റോഡ് അഴിമതി ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം; പർവേഷ് വർമക്കെതിരെ പ്രതിഷേധം
ഡൽഹിയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും എഎപി പ്രവർത്തകനെതിരായ കയ്യേറ്റ ആരോപണവും ബിജെപിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ബിജെപി കേന്ദ്രത്തിൽ അധികാരം ഉറപ്പിച്ച അതേ കാലത്താണ് ഡൽഹി രാഷ്ട്രീയത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ഉയർന്നുവരുന്നത്. ആദ്യഘട്ടത്തിൽ പലരും ബിജെപിയുടെ ബി പാർട്ടി എന്ന് മുദ്രകുത്തിയെങ്കിലും, ബിജെപിയുടെ തന്ത്രങ്ങളെ അതേപടി ഉപയോഗിച്ച് വളർന്ന എഎപി, ഒടുവിൽ അവർക്ക് വലിയൊരു വെല്ലുവിളിയായി മാറി. ഡൽഹിയിൽ മാത്രമായി ഒതുങ്ങാതെ പഞ്ചാബിലും ഭരണം പിടിക്കുകയും ഗുജറാത്തടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് വേരുകൾ പടർത്തുകയും ചെയ്തതോടെ അത് ബിജെപിയുടെ ഉറക്കം കെടുത്തി. തങ്ങളുടെ അതേ ശൈലിയിൽ രാജ്യവ്യാപകമായി വളരുന്ന എഎപിയെ തളയ്ക്കാൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണകൂടം സകലവിധ അട്ടിമറികളും പുറത്തെടുക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ജനകീയരായ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ ജയിലിലടച്ചും, ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്തും ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ തെറ്റായ പ്രതിച്ഛായ സൃഷ്ടിച്ചാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. എന്നാൽ, ഈ തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി വൻ പ്രതിഷേധം അലയടിക്കുമ്പോൾ, ഇരട്ട എഞ്ചിൻ സർക്കാർ ഇപ്പോൾ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കൈകോർത്ത് പൊരുതുമ്പോൾ, ചാണക്യതന്ത്രജ്ഞൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷായ്ക്ക് പോലും ബിജെപിയുടെ ഈ പതനത്തെ തടയാനാകാതെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണുള്ളത്.
വർഷങ്ങളായി ഇലക്ഷൻ അട്ടിമറികളെ 'വോട്ട് ചോരി' എന്ന് വിളിച്ച് ജനങ്ങൾക്ക് മുന്നിലേക്ക് തുറന്നുകാട്ടിയ രാഹുൽ ഗാന്ധിയാണ് ഇന്ന് ഈ പ്രതിപക്ഷ മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളി. കഴിഞ്ഞ 11 വർഷമായി ബിജെപിയും കേന്ദ്ര ഭരണകൂടവും തങ്ങളുടെ സകല സജ്ജീകരണങ്ങളും പിആർ മെഷിനറികളും ഉപയോഗിച്ച് ചെയ്ത ഒരേയൊരു കാര്യം ഗാന്ധി കുടുംബത്തെയും പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെയും വ്യക്തിഹത്യ ചെയ്യുക എന്നതായിരുന്നു. സ്വാതന്ത്ര്യസമരം മുതൽ രാജ്യം ഭരിച്ച പരമ്പരയിലെ അവസാന കണ്ണിയായ, വലിയ വിദ്യാസമ്പന്നനും ഊർജ്ജസ്വലനുമായ രാഹുൽ ഗാന്ധി തങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന് തുടക്കത്തിലേ മനസ്സിലാക്കിയ ബിജെപി, 'പപ്പു' എന്ന പേരിട്ട് അദ്ദേഹത്തെ അധിക്ഷേപിക്കാനും ഡിഗ്രേഡ് ചെയ്യാനും കോടികളാണ് ചെലവഴിച്ചത്. എന്നാൽ തനിക്കെതിരെ ഉയർന്നു വന്ന സകല പരിഹാസങ്ങളെയും കാറ്റിൽപ്പറത്തി, ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ നേരിട്ടുകണ്ട്, അവരുടെ അനുഭവങ്ങൾ തൊട്ടറിഞ്ഞ്, 'വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കാം' എന്ന് പ്രഖ്യാപിച്ച് രാഹുൽ ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ഇന്ന് വർഷങ്ങൾക്കിപ്പുറം രാഹുൽ ഗാന്ധി പറയുന്ന ഓരോ വാക്കിനും രാജ്യം കാതോർക്കുകയാണ്. അധിക്ഷേപിച്ചവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്ന രാഹുലിന് ഒപ്പം നിൽക്കാൻ ഡൽഹിയിലെ എഎപി അടക്കമുള്ള പാർട്ടികൾ ഇന്ത്യ മുന്നണിയുടെ ഭാഗമായി സന്നദ്ധരായി രംഗത്തുണ്ട്. ജന്തർ മന്തറിലടക്കം ബിജെപിക്കെതിരെ ജനവികാരം അണപൊട്ടിയൊഴുകുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ മുങ്ങിത്താഴുന്ന അവസ്ഥയിലാണ് കേന്ദ്ര ഭരണകൂടം.
തോൽവി ഉറപ്പാകുമ്പോൾ ജീവനുവേണ്ടി കൈകാലിട്ടടിക്കുന്ന ആളുടെ അവസ്ഥയിലാണ് ഇന്ന് ബിജെപി എത്തിനിൽക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ നടന്ന റോഡ് പരിശോധനയ്ക്കിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾ. നിർമ്മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി എഎപി എംഎൽഎ ജർനൈൽ സിങ് ചോദ്യം ചെയ്തപ്പോൾ ബിജെപിയുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമയ്ക്ക് ഉത്തരം മുട്ടി. ഇളകിപ്പോരുന്ന റോഡിന്റെ ടാറിംഗ് കഷണങ്ങൾ കാണിച്ച് ഭരണപക്ഷത്തിന്റെ അഴിമതി തത്സമയം ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകത്തിന് മുന്നിലേക്ക് പകർത്തിയ എഎപി പ്രവർത്തകൻ സാഹിബ് സിങ്ങിന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച്, കടുത്ത പ്രകോപനത്തോടെ മന്ത്രി അദ്ദേഹത്തിന്റെ മുഖത്തടിക്കുകയാണുണ്ടായത്. നിർമ്മിച്ച റോഡുകൾ കൈകൊണ്ട് തൊട്ടാൽ പൊളിഞ്ഞു വീഴുന്ന അഴിമതിക്കഥകൾ തത്സമയം പുറത്തുവന്നതും, അതിന് പിന്നാലെ അസഹിഷ്ണുതയോടെ ഒരു മന്ത്രി പൊതുമധ്യത്തിൽ വച്ച് യുവാവിനെ ആക്രമിച്ചതും ബിജെപിയുടെ യഥാർത്ഥ മുഖം ഒന്നുകൂടി വെളിവാക്കി. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ, ബിജെപിയും കേന്ദ്രസർക്കാരും കൂടുതൽ പ്രതിരോധത്തിലായി. ചുറ്റുമതിലുകൾ ഓരോന്നായി തകർന്ന് രാജ്യവ്യാപകമായി അടിയേറ്റ് നിൽക്കുന്ന ബിജെപിക്ക് ഡൽഹിയിലെ ഈ കയ്യേറ്റ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ വലിയൊരു തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)