ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണം; വിജിലൻസ് അന്വേഷണം പുനരാരംഭിക്കാൻ ഉത്തരവ്.
കെ.എസ്.ടി.പി. റോഡ് കരാറുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി; 2007-ൽ അവസാനിപ്പിച്ച അന്വേഷണം വീണ്ടും തുടങ്ങും
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം പുനരാരംഭിക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് നടപടി. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം.
2007-ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കുന്നതിന് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ സീ ബെൻ നേരിട്ട് തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം. എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നതായും സാജൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ആദ്യഘട്ട വിജിലൻസ് അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നില്ലെന്നാണ് പരാതി.
ജീവിച്ചിരിപ്പില്ലാത്ത ഒരാൾ പറഞ്ഞതായി മറ്റൊരാൾ ഉന്നയിക്കുന്ന വിവരം കേട്ടുകേൾവി മാത്രമാകില്ലേയെന്ന സംശയം വിജിലൻസ് ഡയറക്ടർ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് മരിച്ചയാൾ ജീവിച്ചിരിക്കെ മറ്റൊരാളോട് പറഞ്ഞ കാര്യങ്ങൾ തെളിവായി സ്വീകരിക്കാമെന്നാണ് നിയമോപദേശം ലഭിച്ചത്.
പുതിയ ഉത്തരവോടെ വർഷങ്ങൾക്കുമുമ്പ് അവസാനിപ്പിച്ച അന്വേഷണം വീണ്ടും സജീവമാകുകയാണ്. ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)