റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന ആയിരം പേർ' മുതൽ 'Buy Me a Coffee' വരെ; മാധ്യമപ്രവർത്തനത്തിലെ പരിഭാഷാ അബദ്ധങ്ങളുടെ കഥ

How a Translation Mistake Can Change the Meaning of a News Story.famous translation blunders in journalism and how the 'Buy Me a Coffee' controversy highlights the importance of context, accurate translation, and responsible reporting

റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന ആയിരം പേർ' മുതൽ 'Buy Me a Coffee' വരെ; മാധ്യമപ്രവർത്തനത്തിലെ പരിഭാഷാ അബദ്ധങ്ങളുടെ കഥ

"റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന ആയിരം പേർ കനത്തമഴയിൽ ഒഴുകിപ്പോയി."

ജേണലിസം പഠിച്ചവരിൽ പലരും ഈ വാചകം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. കേൾക്കുമ്പോൾ ആദ്യം ചിരി വരും. പക്ഷേ ഒന്ന് ആലോചിച്ചാൽ മനസ്സിലാകും—ഒരു ഭാഷയെ മറ്റൊരു ഭാഷയിലേക്ക് മാറ്റുമ്പോൾ ഒരു വാക്കിന്റെ അർഥം തെറ്റിയാൽ വാർത്ത എത്ര വലിയ അബദ്ധമായി മാറുമെന്ന്.

ജേണലിസം ക്ലാസുകളിൽ വർഷങ്ങളായി പറഞ്ഞുവരുന്ന ഒരു പ്രശസ്ത ഉദാഹരണമാണിത്.

"A thousand railway sleepers were washed away in the heavy rain."

ഇവിടെ railway sleepers എന്നത് റെയിൽപ്പാളത്തിന് അടിയിൽ ഉറപ്പിച്ചു നിർത്തുന്ന കോൺക്രീറ്റ് അല്ലെങ്കിൽ മരത്തടികളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ "sleepers" എന്ന വാക്ക് മാത്രം കണ്ട് അതിനെ "ഉറങ്ങിക്കിടക്കുന്ന ആളുകൾ" എന്ന് പരിഭാഷപ്പെടുത്തിയാൽ സംഗതി വൻ അബദ്ധമാകും. വാർത്തയുടെ അർഥം പൂർണമായും മാറിപ്പോകുകയും ചെയ്യും.

ജേണലിസം ക്ലാസുകളിൽ പതിറ്റാണ്ടുകളായി കേൾക്കുന്ന മറ്റൊരു ഉദാഹരണമാണ്:

"The bus was negotiating a curve."

ചിലർ ഇത് പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്:

"വളവ് തിരിയുന്നതിനെക്കുറിച്ച് ഡ്രൈവർ കണ്ടക്ടറുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം!"

ഇവിടെ negotiating a curve എന്നാൽ വളവ് സുരക്ഷിതമായി മറികടക്കുക എന്ന അർഥത്തിലാണ്. ചർച്ച നടത്തുക എന്നല്ല. അതിലും രസകരമായ കാര്യം, യഥാർഥ വാചകത്തിൽ ഇല്ലാത്ത കണ്ടക്ടറെ വരെ സ്വന്തം ഭാവനയിൽ നിന്ന് ആനയിച്ചു എന്നതാണ്. ഈ രണ്ട് ഉദാഹരണങ്ങളും വർഷങ്ങളായി മാധ്യമപഠന ക്ലാസുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്. എന്നാൽ ഡിജിറ്റൽ കാലഘട്ടത്തിൽ അതിലും മികച്ച പുതിയ ഉദാഹരണം മലയാളികൾക്ക് മുന്നിലെത്തി—Buy Me a Coffee.

കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത Buy Me a Coffeeയെ ചൊല്ലി വലിയ രാഷ്ട്രീയ ചർച്ചകളാണ് നടന്നത്. മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള രാഷ്ട്രീയ വിമർശനങ്ങൾ ഒരു വശത്തുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം കൗതുകകരമായ മറ്റൊരു കാര്യവും ശ്രദ്ധിക്കപ്പെട്ടു. പേര് മാത്രം കേട്ട് പലരും അത് ഒരു 'കാപ്പിക്കട'യാണെന്ന ധാരണയിലെത്തി. ചില ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും "കാപ്പിക്കട ഉദ്ഘാടനം" എന്ന പ്രയോഗം വരെ പ്രത്യക്ഷപ്പെട്ടു. പക്ഷേ യാഥാർഥ്യം അതല്ല. Buy Me a Coffee ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്കും എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും അധ്യാപകർക്കും ഫോട്ടോഗ്രാഫർമാർക്കും ഗവേഷകർക്കും അവരുടെ വായനക്കാരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നേരിട്ട് സാമ്പത്തിക പിന്തുണ സ്വീകരിക്കാൻ സഹായിക്കുന്ന ഒരു ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. "എന്റെ ജോലി ഇഷ്ടപ്പെട്ടാൽ എനിക്കൊരു കപ്പ് കാപ്പി വാങ്ങിത്തരൂ" എന്ന സൗഹൃദപരമായ ആശയത്തിൽ നിന്നാണ് ഈ പേരുണ്ടാകുന്നത്. അല്ലാതെ അവിടെ ചായയോ കാപ്പിയോ ബണ്ണോ വിൽക്കുന്നില്ല.

ഇവിടെയാണ് ഭാഷയുടെ സന്ദർഭം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. നിഘണ്ടുവിലെ ആദ്യ അർഥം നോക്കി വാക്കിന് വാക്ക് പരിഭാഷപ്പെടുത്തുന്നതല്ല യഥാർഥ വിവർത്തനം. ആ വാക്ക് ഉപയോഗിച്ചിരിക്കുന്ന സാഹചര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇംഗ്ലീഷിൽ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അനവധിയുണ്ട്.

Hot dog എന്നാൽ ചൂടുള്ള നായയല്ല; ഒരു ഭക്ഷണവിഭവമാണ്.

Black box എന്നാൽ കറുത്ത പെട്ടിയല്ല; വിമാനത്തിലെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറാണ്. കൗതുകകരമായ കാര്യം, അതിന്റെ പുറംഭാഗത്തിന്റെ നിറം കറുപ്പല്ല, ഓറഞ്ചാണ്.

Dead battery എന്നാൽ മരിച്ച ബാറ്ററിയല്ല; ചാർജ് തീർന്ന ബാറ്ററിയാണ്.

Blind spot എന്നാൽ കാഴ്ചയില്ലാത്ത സ്ഥലമല്ല; ഡ്രൈവർക്ക് നേരിട്ട് കാണാൻ കഴിയാത്ത മേഖലയാണ്.

Breaking News എന്നാൽ പൊട്ടുന്ന വാർത്തയല്ല; ഇപ്പോൾ ലഭിച്ച പ്രധാന വാർത്തയാണ്. ഇത്തരം പദങ്ങൾ സന്ദർഭം നോക്കാതെ പരിഭാഷപ്പെടുത്തിയാൽ വാർത്തയിലെ മണ്ടത്തരം മറ്റുള്ളവരിൽ ചിരിക്ക് വകയൊരുക്കും. എന്നാൽ എല്ലാ തെറ്റുകളും ചിരിയിൽ അവസാനിക്കില്ല. ചിലപ്പോൾ അത് തെറ്റായ വിവരങ്ങൾ പ്രചരിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വരെ ഇടയാക്കും.

മാധ്യമപ്രവർത്തനത്തിൽ പരിഭാഷ എന്നത് ഭാഷാപരമായ കഴിവ് മാത്രമല്ല, വിഷയത്തെക്കുറിച്ചുള്ള അറിവിന്റെയും പരീക്ഷണമാണ്. സാമ്പത്തിക വാർത്ത പരിഭാഷപ്പെടുത്തുന്നയാൾക്ക് സാമ്പത്തിക മേഖലയെക്കുറിച്ചും, വാഹന വാർത്ത തയ്യാറാക്കുന്നയാൾക്ക് ഓട്ടോമൊബൈൽ സാങ്കേതികവിദ്യയെക്കുറിച്ചും, ടെക് വാർത്ത കൈകാര്യം ചെയ്യുന്നയാൾക്ക് ആഗോള ഡിജിറ്റൽ ബ്രാൻഡുകളെക്കുറിച്ചും അടിസ്ഥാന ധാരണ വേണം. വാക്കുകൾ മാത്രമല്ല, അവയുടെ പശ്ചാത്തലവും മനസ്സിലാക്കണം.

Buy Me a Coffeeയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. കോഴിക്കോട് സ്വദേശികളായ ജിജോ സണ്ണി, ജോസഫ് സണ്ണി, അലീഷ ജോൺ എന്നിവർ ചേർന്ന് തുടക്കമിട്ട ഈ പ്ലാറ്റ്ഫോം ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യൂട്യൂബർമാരും എഴുത്തുകാരും പോഡ്കാസ്റ്റർമാരും സ്വതന്ത്ര മാധ്യമപ്രവർത്തകരും ഗവേഷകരും കലാകാരന്മാരും ഉപയോഗിക്കുന്ന വലിയൊരു ക്രിയേറ്റർ-ഇക്കണോമി പ്ലാറ്റ്ഫോമാണ്. ഒറ്റത്തവണ സാമ്പത്തിക പിന്തുണ, പ്രതിമാസ അംഗത്വം, ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ സ്രഷ്ടാക്കൾക്ക് വരുമാനം കണ്ടെത്താൻ ഇത് അവസരമൊരുക്കുന്നു. പരസ്യവരുമാനത്തെ മാത്രം ആശ്രയിക്കാതെ പ്രേക്ഷകരുടെയും വായനക്കാരുടെയും പിന്തുണയോടെ പ്രവർത്തിക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.

അതുകൊണ്ടുതന്നെ, ഒരു പേരിന്റെ അർഥം മാത്രം നോക്കിയാൽ ഇതൊരു കാപ്പിക്കടയാണെന്ന് തോന്നാം. എന്നാൽ പശ്ചാത്തലം പരിശോധിച്ചാൽ ഇത് കേരളത്തിന്റെ അഭിമാനമായ ഒരു ആഗോള ടെക് വിജയകഥയാണെന്ന് മനസ്സിലാക്കാം.

വാർത്തയിൽ ഏറ്റവും അപകടകാരിയായ തെറ്റ് അക്ഷരത്തെറ്റല്ല, സന്ദർഭം മനസ്സിലാക്കാതെ അർഥം മാറ്റുന്നതാണ്. പണ്ട് "Railway sleepers" ഉറങ്ങുന്ന ആളുകളല്ലെന്ന് പഠിപ്പിച്ചതുപോലെ, ഇനി വരുന്ന ജേണലിസം വിദ്യാർഥികൾക്ക് പഠിക്കാൻ പുതിയൊരു പാഠമുണ്ട്—"Buy Me a Coffee" എന്നാൽ കാപ്പിക്കടയല്ല!

ഭാവിയിൽ ഇംഗ്ലീഷ് വാർത്തകൾ മലയാളത്തിലാക്കുമ്പോൾ നിഘണ്ടുവും പരിഭാഷാ ഉപകരണങ്ങളും മാത്രം ആശ്രയിച്ചാൽ പോരാ. വാക്കിന്റെ സന്ദർഭം എന്താണെന്നും അത് ബ്രാൻഡിന്റെ പേരാണോ, സാങ്കേതിക പദമാണോ, പ്രയോഗവാക്യമാണോ എന്നും ഒന്ന് പരിശോധിക്കാൻ കുറച്ച് സമയം കണ്ടെത്തിയാൽ മതി. ഇല്ലെങ്കിൽ നാളെ Apple പുതിയ ഫോൺ അവതരിപ്പിക്കുമ്പോൾ "ആപ്പിൾ തോട്ടത്തിൽ പുതിയ വിളവെടുപ്പ്" എന്നും, Python പ്രോഗ്രാമിങ് ഭാഷയെക്കുറിച്ചുള്ള വാർത്ത "ന്യൂസ് റൂമിൽ മലമ്പാമ്പ് കയറി" എന്നും വായിക്കേണ്ടി വരും.

അപ്പോൾ അടുത്ത ജേണലിസം ക്ലാസിൽ പരിഭാഷാ അബദ്ധത്തിന്റെ പുതിയ ഉദാഹരണമായി പറയപ്പെടുന്ന വാർത്ത ഒരുപക്ഷേ നമ്മുടേതുതന്നെയായിരിക്കും! നന്നായി ശ്രദ്ധിക്കണം ഓരോ വാർത്ത എഴുതുമ്പോഴും പറയുമ്പോഴുമെന്ന് അവനവനെ തന്നെ ഓർമിപ്പിക്കുന്ന വ്യക്തമായ ഉദാഹരണമാണ് "കാപ്പിക്കട".