേടേണ്ടതാണ്:
-
മാറാത്ത പല്ലുപുളിപ്പ്
-
മോണയിൽ നിന്നുള്ള രക്തസ്രാവം
-
കടുത്ത പല്ലുവേദന
-
നിരന്തരമായ വായ്നാറ്റം
-
പല്ലുകൾക്ക് ഇളക്കം അനുഭവപ്പെടുന്നത്
ശരിയായ സാങ്കേതികതയും ശ്രദ്ധയുമാണ് നല്ല ദന്താരോഗ്യത്തിന്റെ അടിസ്ഥാനം. ദിനചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ചിരിക്ക് ദീർഘായുസ്സ് നൽകും.
ഡിസ്ക്ലയിമർ: ഈ ലേഖനം പൊതുവായ അറിവിലേക്കായി പങ്കുവെക്കുന്നതാണ്. വ്യക്തിഗത ദന്തപ്രശ്നങ്ങൾക്കും ചികിത്സകൾക്കും യോഗ്യതയുള്ള ഒരു ദന്തവിദഗ്ധന്റെ നിർദേശം തേടുക.